പവൽ വില്ലനായി; സ്വർണം ഇടിയുന്നു; ക്രൂഡ് വീണ്ടും കുതിക്കുന്നു; വിദേശികൾ വിൽപനക്കാരായത് എന്തുകൊണ്ട്?

കേന്ദ്ര ബാങ്ക് സാരഥികൾ വളരെ കുറച്ചേ സംസാരിക്കാറുള്ളു. അവരുടെ ഓരോ വാക്കും വിപണികളെ ബാധിക്കും. എഴുതിത്തയ്യാറാക്കിയ പ്രസംഗങ്ങളിൽ നിന്ന് മാറാതെ അവർ ശ്രദ്ധിക്കുന്നത് അതു കൊണ്ടാണ്. ഇന്നലെ വോൾ സ്ട്രീറ്റ് ജേർണൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ ഫെഡറൽ റിസർവ് ബോർഡ് ചെയർമാൻ ജെറോം പവൽ നടത്തിയ പ്രസംഗം ആഗോളവിപണികളിൽ ലക്ഷക്കണക്കിനു കോടി ഡോളർ നഷ്ടമാണു വരുത്തിയത്; ഇന്നു വരുത്താനിരിക്കുന്നതും.പവലിൻ്റെ പ്രസംഗം മൂലം ഓഹരികൾ ഇടിഞ്ഞു; സ്വർണം ഇടിഞ്ഞു; കടപ്പത്രവില ഇടിഞ്ഞു; ഉൽപന്ന കമ്പോളങ്ങൾ അങ്കലാപ്പിലായി. ഡോളർ കയറി.

ഇതോടെ ഇന്നും ഇന്ത്യൻ വിപണി ഇടിവോടെ തുടങ്ങുമെന്നാണു സൂചന. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 14,953 ലാണ് അവസാനിപ്പിച്ചത്. ഇന്നു രാവിലെ ജപ്പാനിൽ ഓഹരി സൂചിക ഒന്നര ശതമാനത്തോളം താണു. ഇന്നലെ നിക്കൈ 2.3 ശതമാനം താണതാണ്.
ഇന്നലെ സെൻസെക്സ് 598.57 പോയിൻ്റ് ( 1.16 ശതമാനം) താണ് 50,846.08 ലും നിഫ്റ്റി 164.95 പോയിൻ്റ് (1.08%) താണ് 15,080.75 ലും ക്ലോസ് ചെയ്തു.

പവൽ പറഞ്ഞത്

വിപണിയിലെ ചലനങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും ഇപ്പോൾ ഇടപെടാൻ തക്ക കാര്യങ്ങളില്ലെന്നും പവൽ പറഞ്ഞു. വിപണി ക്രമരഹിതമായി നീങ്ങുകയോ ധനകാര്യ നില മോശമാകുകയോ ചെയ്താലേ ഫെഡ് ഇടപെടേണ്ടതുള്ളു എന്നും അദ്ദേഹം പറഞ്ഞു.
യു എസ് ഗവണ്മെൻ്റ് കടപ്പത്രങ്ങളുടെ വില താഴുകയും അവയിലെ നിക്ഷേപനേട്ടം ഉയരുകയും ചെയ്തതിനെ പവൽ വലിയ കാര്യമായി കണ്ടില്ല. ഇതു വിപണിയെ ഉലച്ചു.
എല്ലാവരും പ്രതീക്ഷിച്ചത് കടപ്പത്രവില വർധിപ്പിക്കാനും പലിശപ്രതീക്ഷ താഴ്ത്താനും ഫെഡ് നടപടി എടുക്കുമെന്ന പ്രഖ്യാപനമാണ്. അതുണ്ടായില്ല. സാമ്പത്തികരംഗം തിരിച്ചുകയറുമ്പോൾ അൽപം വിലക്കയറ്റം സ്വാഭാവികമാണെന്ന പവലിൻ്റെ നിലപാടും വിപണിക്കു രസിച്ചില്ല.
യു എസ് ഓഹരി സൂചികകൾ താഴോട്ടു പോയി. ഇന്നു രാവിലെ അവധിവിലകളും ഇടിവിലാണ്. വിപണികളിൽ ഒരു തിരുത്തലിന് എല്ലാ സാധ്യതകളും ഒരുങ്ങിയിട്ടുണ്ട്.

ക്രൂഡ് കുതിക്കുന്നു

പവലുമായി ബന്ധമില്ലെങ്കിലും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) എടുത്ത തീരുമാനം എണ്ണ വില കുതിച്ചു കയറാൻ ഇടയാക്കി. റഷ്യക്കും മറ്റും ക്രൂഡ് ഓയിൽ ഉൽപാദനം അൽപം കൂട്ടാൻ ധാരണ ഉണ്ടാക്കിയ ഒപെക് സൗദി അറേബ്യ ഉൽപാദനം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. ഫലം ലോക വിപണിയിൽ ക്രൂഡ് ലഭ്യത കുറയും. ഇതേ തുടർന്ന് ക്രൂഡ് വില കൂടി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 67.26 ഡോളർ കടന്നു. ഒറ്റ ദിവസം കൊണ്ട് അഞ്ചു ശതമാനത്തിലേറെ വർധന. വരും ദിവസങ്ങളിൽ വില വീണ്ടും കൂടും.

