

അമേരിക്കയിലെ കടപ്പത്രങ്ങൾക്കു വില കൂടി. ഏഷ്യയിലടക്കം വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികൾക്കു ചൂടുപിടിച്ചു. ആ ഉണർവ് ഇന്ന് ആവേശകരമായ തുടക്കത്തിനും പിന്നീടു കുതിപ്പിനും കാരണമാകാം.
ഇന്നലെ സെൻസെക്സും നിഫ്റ്റിയും തുടക്കത്തിലെ ആവേശം നിലനിർത്തി. സെൻസെക്സ് 1.16 ശതമാനം നേട്ടത്തോടെ 51,025.48-ൽ എത്തി. നിഫ്റ്റി 0.95 ശതമാനം ഉയർന്ന് 15,098.4 ൽ ക്ലോസ് ചെയ്തു.
ഇന്നലെ അമേരിക്കൻ വിപണികളും ഉയർന്നു. ഡൗ ജോൺസ് വലിയ ഉയർച്ചയ്ക്കു ശേഷം ലാഭമെടുക്കൽ മൂലം ചെറിയ നേട്ടത്തിൽ ക്ലാേസ് ചെയ്തു. ടെക്നോളജി ഓഹരികൾ കരുത്തോടെ തിരിച്ചു കയറിയപ്പോൾ നാസ്ഡാക് വലിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ രാജ്യങ്ങളിൽ വിപണികൾ ഉണർവിലാണ്. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 15,236-ലാണു ക്ലോസ് ചെയ്തത്. ഇന്ന് ഇന്ത്യൻ വിപണി നല്ല ഉയരത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വിദേശനിക്ഷേപകർ ശക്തമായി ഇന്ത്യൻ വിപണിയിലേക്കു തിരിച്ചു വന്നതാണ് ചൊവ്വാഴ്ച കണ്ടത്. 2801.87 കോടി രൂപയുടെ പുതിയ ഓഹരികൾ അവർ ഇന്നലെ വാങ്ങിക്കൂട്ടി. ഈ മാസം വിദേശികളുടെ പുതിയ നിക്ഷേപത്തിൻ്റെ 80 ശതമാനം വരുമിത്. അവധി വ്യാപാരത്തിലും അവർ വാങ്ങലുകാരായിരുന്നു.
സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും ചൊവ്വാഴ്ച 1250.22 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. മ്യൂച്വൽ ഫണ്ടുകളിൽ നിന്നു നിക്ഷേപകരുടെ പിന്മാറ്റം അൽപം കുറഞ്ഞതായി സൂചനയുണ്ട്.
സാങ്കേതിക വിശകലനക്കാർ പ്രതീക്ഷയിലാണ്. നിഫ്റ്റി ഇപ്പോഴത്തെ അടിത്തറ ഭദ്രമാക്കിയെന്നും ഇനി 15,170-15,250 മേഖലയിലെ തടസം മറികടന്നാൽ വലിയ കുതിപ്പ് സാധിക്കുമെന്നും അവർ പറയുന്നു. 15,000 ശക്തമായ പിന്തുണ നല്കും.
വിശകലനങ്ങൾ എന്തായാലും വിപണിക്ക് ഊർജം പകരുന്ന പണം വീണ്ടും വലിയ തോതിൽ വരുന്നുണ്ട്. അത് ഈ ദിവസങ്ങളിൽ പുതിയ ഉയരത്തിലേക്കു സൂചികകളെ എത്തിക്കും.
അമേരിക്കയിൽ പലിശ ഉടനെ കൂട്ടില്ലെന്നു ഫെഡറൽ റിസർവ് ആവർത്തിച്ചു പറഞ്ഞത് കടപ്പത്ര വിപണിയെ അൽപം ആശ്വസിപ്പിച്ചു. 10 വർഷ കടപ്പത്രത്തിൻ്റെ നിക്ഷേപം നേട്ടം 1.5281 ശതമാനത്തിലേക്കു താണു. കഴിഞ്ഞയാഴ്ച 1.6 ശതമാനത്തിനു മുകളിലെത്തിയതാണ്.
