

തിങ്കളാഴ്ച ഏഷ്യയുടെ പിന്നാലെ യൂറോപ്യൻ ഓഹരികളും കുതിച്ചു കയറി. അമേരിക്കൻ സൂചികകൾ എടുത്തു ചാടുകയായിരുന്നു. ഡൗ ജോൺസ് സൂചിക പുതിയ റിക്കാർഡിലാണ്.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ഉണർവിലാണ്. ജപ്പാനിലെ നിക്കെെ സൂചിക ഒരു ശതമാനം കയറിയാണു വ്യാപാരം തുടങ്ങിയത്. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 14,912 ലാണു ക്ലോസ് ചെയ്തത്. ഇന്ന് ഇന്ത്യൻ വിപണി ഉയർന്നു തുടങ്ങുമെന്നാണു സൂചന.
വ്യാഴാഴ്ച ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) റഷ്യയടക്കമുള്ള മറ്റു പ്രമുഖ എണ്ണ ഉൽപാദകരുമായി നിർണായക ചർച്ച നടത്തുന്നുണ്ട്. എണ്ണ ഉൽപാദനം കൂട്ടാൻ വേണ്ടിയാണു ചർച്ച എന്നാണു റിപ്പോർട്ട്. സൗദി അറേബ്യ ഏകപക്ഷീയമായി ഉൽപാദനം കുറച്ചതു ഫെബ്രുവരിയിൽ വില കുതിക്കാൻ കാരണമായി. വിപണിയിലെ അധിക സ്റ്റോക്ക് നീങ്ങുകയും ഉപയോഗം ക്രമമായി വർധിക്കുകയും ചെയ്യുന്നതിനാൽ ഉൽപാദനം കൂട്ടണമെന്നു ശക്തമായ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ ക്രൂഡ് വില ഇടിഞ്ഞു.
ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില 63.31 ഡോളർ വരെ തന്നിട്ട് 63.69-ലേക്കു കയറി. ഡബ്ള്യുടിഐ ഇനത്തിന് 60 ഡോളറിനു താഴെയായി വില.
സ്വർണഫണ്ടുകളിൽ നിന്നു നിക്ഷേപകർ പിന്മാറുകയാണ്. വില ഔൺസിന് 1800 ഡോളറിൽ താഴെയായപ്പോഴാണ് ഈ പ്രവണത. ഇതാേടെ വില വീണ്ടും താണു. ഇന്നലെ 1719 ഡോളർ വരെ എത്തിയ വില ഇന്നു രാവിലെ 1729 ഡോളറിലാണ്.
ഡോളറിനു നിരക്ക് വർധിക്കുകയാണ്. ഇന്ത്യയിലും അതു പ്രതിഫലിച്ചു. ഇന്നലെ 73.31 രൂപ വരെ താണ ഡോളർ 73.55 രൂപയിലേക്കു കയറിയാണു ക്ലോസ് ചെയ്തത്.
കടപ്പത്രങ്ങളുടെ വില ഇന്നലെ രാവിലെ കൂടിയെങ്കിലും ഉച്ചയ്ക്കു ശേഷം ഗതി മാറി. നിക്ഷേപ നേട്ടം 6.208 ശതമാനത്തിലേക്കു കയറി.
ബിറ്റ് കോയിൻ വ്യാപാരം പുനരാരംഭിക്കുമെന്നു നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാക്സ് അറിയിച്ചത് ഡിജിറ്റൽ ഗൂഢ കറൻസിയുടെ വില വീണ്ടും 50,000 ഡോളറിനു മുകളിലാക്കി.
രാജ്യത്തു യാത്രാ വാഹന വിൽപന ഫെബ്രുവരിയിൽ 23 ശതമാനം വർധിച്ചെന്നു കമ്പനികൾ. ഫാക്ടറികളിൽ നിന്നു ഷോറൂമുകളിലേക്കുള്ള വാഹന നീക്കത്തിൻ്റെ കണക്കാണിത്. റീട്ടെയിൽ വിൽപനയുടേതല്ല. കാറുകളും എസ് യു വി കളുമായി 3,08,000 എണ്ണം കഴിഞ്ഞ മാസം ഷോറൂമുകളിലേക്കു നീങ്ങി.
ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുകി 1,44,700 വാഹനങ്ങൾ വിറ്റു. വർധന എട്ടു ശതമാനം. കമ്പനിയുടെ വിപണി പങ്ക് ജനുവരിയിലേതിൽ നിന്ന് 1.16 ശതമാനം കൂടി 46.9 ശതമാനമായി. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 53.3 ൽ നിന്നു വളരെ താഴെയാണിത്.
ഹ്യുണ്ടായിയുടെ വിൽപന 29 ശതമാനം കൂടി 51,600 ആയി. ടാറ്റാ മോട്ടോഴ്സിൻ്റെ യാത്രാ വാഹന വിൽപന ഇരട്ടിയിലേറെയായി. 119 ശതമാനം വർധിച്ച് 27,224 ലെത്തി അവരുടെ വിൽപന.
ടൊയോട്ട കിർലോസ്കറിൻ്റെ വിൽപന 36 ശതമാനം കൂടി 14,069 ആയി. പുതുമകൾ അവതരിപ്പിച്ചത് ഇന്നാേവയ്ക്കും ഫൊർച്യൂണറിനും ഡിമാൻഡ് കൂട്ടി.
കിയാ മോട്ടോഴ്സ് ഏഴു ശതമാനം നേട്ടത്തോടെ 16,702 എണ്ണം വിറ്റു. ഹോണ്ട 28 ശതമാനം കുതിപ്പോടെ 9324 കാറുകൾ വിറ്റു.
നിസാൻ മോട്ടോർ ഇന്ത്യയുടെ വിൽപന 1029-ൽ നിന്നു 4244 ലേക്കു കുതിച്ചു. ഫ്രഞ്ച് കമ്പനി റെനോയുടെ വിൽപ്പന 11,043 എണ്ണം. വർധന 26 ശതമാനം.
വാണിജ്യ വാഹന വിൽപനയിലും വളർച്ച ഉണ്ട്. ടാറ്റാ മോട്ടോഴ്സിൻ്റെ വാണിജ്യ വാഹന വിൽപന 21 ശതമാനം വർധിച്ച് 33,966 എണ്ണമായി. യാത്രാ വാഹനങ്ങൾ ഉൾപ്പെടെ വാഹന വിൽപന 51 ശതമാനം കൂടി.
അശോക് ലെയ് ലൻഡിന് 19 ശതമാനം വർധനയുണ്ട്. വിൽപന 13,703 എണ്ണം.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാണിജ്യ വാഹന വിൽപന ഫെബ്രുവരിയിൽ 70.42 ശതമാനം താണു. 19,699-ൽ നിന്ന് 11,559 ലേക്കു വിൽപന താണു.
ബജാജ് ഓട്ടോയ്ക്കു ഫെബ്രുവരിയിൽ ഏഴു ശതമാനമാണു ടൂ വീലർ വിൽപന വർധന. ആകെ വിറ്റത് 3,32,563 എണ്ണം. ഇതിൽ 1,83,629 എണ്ണം കയറ്റുമതിയാണ്.
ടൂ -ത്രീ വീലർ നിർമാതാക്കളായ ടിവിഎസ് മോട്ടോർ ഫെബ്രുവരിയിൽ 18 ശതമാനം വളർച്ച കുറിച്ചു. 2,97,747 എണ്ണമാണു വിറ്റത്. ഇതിൽ 2,84,581 - ഉം ടൂവീലറാണ്. കമ്പനിയുടെ കയറ്റുമതി 23 ശതമാനം വർധിച്ച് 1,01,789 എണ്ണമായി.
ഐഷർ മോട്ടോറിൻ്റെ റോയൽ എൻഫീൽഡിൻ്റെ വിൽപന 10 ശതമാനം വർധിച്ച് 69,659 എണ്ണമായി.