സ്വർണത്തിന് വീണ്ടും ഇടിവ്

പവലിൻ്റെ പ്രസ്താവന പണ്ടേ ദുർബലമായ സ്വർണ വിപണിയെ ഉലച്ചു. ഡോളറിൻ്റെ നിരക്കു കൂടുകയും ഓഹരികൾ ഇടിയുകയും ചെയ്തതോടെ സ്വർണ നിക്ഷേപകർ പരിഭ്രാന്തരായി. സ്വർണം ഔൺസിന് 1689 ഡോളറിലേക്കു താണു. സ്വർണ നിക്ഷേപ ഫണ്ടുകളിൽ നിന്നുള്ള പിന്മാറ്റം തുടർന്നാൽ വില കുത്തനെ താഴോട്ടു പോകാൻ ഇടയുണ്ട്. കേരളത്തിലും വില ഇടിയും.

ഡോളർ കയറുന്നു

ഇന്നലെ രാവിലെ ഉയർന്ന നിലവാരത്തിൽ തുടങ്ങിയ ഡോളർ ക്രമേണ താണു. ഒടുവിൽ 12 പൈസ മാത്രം നേട്ടത്തിൽ 72.83 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു മറ്റു കറൻസികളുമായുള്ള വ്യാപാരത്തിൽ ഡോളർ കയറ്റത്തിലാണ്. രൂപ വീണ്ടും ദുർബലമാകാം.

വിദേശികൾ വിൽപനക്കാരായി

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികളിൽ വിൽപനക്കാരായത് ഇന്നലെ ഇന്ത്യൻ സൂചികകൾ ഇടിയാൻ നിമിത്തമായി. 223.11 കോടിയുടെ ഓഹരികൾ അവർ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 788.19 കോടിയുടെ ഓഹരികൾ വിറ്റതും തകർച്ചയ്ക്ക് ആക്കം കൂട്ടി.

കടപ്പത്രങ്ങൾ വീണ്ടും താഴോട്ട്

ഇന്ത്യയിലും സർക്കാർ കടപ്പത്രങ്ങൾക്കു വില ഇടിയുകയാണ്. പത്തു വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (yield) ആറു ശതമാനത്തിൽ നിർത്താനാണ് റിസർവ് ബാങ്ക് ആഗ്രഹിക്കുന്നത്. പക്ഷേ ആഴ്ചകളായി 6.2 ശതമാനത്തിനു മുകളിലാണു നിക്ഷേപ നേട്ടം. ഇതു കൂടുമ്പോൾ കടപ്പത്ര വില താഴും. കടപ്പത്രങ്ങൾ കൈവശം വയ്ക്കുന്ന ബാങ്കുകൾക്കു നഷ്ടം വരും. ഇന്നലെ 6.26 ശതമാനം വരെ നിക്ഷേപ നേട്ടം കയറിയതാണ്.

ബ്രിട്ടീഷ് കൺസൾട്ടൻസിയെ ഏറ്റെടുത്തു വിപ്രോ

ധനകാര്യ സ്ഥാപനങ്ങൾക്കാവശ്യമായ ഐടി കൺസൾട്ടൻസി യിൽ മുൻനിര സ്ഥാപനമായ കാപ്കോയെ വിപ്രോ ഏറ്റെടുക്കുന്നു. ലണ്ടൻ ആസ്ഥാനമായുള്ള കമ്പനി സ്വന്തമാക്കാൻ വിപ്രാേ 145 കോടി ഡോളർ (10,600 കോടി രൂപ) മുടക്കും. 30 രാജ്യങ്ങളിലായി 5000-ലേറെ ബിസിനസ് - ടെക്നോളജി കൺസൾട്ടൻ്റുമാർ കാപ്കോയ്ക്കുണ്ട്.
ഈ ഏറ്റെടുക്കലോടെ ബാങ്കിംഗ് - ധനകാര്യ സർവീസ് മേഖലയിൽ സമഗ്ര സേവനത്തിനു വിപ്രോ സജ്ജമാകും. തിയറി ഡിലാപോർട്ട് സിഇഒയും എംഡിയും ആയ ശേഷമുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.

എൻബിഎഫ്സികൾ ബാങ്കുകൾക്കു ക്ഷീണം വരുത്തുമോ?

ബാങ്കിതര ധനകാര്യ കമ്പനികൾക്ക് (എൻബിഎഫ്സി) വലിയ തോതിൽ വായ്പ നൽകിയ ബാങ്കുകൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഇന്ത്യ റേറ്റിംഗ്സ്. അഞ്ചു വർഷം മുമ്പ് ബാങ്കുകളുടെ വായ്പയിൽ ആറു ശതമാനം മാത്രമായിരുന്നു എൻബിഎഫ്സി കൾക്കു നൽകിയിരുന്നത്. ഇപ്പോൾ അത് പത്തു ശതമാനമായി.
റിസർവ് ബാങ്ക് പണലഭ്യത ഉദാരമാക്കിയതുകൊണ്ട് ഇപ്പോൾ ഇതു പ്രശ്നമല്ല. എന്നാൽ പണലഭ്യത കുറയുമ്പോൾ ബാങ്കുകളും എൻബിഎഫ്സി കളും വിഷമത്തിലാകാം. എൻബിഎഫ്സി കൾക്കു നൽകിയ വായ്പയിൽ 64 ശതമാനവും പൊതു മേഖലാ ബാങ്കുകളിൽ നിന്നാണ്: ഇന്ത്യാ റേറ്റിംഗ്സ് ചൂണ്ടിക്കാട്ടി.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it