കോവിഡും പലിശപ്പേടിയും വീണ്ടും; ക്രൂഡ് വില ഇടിഞ്ഞത് എന്തുകൊണ്ട്? ഫ്യൂച്ചറിനു കോടതിയിൽ തിരിച്ചടി; കേന്ദ്രബാങ്കുകളും കമ്പോളങ്ങളും തമ്മിലടിച്ചാൽ?

കോവിഡും പലിശപ്പേടിയും വിപണികളെ വീണ്ടും തളർത്തുന്നു. അമേരിക്കൻ സൂചികകൾ താഴോട്ടു പോയതും ഏഷ്യൻ വിപണികൾ രാവിലെ ഇടിഞ്ഞതും ഇന്ന് ഇന്ത്യൻ വിപണിയുടെ തുടക്കം താഴ്ചയിലാക്കും. എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ 14,488-ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റിയുടെ ക്ലോസിംഗായ 14557.85 നേക്കാൾ താഴെയാണിത്.

വ്യാഴാഴ്ച നല്ല ഉണർവാേടെ തുടങ്ങിയ ഇന്ത്യൻ വിപണി യൂറോപ്പിലെ വ്യാപാരത്തുടക്കത്തോടെയാണ് ഇടിഞ്ഞത്. വലിയ താഴ്ചയിൽ നിന്നു കയറിയെങ്കിലും സൂചികകൾ 1.1 ശതമാനം ഇടിവ് കാണിച്ചു. നിഫ്റ്റിക്കു താഴെ 14,400-ലും 14,240-ലുമാണു പിന്തുണയെന്നു സാങ്കേതിക വിശകലനക്കാർ പറയുന്നു.

വിദേശികൾ വാങ്ങുന്നു

തുടർച്ചയായ അഞ്ചാം ദിവസവും താഴോട്ടു പോയ ഇന്ത്യൻ വിപണി ഉയർച്ചയ്ക്കു സഹായകമായ കാര്യങ്ങൾ ഇപ്പോൾ മുന്നിൽ കാണുന്നില്ല. വിദേശികൾ വാങ്ങലുകാരായിട്ടും വിപണി താഴുകയാണെന്ന വൈരുദ്ധ്യവുമുണ്ട്. ഇന്നലെ വിദേശികൾ 1258.42 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി സ്ഥാപനങ്ങൾ 1116.17 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. കഴിഞ്ഞ മൂന്നു ദിവസവും വിദേശ നിക്ഷേപകർ വിപണിയിൽ വാങ്ങലുകാരായിരുന്നു.

വീണ്ടും കോവിഡ്

കോവിഡ് ഇന്ത്യയിൽ രണ്ടാമതൊരു വ്യാപനത്തിൻ്റെ ഘട്ടത്തിലാണെന്ന് ഏറെക്കുറെ വ്യക്തമായി. വാക്സിനേഷൻ തുടങ്ങിയതോടെ ജാഗ്രത കുറഞ്ഞതാണു കാരണമെന്നു കരുതപ്പെടുന്നു. ഒട്ടേറെ നഗരങ്ങളിലും ജില്ലകളിലും നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തേണ്ടി വന്നു. ഇതു സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കും.
യൂറോപ്പിലും കോവിഡ് വ്യാപനത്തോത് ഉയർന്നു നിൽക്കുന്നു. അവിടെ പല രാജ്യങ്ങളിലും വാക്സിനേഷൻ നിർത്തിവച്ചിരിക്കുകയാണ്. അസ്ട്രാ സെനക്കായുടെ വാക്സിൻ രക്തം കട്ടപിടിപ്പിക്കുന്നതായി കണ്ടതാണു പ്രശ്നം. വാക്സിൻ ലഭ്യത കുറവായതിൻ്റെ പ്രശ്നവും യൂറോപ്പിൽ ഉണ്ട്.

പലിശപ്പോര്

പലിശക്കാര്യത്തിൽ കേന്ദ്ര ബാങ്കുകൾ യാഥാർഥ്യത്തെ അംഗീകരിക്കാൻ മടിക്കുകയാണെന്ന് കമ്പോളം കരുതുന്നു. അമേരിക്കയിലും ഇന്ത്യയിലും ജപ്പാനിലുമെല്ലാം കേന്ദ്ര ബാങ്കുകൾ പലിശ കൂടില്ലെന്ന വിശ്വാസത്തിലാണ്. കമ്പോളം മറിച്ചും.
ഇന്ത്യയിൽ 10 വർഷ സർക്കാർ കടപ്പത്രത്തിൻ്റെ നിക്ഷേപനേട്ടം 6.2 ശതമാനത്തിലധികമായി. അമേരിക്കയിൽ ഇത് 1.75 ശതമാനത്തിലെത്തി. ഇതു രണ്ടു ശതമാനത്തിലേക്കുയരുമെന്നും വിപണികൾ വൻ തകർച്ച നേരിടുമെന്നും പലരും ഭയപ്പെടുന്നു.