വളർച്ച പൂർവ്വസ്ഥിതിയിലാകുന്നതിനെപ്പറ്റി സർക്കാർ ധാരാളം പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്ന് കണക്കുകൾ കാണിക്കുന്നു. ബാങ്കുകളിൽ നിന്നുള്ള വായ്പകൾ കാര്യമായി വർധിക്കുന്നില്ല. നിക്ഷേപങ്ങൾ 12 ശതമാനത്തിലേറെ വർധിക്കുമ്പോൾ വായ്പാ വർധന ആറു ശതമാനത്തിനടുത്തു മാത്രം. ഫെബ്രുവരി 12-നു വായ്പാ വർധന 6.6 ശതമാനമാണ്. ജനുവരി 29-ന് ഇത് 5.9 ശതമാനമായിരുന്നു.
ഭക്ഷ്യ വായ്പകൾ ഒഴിവാക്കിയാൽ വായ്പാ വർധന 5.7 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് 8.5 ശതമാനം ഉണ്ടായിരുന്നു.
വലിയ വ്യവസായങ്ങൾ വായ്പ എടുക്കുന്നതു കുറച്ചു. തലേവർഷത്തേതിൽ നിന്നു 2.6 ശതമാനം കുറവായി അവരുടെ വായ്പ. അതേ സമയം ഇടത്തരം വ്യവസായങ്ങൾ കൂടുതൽ വായ്പ എടുത്തു. 19.1 ശതമാനം വർധന ഈ വിഭാഗത്തിലുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ക്രെഡിറ്റ് ഗാരൻ്റി (ഇസിഎൽജി എസ് ) ഇതുകൂടാൻ സഹായിച്ചു. മൊത്തം വ്യവസായ വായ്പ 1.3 ശതമാനം കുറഞ്ഞു.
വ്യക്തികളുടെ വായ്പയെടുക്കൽ താഴോട്ടു പോയി. പത്തു വർഷത്തിനിടയിലെ ഏറ്റവും താണ വർധനയായ 9.1 ശതമാനമാണു പേഴ്സണൽ ലോൺ വർധന. ഇതിൽ തന്നെ പാർപ്പിട വായ്പ 7.7 ശതമാനം മാത്രം കൂടി. 10 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വർധനയാണിത്. ക്രെഡിറ്റ് കാർഡ് വായ്പ അഞ്ചു ശതമാനമേ വർധിച്ചുള്ളു. വാഹനവായ്പ 7.1 ശതമാനം മാത്രം കൂടി. അതേ സമയം സ്വർണപ്പണയ വായ്പ 132 ശതമാനം വർധിച്ചു.
ഫെബ്രുവരിയിലെ ജിഎസ്ടി പിരിവിൽ ഏഴു ശതമാനം വർധന. 1,13,143 കോടി രൂപ കഴിഞ്ഞ മാസം ലഭിച്ചു. തുടർച്ചയായ അഞ്ചാം മാസമാണ് നികുതി ഒരു ലക്ഷം കോടിക്കു മുകളിൽ ലഭിക്കുന്നത്. ജനുവരിയിൽ 1.19 ലക്ഷം കോടി രൂപ ലഭിച്ചതാണ്.
ഇറക്കുമതിച്ചുങ്കത്തിൽ 15 ശതമാനം വർധന ഉണ്ടായി. എന്നാൽ ആഭ്യന്തര വ്യാപാരത്തിൽ നിന്നുള്ള വരുമാനം അഞ്ചു ശതമാനമേ കൂടിയുള്ളു.
ഫെബ്രുവരിയിൽ ഫാക്ടറി ഉൽപാദനത്തിൽ നേരിയ കുറവ്. എങ്കിലും ഉൽപാദനനിലവാരം തൃപ്തികരമെന്നു പിഎംഐ (പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് ). ഫെബ്രുവരിയിൽ സൂചിക 57.5. ജനുവരിയിൽ 57.7 ആയിരുന്നു.
അസംസ്കൃത പദാർഥങ്ങൾക്കും പ്രാഥമിക സംസ്കരണം കഴിഞ്ഞവയ്ക്കും വില വർധിക്കുകയാണെന്ന് സർവേ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine