ഓഹരി വിപണിയിൽ ഉത്സാഹം നിറയ്ക്കാൻ കാരണങ്ങൾ ഏറെ, ഡോളർ ഇടിയുന്നതിനു പിന്നിലെ രഹസ്യം; ഇറാനും ക്രൂഡും തമ്മിൽ എന്ത്?

വിദേശികൾ വീണ്ടും വാങ്ങലുകാരായി. ഇറാനും അമേരിക്കയും ധാരണയിലെത്തുമോ? ടാറ്റ മോട്ടോഴ്സ് വരും പാദങ്ങളിൽ മിന്നുമോ?
stock market analysis june 22, 2021 by tc matehw
Published on

വിപണിയെ അലോസരപ്പെടുത്താൻ കാര്യങ്ങളൊന്നുമില്ല. ഡോളറിൻ്റെ വിനിമയ നിരക്ക് കുറയുന്നു; ക്രൂഡ് ഓയിൽ വില വീണ്ടും താഴുന്നു; കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ തളർന്ന സമ്പദ്ഘടനയെ ഉയർത്താൻ നടപടികൾ ഉണ്ടാകുമെന്നു റിസർവ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. വിപണിയെ ഉത്സാഹിപ്പിക്കാൻ കാര്യങ്ങൾ ഏറെയുണ്ട്. വിദേശ ഫണ്ടുകൾ വീണ്ടും വാങ്ങലുകാരായി എന്ന സന്തോഷം പുറമെയും.ഈ മാസം 28നു ചേരുന്ന ജി എസ് ടി കൗൺസിൽ യോഗം നികുതിയിളവ് പരിഗണിക്കുമെന്ന സൂചനയും വിപണിയെ സന്തോഷിപ്പിക്കും.

ഇന്നലെ മുഖ്യസൂചികകൾ 1.24 ശതമാനം വീതം ഉയർന്നു. തുടക്കത്തിൽ 50,000 കടന്ന സെൻസെക്സിനു പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 50,200-നു മുകളിൽ ക്ലോസ് ചെയ്യാൻ കഴിഞ്ഞില്ലെന്നു മാത്രം. നിഫ്റ്റി 15,000-നു മുകളിൽ ക്ലോസ് ചെയ്തപ്പോൾ ചില പ്രധാന തടസങ്ങൾ മറികടന്നിട്ടുണ്ട്.

ലാഭമെടുക്കലിൻ്റെ സമ്മർദം വരുന്നില്ലെങ്കിൽ നിഫ്റ്റിക്ക് 15,450-15,500 മേഖലയിലേക്ക് മുന്നേറാം എന്നാണു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നത്. 15,200-15,350 മേഖലയിലെ തടസങ്ങൾ മറികടക്കണം. 15,000 പുതിയ സപ്പോർട്ട് മേഖലയാണ്.

മുഖ്യ സൂചികകളേക്കാൾ മികച്ച വളർച്ച ഇന്നലെ മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾക്കുണ്ടായി. മിഡ് ക്യാപ് 1.83 ശതമാനവും സ്മോൾ ക്യാപ് 1.59 ശതമാനവും ഉയർന്നു.

വിദേശഫണ്ടുകൾ വാങ്ങലുകാരായി

വിദേശ സ്ഥാപനങ്ങളും ഫണ്ടുകളും വീണ്ടും ഓഹരികളിൽ നിക്ഷേപിച്ചു. ഇന്നലെ 618 കോടിയാണു വിദേശികൾ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 450 കോടിയുടെ നിക്ഷേപം നടത്തി. വിദേശ ഫണ്ടുകൾ ഈ മാസം ഇതു വരെ നാലു ദിവസമേ ഓഹരികൾ വാങ്ങിക്കൂട്ടിയുള്ളു. ഈ മാസം ഇതു വരെ അവർ 10,350 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു.

ഡോളറിനു ക്ഷീണം

ഇന്നലെ യൂറോപ്യൻ, അമേരിക്കൻ വിപണികൾ താഴോട്ടു പോയി. യു എസ് സൂചികകളുടെ ഫ്യൂച്ചേഴ്‌സും താഴോട്ടാണ്. വിലക്കയറ്റഭീതിയാണ് വിപണിയിൽ ഉള്ളത് . കേന്ദ്ര ബാങ്കുകൾ എന്തു പറഞ്ഞാലും വിപണിയിലേക്ക് അമിത പണം എത്തുമ്പോൾ വിലക്കയറ്റവും പലിശ വർധനയും അനിവാര്യമാണെന്നു കമ്പോളത്തിൽ ഒരു വിഭാഗം കരുതുന്നു.

ഈ ധാരണയാണ് ഡോളർ സൂചിക 90- നു താഴെയാകാൻ കാരണം. യൂറോയക്ക് 1.22 ഡോളർ നൽകണം. ഇന്നലെ രൂപയ്ക്കു കയറ്റം തുടരാൻ സാധിച്ചതും ഇതു കൊണ്ടാണ്. 72.96 രൂപയിലേക്കു ഡോളർ താണ ശേഷം 73.05 രൂപയിൽ ആണു ക്ലോസ് ചെയ്തത്. രൂപയുടെ ഉയർച്ചയ്ക്കു റിസർവ് ബാങ്കിൻ്റെ ഇടപെടൽ ഉണ്ടായിരുന്നില്ല.

ഏഷ്യൻ വിപണികൾ ദുർബലം

ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ദുർബലമായി. അമേരിക്കൻ കാറ്റ് ജപ്പാനിലെ നിക്കെെ സൂചികയെ തുടക്കത്തിൽ ഒന്നര ശതമാനത്തിലേറെ താഴോട്ടു തള്ളി.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ (എസ്ജിഎക്സ് ) ഇന്നലെ 15,115-ലാണു ക്ലോസ് ചെയ്തത്. ഇന്നു തുടർ മുന്നേറ്റമാണു ഡെറിവേറ്റീവ് വിപണി പ്രതീക്ഷിക്കുന്നത്.

