വെടിനിർത്തലും ഇറാൻ ചർച്ചയും ശുഭ സൂചനകൾ; ലോഹങ്ങളുടെ വില വിപണിയെ ഉലച്ചു; ക്രൂഡ് വില താഴുന്നു; സ്വദേശികൾ വിറ്റത് എന്തിന്?

ലോഹങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ ചൈന എടുക്കുന്ന നടപടികൾ ലോഹ ഓഹരികളുടെ ഇടിവിനു കാരണമായി. ഇതോടൊപ്പം അമേരിക്ക കടപ്പത്രം തിരിച്ചു വാങ്ങൽ പദ്ധതി കുറയ്ക്കുമെന്ന അഭ്യൂഹവും ഇന്ത്യൻ സൂചികകളെ കരടി വലയത്തിലേക്കു നയിച്ചു.

എന്നാൽ, അമേരിക്കൻ സാമ്പത്തിക വളർച്ച കൂടുതൽ വേഗം നേടുമെന്ന സൂചനകൾ ഇന്നലെ യുഎസ് ഓഹരി സൂചികകൾക്കു നേട്ടമായി. യൂറോപ്പിലും ഓഹരികൾ കയറി. ഈ ആവേശം ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ നേട്ടത്തോടെ തുടങ്ങാൻ സഹായിച്ചു. യു എസ് ഓഹരികളുടെ ഫ്യൂച്ചേഴ്സും നല്ല നേട്ടത്തിലാണ്. പലസ്തീനിലെ വെടിനിർത്തലും ഇറാനുമായുള്ള യു എസ് ചർച്ച വിജയകരമാകുന്നതും ഇതിനു വഴിതെളിച്ചു.
എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,000-നു മുകളിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഡെറിവേറ്റീവ് വിപണി 15,050 നു മുകളിലെത്തി. ഇന്ത്യൻ വിപണിയുടെ തുടക്കം ഉണർവോടെ ആകുമെന്നാണ് ഇതിലെ സൂചന. പാശ്ചാത്യ വിപണികളിലെ ആവേശം ഇന്ത്യയിലേക്കു പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇന്നലെ വിദേശ നിക്ഷേപകർ ചെറിയ തോതിലാണെങ്കിലും ഓഹരിയിൽ വാങ്ങലുകാരായി. 71.04 കോടി രൂപയുടെ നിക്ഷേപം അവർ നടത്തി. സ്വദേശി ഫണ്ടുകൾ 876 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയാണു ചെയ്തത്. ലാഭമെടുക്കാനാണു സ്വദേശികൾ തിടുക്കം കാട്ടിയത്.
നിഫ്റ്റി 14,900-നു മുകളിൽ ക്ലോസ് ചെയ്തതു ശുഭകരമായി സാങ്കേതിക വിശകലനക്കാർ കാണുന്നു. ഇന്നു 14,900-നു മുകളിൽ ഗണ്യമായി കയറാനായാൽ വിപണിക്ക് കുതിപ്പിനു വഴിതെളിയുമെന്നാണു വിലയിരുത്തൽ. മറിമായാൽ 14,700-14,600 മേഖലയിൽ എത്തിയ ശേഷം തിരിച്ചു കയറാനുള്ള സാധ്യതയാണു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഇറാനുമായി ധാരണ ഉണ്ടാകും, ക്രൂഡ് ഇടിയുന്നു

അമേരിക്കയോടും പാശ്ചാത്യ രാജ്യങ്ങളോടും നടത്തുന്ന ചർച്ച വിജയകരമായെന്നും എണ്ണ വ്യാപാരം, ബാങ്കിംഗ്, ഇൻഷ്വറൻസ് എന്നിവയക്കുള്ള വിലക്കു നീങ്ങുമെന്നും ഇറാൻ പ്രസിഡൻ്റ് റൂഹാനി പറഞ്ഞു. ഇതു ലോക എണ്ണ വിപണിയിൽ മാറ്റങ്ങൾക്കു വഴി തെളിക്കും. പ്രധാന മാറ്റം വിലയിലാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 65.32 ഡോളറിലേക്കു താണു. ഇനിയും താഴുമെന്നാണു വിപണി കരുതുന്നത്.
പശ്ചിമേഷ്യയിൽ വെടിനിർത്തൽ നടപ്പായതും ക്രൂഡ് വില താഴാൻ സഹായിക്കുന്നു.
സ്വർണം ഔൺസിന് 1883 ഡോളർ വരെ കയറിയിട്ടു താണ് 1874 ഡോളറിലായി.