ക്രൂഡ് ഇടിഞ്ഞു

കോവിഡ്, പലിശ വിഷയങ്ങൾ ക്രൂഡ് ഓയിൽ വില ഇടിച്ചു. ഏഴര ശതമാനം ഇടിവാണ് ഇന്നലെ ബ്രെൻ്റ് ഇനത്തിനുണ്ടായത്. ബ്രെൻ്റ് ഇനം 63 ഡോളറിനു താഴെയായി. ഡബ്ള്യുടിഐ ഇനം 60 ഡോളറിനു താഴെയെത്തി.
യൂറോപ്പിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും വാക്സിനേഷൻ വൈകുന്നതും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും ഇന്ധന ഉപയോഗത്തിൽ കാര്യമായ വർധന ഉണ്ടാകില്ലെന്നും വിപണി കരുതുന്നു.
യു എസ് ഫെഡ് തീരുമാനത്തെ തുടർന്ന് ഉയർന്ന സ്വർണവില ഇന്നലെ താഴോട്ടു നീങ്ങി. 1732 ഡോളറിലാണ് ഇന്നു സ്വർണം. പലിശനിരക്കു കൂടുന്ന പക്ഷം സ്വർണ വില വീണ്ടും താഴും. പലിശ ഉയരുന്നതു ഡോളറിൻ്റെ നിരക്കു കൂട്ടും.

ഫ്യൂച്ചർ റീട്ടെയിലിന് എതിരേ വിധി

ഫ്യൂച്ചർ റീട്ടെയിലിൻ്റെ വ്യാപാരം ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിലിൻ്റെ നീക്കത്തിനു വലിയ തിരിച്ചടി. ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് ഫ്യൂച്ചർ- റിലയൻസ് ഇടപാട് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചത്. സിംഗപ്പുരിലെ സ്വകാര്യ ആർബിട്രേഷൻ ട്രൈബ്യൂണലിൻ്റെ വിധിയെ ശരിവച്ചു. ഫ്യൂച്ചർ ഉടമ കിഷോർ ബിയാനിയെയും ഡയറക്ടർമാരെയും മൂന്നു മാസം സിവിൽ ജയിലിൽ പാർപ്പിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. 20 ലക്ഷം രൂപ പിഴയും വിധിച്ചു. ആമസോണിൻ്റെ എതിർപ്പ് മറികടന്ന് റിലയൻസിനു വിൽപന നടത്തിയതാണ് നിയമവിരുദ്ധമായി കണ്ടെത്തിയത്.
സിംഗപ്പുർ വിധിയെ ഇതേ ബെഞ്ച് മുമ്പ് ഇടക്കാല വിധിയിൽ ശരി വയ്ക്കുകയും ഇടപാടിനെ വിലക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തേത് ജസ്റ്റീസ് ജെ.ആർ.മിർധയുടെ അന്തിമ വിധിയാണ്. നേരത്തേ സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ നിന്നു ഫ്യൂച്ചർ ഗ്രൂപ്പ് സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേക്കെതിരേ ആമസോണിൻ്റെ ഹർജി സുപ്രീം കോടതിയിലുണ്ട്.

കേന്ദ്രബാങ്കുകളും കമ്പോളവും പോരടിക്കുമ്പോൾ

കേന്ദ്ര ബാങ്കുകളും കമ്പോളവും പോരടിക്കാൻ ഒരുങ്ങുന്നതാണു കാണുന്നത്. വിഷയം പലിശ. സർക്കാരുകൾ ഭീമമായ കമ്മി വരുത്തി. അതിനു പകരം ഭീമമായി കടമെടുക്കുന്നു. ഇതു സ്വാഭാവികമായും പലിശ നിരക്ക് ഉയർത്താൻ കാരണമാകും.
കമ്പോളം ഇക്കാര്യത്തിലെ ആശങ്ക പലപ്പോഴായി പ്രകടിപ്പിച്ചു. സർക്കാരുകളുടെ കടപ്പത്രവില താഴ്ത്തി. കടപ്പത്രത്തിനു വില താഴുമ്പോൾ അതിലെ നിക്ഷേപത്തിനു കിട്ടാവുന്ന നേട്ടം (Yield) കൂടും. നിക്ഷേപനേട്ടം കൂടിയാൽ കമ്പനികളും മറ്റും കടപ്പത്രമിറക്കുമ്പോൾ കൂടുതൽ പലിശ നൽകണം. വായ്പാ പലിശയും കൂടും. പൊതുവേ പലിശ നിരക്കു കൂടുന്നത് കമ്പനികളുടെ ലാഭം കുറയ്ക്കും. ഓഹരി വില ഇടിയും.
കമ്പോള ആശങ്കകളെപ്പറ്റി ചോദിച്ചപ്പോൾ വലിയ കാര്യമൊന്നും ഇല്ലല്ലോ എന്ന മട്ടിലാണു രണ്ടാഴ്ച മുമ്പ് അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ പ്രതികരിച്ചത്. അതു വിപണി പ്രവർത്തകർക്കു രസിച്ചില്ല. എങ്കിലും ഫെഡ് പണനയ കമ്മിറ്റി കുറേക്കൂടി യാഥാർഥ്യബോധം കാണിക്കുമെന്നു കമ്പോളം പ്രതീക്ഷിച്ചു.
കമ്മിറ്റി യോഗം കഴിഞ്ഞപ്പോഴും നയം മാറ്റമില്ല. മൂന്നു വർഷത്തേക്കു പലിശ കൂട്ടേണ്ട കാര്യമില്ലെന്നു കമ്മിറ്റി വിലയിരുത്തി.
ഇതാണ് ഇപ്പോൾ കമ്പോളത്തിനു രസിക്കാത്തത്. ഭീമമായ കമ്മിയും അതിനു വേണ്ട കടമെടുപ്പും പലിശ വർധിപ്പിക്കാതെ എങ്ങനെ കൈകാര്യം ചെയ്യും? പലിശ കൂട്ടാതെ നോക്കിയാൽ വിപണിയിലെ പണലഭ്യത അമിതമായി കൂട്ടണം. അതു പണപ്പെരുപ്പത്തിനും അതുവഴി പലിശ വർധനയ്ക്കും വഴിതെളിക്കും.

എന്തായാലും പലിശ കൂടും. അതു കമ്പോളം മുമ്പേ പറയുന്നു.

കമ്പോളത്തോടു പൊരുതി ജയിക്കാൻ ഫെഡിനോ കേന്ദ്ര ബാങ്കുകൾക്കോ കഴിയില്ലെന്നതു പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. 2013-ൽ യു എസ് ഫെഡ് കടപ്പത്രം തിരിച്ചു വാങ്ങൽ നിർത്താൻ സമയമായെന്നു പറഞ്ഞു. കമ്പോളം വിയോജിച്ചു. ഓഹരി വിലകൾ ഇടിഞ്ഞു; കറൻസി വിപണികൾ അങ്കലാപ്പിലായി; കടപ്പത്ര വിലകൾ തകിടം മറിഞ്ഞു. ഒടുവിൽ ഫെഡ് പിന്മാറി. ഉടനെങ്ങും കടപ്പത്രം തിരിച്ചു വാങ്ങൽ നിർത്തില്ലെന്നറിയിച്ചു. (ഇപ്പോഴും കടപ്പത്രം തിരിച്ചു വാങ്ങൽ തുടരുന്നു).
2018 - ൽ നാലു തവണ പലിശ കൂട്ടിയ ഫെഡ് ഇനിയും കൂട്ടുമെന്നാണു നാലാം തവണ പറഞ്ഞത്. വിപണി അശാന്തമായതോടെ ഫെഡ് നിരക്കുകൂട്ടൽ മാറ്റി. 2019 -ൽ നിരക്ക് കുറച്ചു.
പണപ്പെരുപ്പവും പലിശയും കൂടുമെന്ന വിലയിരുത്തലിനെ ഫെഡ് നിരാകരിച്ചപ്പോൾ സർക്കാർ കടപ്പത്രങ്ങളുടെ വിലയിടിച്ചു കൊണ്ടാണു കമ്പോളം പ്രതികരിച്ചത്. 6.17 ശതമാനത്തിൽ നിന്ന് രണ്ടുനാൾ കൊണ്ട് ഇന്ത്യയിൽ 10 വർഷ കടപ്പത്രത്തിൻ്റെ നിക്ഷേപം നേട്ടം 6.2 ശതമാനത്തിനു മുകളിലായി. അമേരിക്കയിലും അതു തന്നെ സംഭവിച്ചു.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it