ക്രൂഡ് വില താഴോട്ട്

ഇറാനും അമേരിക്കയുമായി നടക്കുന്ന ചർച്ചകൾ ചില ധാരണകളിലേക്കു നയിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ധാരണയായാൽ ഇറാൻ്റെ എണ്ണ കയറ്റുമതിക്കുള്ള വിലക്കു നീങ്ങും. അതു വിപണിയിൽ ക്രൂഡ് ലഭ്യത കൂട്ടും. ഇന്നലെ വീപ്പയ്ക്ക് 70 ഡോളറിനു മുകളിൽ കയറിയ ക്രൂഡ് വില ഇന്ന് 68.21 ഡോളറിലേക്കു താണത് ഈ റിപ്പോർട്ടുകളെ തുടർന്നാണ്. ഇറാൻ- യു എസ് ധാരണ ഉണ്ടായാൽ ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില 60 ഡോളറിനു താഴോട്ടു നീങ്ങുമെന്നു ചില നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു വിലയിടിവ് അനുഗ്രഹമാകും.

ഡോളർ നിരക്ക് കുറഞ്ഞെങ്കിലും സ്വർണ വില അൽപം താഴോട്ടു നീങ്ങുകയാണു ചെയ്തത്. ഔൺസിന് 1874 ഡോളർ വരെ കയറിയ സ്വർണം ഇന്നു രാവിലെ 1869 ഡോളറിലാണ്.

ബിറ്റ്കോയിൻ വീണ്ടും ഇടിവിൽ

ഡിജിറ്റൽ ഗൂഢ കറൻസി ബിറ്റ്കോയിൻ 43,000 ഡോളറിനു താഴെയായി. ഗൂഢ കറൻസികൾക്കെതിരെ ചൈനയുടെ കേന്ദ്ര ബാങ്ക് പ്രസ്താവന ഇറക്കിയതാണ് പുതിയ സംഭവം. എന്നാൽ ഡിജിറ്റൽ കറൻസികളിൽ വലിയ നിക്ഷേപം നടത്തിയിട്ടുള്ള അതിസമ്പന്നർ ഏതെങ്കിലും രാജ്യത്ത് ഇവയ്ക്ക് അംഗീകാരം കിട്ടാനുള്ള സമ്മർദ തന്ത്രങ്ങൾ തുടരുകയാണ്.

കോവിഡ് ആശ്വാസം

കോവിഡിൻ്റെ രണ്ടാം തരംഗം താഴോട്ടു നീങ്ങുന്നതായി സർക്കാർ അവകാശപ്പെടുന്നുണ്ട്. വലിയ വ്യാപനം നടന്ന മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗ ബാധ കുറഞ്ഞതാണ് ആശ്വാസകരമായത്. എന്നാൽ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടി വരികയാണ്. മരണ നിരക്കും വർധിക്കുന്നുണ്ട്. ഇന്നു രാജ്യത്തു പ്രതിദിന രോഗബാധ അൽപം കൂടി. മരണനിരക്ക് 4500-നു മുകളിലെത്തി.

കോവിഡ് മൂലം ബുദ്ധിമുട്ടിലായ വിഭാഗങ്ങളെ സഹായിക്കാൻ വീണ്ടും നടപടികൾ ഉണ്ടാകുമെന്നു റിസർവ് ബാങ്ക് പറഞ്ഞിട്ടുണ്ട്. ഏതു മേഖലകളെയാണു സഹായിക്കുക എന്നു വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സർക്കാർ ഇതുവരെ പുതിയ നടപടികൾ ഒന്നും പ്രഖ്യാവിച്ചിട്ടില്ല. 28-നു ജി എസ് ടി കൗൺസിൽ ചേരുമ്പോൾ ആശ്വാസ നടപടികൾ ആലോചിക്കുമെന്നു എം കോടതിയിൽ കേന്ദ്രം പറഞ്ഞിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട സാധനങ്ങൾക്കു മാത്രമാണോ ആശ്വാസ നടപടികൾ എന്നു വ്യക്തമല്ല.

ടാറ്റാ മോട്ടോഴ്സും ധനകാര്യ കമ്പനികളും

ടാറ്റാ മോട്ടോഴ്സിൻ്റെ നാലാംപാദ റിസൽട്ട് വിപണി പ്രതീക്ഷിച്ചതുപോലെ വന്നില്ല. വിറ്റുവരവ് ഗണ്യമായി കൂടിയെങ്കിലും വലിയ നഷ്ടം കാണിച്ചു. ജെഎൽആറിലെ നഷ്ടങ്ങൾ എഴുതിത്തള്ളിയതാണു കാരണം.ഇതു കമ്പനിക്കു വരും പാദങ്ങളിൽ നേട്ടമാകും.

ബാങ്കിതര ധനകാര്യ കമ്പനികളും മൈക്രോ ഫിനാൻസ് കമ്പനികളും കടം തിരിച്ചു കിട്ടാൻ വൈകുന്നതുമൂലം ഒന്നാം പാദത്തിൽ മോശപ്പെട്ട ഫലമാകും പുറത്തുവിടുക എന്ന് ബ്രോക്കറേജുകൾ കണക്കാക്കുന്നു. സ്വർണവില കൂടിയതു സ്വർണപ്പണയ കമ്പനികൾക്ക് നേട്ടമാണ്. അവയുടെ ഓഹരി വില ഈ ദിവസങ്ങളിൽ ഗണ്യമായി വർധിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com