കോവിഡ് ആശങ്ക അകലുന്നില്ല

കോവിഡ് രോഗബാധയുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടെങ്കിലും ഇന്ത്യക്ക് ആശ്വസിക്കാൻ പഴുതില്ലെന്നാണു പൊതു നിഗമനം. നഗരങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്കു രോഗവ്യാപനം മാറി. അവിടങ്ങളിൽ രോഗ പരിശോധനയും ചികിത്സാസൗകര്യവും കുറവാണ്. ഒരു മൂന്നാം തരംഗമായി കോവിഡ് വ്യാപനത്തിൻ്റെ ഗതിമാറ്റം എപ്പോൾ സംഭവിക്കും എന്നാണ് ആശങ്ക.
അതേസമയം വാക്സീനും മരുന്നും വേണ്ടത്ര ലഭ്യമാകുന്നില്ല എന്നതും ഉണ്ട്. ഇക്കാര്യത്തിൽ നയപരമായ വലിയ പാളിച്ച പറ്റി എന്ന് എല്ലാവരും ഇപ്പോൾ സമ്മതിക്കുന്നു. കൂടുതൽ കമ്പനികളെ ഇവ നിർമിക്കാൻ അനുവദിക്കുന്ന വിധം കംപൽസറി ലൈസൻസിംഗിനു നടപടി എടുക്കേണ്ടതായിരുന്നു എന്നാണു വിമർശനം. ഇപ്പോൾ രണ്ടു കമ്പനികൾക്കു വലിയ ലാഭം ഉണ്ടാക്കാൻ അവസരം നൽകുന്ന നയമാണുള്ളത്. ഇപ്പോഴത്തെ വേഗത്തിൽ വാക്സിനേഷൻ തുടർന്നാൽ രണ്ടു വർഷം കൊണ്ടു പോലും രാജ്യത്തെ 75 ശതമാനം പേർക്കു വാക്സീൻ ലഭിക്കില്ല. ഓഗസ്റ്റാേടെയേ വിവിധ കമ്പനികളുടെ വർധിപ്പിച്ച ശേഷി പ്രവർത്തനസജ്ജമാകൂ.

ലോഹങ്ങളുടെ ഇടിവിനു പിന്നിൽ

സ്റ്റീൽ, അലൂമിനിയം, ചെമ്പ്, നിക്കൽ, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ ചൈന വില നടപടികൾ എടുക്കുന്നുണ്ട്. അവധി വാപാരികളും സ്റ്റാേക്കിസ്റ്റുകളും നിരീക്ഷണത്തിലാണ്. ഡാലിയൻ കമ്മോഡിറ്റി എക്സ്ചേഞ്ചിൽ പരിശോധനകളും നടന്നു.
ഇതെല്ലാം ചൈനയിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും മെറ്റൽ ഓഹരികൾക്കു വലിയ വിലത്തകർച്ചയക്ക് ഇടയാക്കി. കൊറിയയിലെ സ്റ്റീൽ കമ്പനി പോസ്കോ, ഓസ്ട്രേലിയൻ ഖനന കമ്പനി ബിഎച്ച്പി, ചൈനയുടെ യാൻചൗ കോൽ മൈനിംഗ് തുടങ്ങിയവയൊക്കെ വിലത്തകർച്ച നേരിട്ടു.
ഇന്ത്യയിൽ ഏതാനും മാസം കൊണ്ടു ബി എസ് ഇ മെറ്റൽ സൂചിക 75 ശതമാനം കയറിയതാണ്. ലോഹങ്ങളുടെ സൂപ്പർ സൈക്കിൾ തുടങ്ങിയിട്ടേ ഉള്ളുവെന്നു കഴിഞ്ഞയാഴ്ചയും പല നിക്ഷേപ വിദഗ്ധരും പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ബി എസ് ഇ മെറ്റൽ സൂചിക ഒൻപതു ശതമാനത്തോളം ഇടിയുകയായിരുന്നു. ഇന്നലെ മാത്രം ആ സൂചികയിൽ 3.1 ശതമാനം തകർച്ചയുണ്ടായി.
ജിൻഡൽ സ്റ്റീൽ (18.2 ശതമാനം താഴ്ച), സെയിൽ (-16.9%), നാൽകോ (-12.1%), എൻഎംഡിസി (-10.7%), ഹിൻഡാൽകോ (-9.6%), ടാറ്റാ സ്റ്റീൽ (-9.2%) എന്നിവയാണു കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വലിയ വിലത്തകർച്ച നേരിട്ട ഓഹരികൾ. എന്നാൽ ഹിന്ദുസ്ഥാൻ സിങ്ക് ഇക്കാലയളവിൽ 8.5 ശതമാനം ഉയർന്നു.
മെറ്റൽ ഓഹരികൾ വീണ്ടും താഴുമെന്നാണു ബ്രോക്കറേജുകൾ ഇപ്പോൾ പറയുന്നത്. എന്നാൽ ഇപ്പോഴത്തേതു താൽക്കാലിക താഴ്ചയായാണു പലരും കാണുന്നത്. ആഗോള സാമ്പത്തിക വളർച്ച മെച്ചപ്പെടുന്നതനുസരിച്ചു ലോഹങ്ങൾക്കു വില വർധിക്കാതെ തരമില്ലെന്നാണു വാദം.

പലിശയിൽ അഭ്യൂഹങ്ങൾ

അമേരിക്കയിൽ വിലക്കയറ്റവും അതിൻ്റെ തുടർച്ചയായി പലിശയിലെ കയറ്റവും സംബന്ധിച്ച ഭീതി മാറിയിട്ടില്ല. ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ പലിശ കൂട്ടുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നാണു കടപ്പത്രവ്യാപാരികൾ വിലയിരുത്തുന്നത്.10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 1.66 ശതമാനത്തിലേക്ക് ഉയർന്നു. പലിശ കൂട്ടലിൻ്റെ തുടക്കം കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്നതിൻ്റെ തോത് കുറയ്ക്കുന്നതിലാകും. ദീർഘകാല കടപ്പത്ര നിക്ഷേപ നേട്ടം താഴ്ത്തി നിർത്തുന്ന വിധമാണ് ഇപ്പോൾ കടപ്പത്രങ്ങൾ തിരിച്ചു വാങ്ങുന്നത്.
യുഎസ് പലിശനയം മാറ്റിയാൽ 2013-ലേതുപോലെ ഓഹരി-കറൻസി - കടപ്പത്ര വിപണികൾ വല്ലാതെ ഉലയും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it