ഇന്ത്യയിലും കടപ്പത്ര വില ഇന്നലെ കൂടി. പ്രതീക്ഷിക്കുന്ന നിക്ഷേപ നേട്ടം 6.209 ശതമാനത്തിലേക്കു താണു. ഇന്നു വീണ്ടും കടപ്പത്ര വില ഉയരുമെന്നാണു സൂചന. അതു ബാങ്കുകൾക്കും ധനകാര്യ കമ്പനികൾക്കും നേട്ടമാകും. ഇന്നലെ ബാങ്ക് ഓഹരികൾ നല്ല ഉയർച്ച കാണിച്ചു.
കടപ്പത്ര വിലയിടിവ് കഴിഞ്ഞ ദിവസങ്ങളിൽ കടപ്പത്രങ്ങളും ബോണ്ടുകളും ഇറക്കിയ കമ്പനികളെ കൂടുതൽ പലിശ ഓഫർ ചെയ്യാൻ നിർബന്ധിതരാക്കി.
വിലക്കയറ്റ ആശങ്കകൾ ശമിപ്പിച്ചു കൊണ്ട് ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില താണു. നാളെ അമേരിക്കയിലെ ക്രൂഡ് സ്റ്റോക്ക് താഴോട്ടു പോകുന്നില്ലെങ്കിൽ വിലകൾ കാര്യമായ മാറ്റമില്ലാതെ തുടരും. ബ്രെൻറ് ഇനം 67.52 ഡോളറിലാണ്.
സ്വർണം ശക്തമായി തിരിച്ചു കയറി. കടപ്പത്ര വില കൂടുകയും പലിശ പ്രതീക്ഷ താഴുകയും ചെയ്തതു വിപണി മനാേഭാവം മാറ്റി. ഒറ്റ ദിവസം കൊണ്ടു വില രണ്ടര ശതമാനം ഉയർന്നു. ഔൺസിന് 1720 ഡോളറിലാണ് ഇന്നു രാവിലെ അന്താരാഷ്ട്ര വില. കേരളത്തിൽ ഇന്നു സ്വർണ വിലയിൽ ഗണ്യമായ വർധന ഉണ്ടാകും.
ഡിജിറ്റൽ ഗൂഢകറൻസി ബിറ്റ് കോയിൻ വില 56,000 ഡോളറിലേക്കു തിരിച്ചു കയറി. പുതിയ വലിയ നിക്ഷേപകർ ഡിജിറ്റൽ കറൻസികളിലേക്കു വരുന്നതാണു കാരണം.
ഏപ്രിലിൽ തുടങ്ങുന്ന ധനകാര്യ വർഷം ഇന്ത്യ 12.6 ശതമാനം ജിഡിപി വളർച്ച നേടുമെന്ന് ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡവലപ്മെൻറ്). ഐഎംഎഫ് അടക്കമുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ നിഗമനത്തേക്കാൾ കൂടുതലാണിത്. മാർച്ച് 31 നവസാനിക്കുന്ന വർഷം ഇന്ത്യയുടെ ജിഡിപി 7.4 ശതമാനം ചുരുങ്ങുമെന്ന് സംഘടന കരുതുന്നു. ഡിസംബറിൽ സംഘടന പ്രവചിച്ചത് ഇന്ത്യ 9.9 ശതമാനം ചുരുങ്ങുമെന്നാണ്. 2022-23ൽ ഇന്ത്യ 5.4 ശതമാനം വളരുമെെന്നാണ് അവരുടെ നിഗമനം.
ചൈന, ഇന്ത്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ കോവിഡിനു മുമ്പത്തെ നിലയിലേക്ക് എത്തിയെന്ന് ഒഇസിഡി വിലയിരുത്തി. ഈ രാജ്യങ്ങളൊക്കെ ബജറ്റ് നടപടികളും കേന്ദ്ര ബാങ്ക് നടപടികളും വഴി സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകർന്നു.
കഴിഞ്ഞ വർഷം ആഗോള ജിഡിപി 3.4 ശതമാനം കുറഞ്ഞിരുന്നു. ആഗോള ജിഡിപി 2021-ൽ 5.6 ശതമാനവും 2022 ൽ നാലു ശതമാനവും വളരുമെന്നാണ് ഒഇസിഡി നിഗമനം. എന്നാൽ വീണ്ടും മഹാമാരി വ്യാപനമുണ്ടാവുകയോ വാക്സിസിനേഷൻ അമാന്തിക്കുകയോ ചെയ്താൽ ആഗോള വളർച്ച ഇക്കൊല്ലം 4.5ഉം അടുത്ത വർഷം 2.75ഉം ശതമാനമായി കുറയും.
കഴിഞ്ഞ വർഷം 3.5 ശതമാനം ചുരുങ്ങിയ യു എസ് ജിഡിപി ഇക്കൊല്ലം 6.5 ശതമാനം വളരും; അടുത്ത വർഷം നാലു ശതമാനം.
2020-ൽ 2.3% വളർന്ന ചൈന ഇക്കൊല്ലം 7.8-ഉം 2022-ൽ 4.9 ഉം ശതമാനം വളരും.
കഴിഞ്ഞ വർഷം 9.9% ചുരുങ്ങിയ ബ്രിട്ടൻ ഇക്കൊല്ലം 5.1 ഉം 2022-ൽ 4.7 ഉം ശതമാനം വളർച്ച നേടും.
2020-ൽ 4.8% ചുരുങ്ങിയ ജപ്പാൻ ഇക്കൊല്ലം 2.7 ഉം 2022 ൽ 1.8 ഉം ശതമാനം ഉയരും.
2021-22-ൽ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളരുമെന്നു റേറ്റിംഗ് ഏജൻസി ക്രിസിൽ കണക്കാക്കുന്നു. 2022 മാർച്ചോടെ ജിഡിപി 2019- 20 ലെ ജിഡിപിയേക്കാൾ രണ്ടു ശതമാനം മാത്രം അധികമായിരിക്കുമെന്നും അവർ കണക്കാക്കി. കോവിഡിനു മുമ്പുള്ള തോതിൽ വളർന്നിരുന്നെങ്കിൽ ഉണ്ടാകാമായിരുന്ന ജിഡിപിയെക്കാൾ പത്തു ശതമാനം കുറവായിരിക്കും അപ്പോഴത്തെ ജിഡിപി.
2022 മുതൽ 2025 വരെയുള്ള മൂന്നു വർഷം ഇന്ത്യയുടെ ശരാശരി വളർച്ച 6.3 ശതമാനമായിരിക്കുമെന്ന് അവർ നിഗമിക്കുന്നു. ഇതു 2022 വരെയുള്ള മൂന്നു വർഷത്തെ ശരാശരിയായ 5.8 ശതമാനത്തേക്കാൾ കൂടുതലാണ്. എന്നാൽ കോവിഡ് വരും മുമ്പുള്ള പത്തു വർഷം രാജ്യത്തു ശരാശരി 6.7 ശതമാനം വളർച്ച ഉണ്ടായിരുന്നെന്നു ക്രിസിൽ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരിയിൽ കാർ അടക്കമുള്ള യാത്രാ വാഹനങ്ങളുടെ വിൽപന 10.59 ശതമാനം വർധിച്ചു. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) ശേഖരിച്ച ചില്ലറ വിൽപന കണക്കിലാണ് ഇത്. ഫെബ്രുവരിയിൽ വിറ്റ യാത്രാവാഹനങ്ങളുടെ എണ്ണം 2,54,058.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബി എസ് സിക്സിലേക്കുള്ള മാറ്റം മൂലം വിൽപന കുറവായിരുന്നു. കുറഞ്ഞ അടിത്തറയോടു താരതമ്യപ്പെടുത്തിയാണു പത്തു ശതമാനത്തിലേറെ വർധന.
എന്നാൽ ഇരുചക വാഹന വിൽപനയിൽ 16 ശതമാനം ഇടിവു വന്നതിനാൽ മൊത്തം വാഹന വിൽപന 13.43 ശതമാനം ഇടിഞ്ഞു.
ടൂ വീലർ വിൽപന 10,91,288 എണ്ണത്തിലേക്കു കുറഞ്ഞു. വാണിജ്യ വാഹന വിൽപന 29.53 ശതമാനം താണ് 59,020 ആയി. ത്രീവീലർ വിൽപന 49.65 ശതമാനം താണ് 33,319 ആയി.
ഫാഡ ശേഖരിക്കുന്ന കണക്ക് യഥാർഥ റീട്ടെയിൽ വിൽപനയുടേതാണ്. കമ്പനികൾ പുറത്തു വിടുന്നതാകട്ടെ ഫാക്ടറിയിൽ നിന്നു ഷോറൂമിലേക്കു നീക്കുന്നവയുടെ കണക്കാണ്..
Read DhanamOnline in English
Subscribe to Dhanam Magazine