ബൈഡൻ വന്നാൽ ഇന്ത്യയ്ക്ക് ക്ഷീണമോ? ജാക്ക് മായ്ക്ക് തിരിച്ചടി; നിക്ഷേപകരെ പിഴിഞ്ഞു ബാങ്കുകൾ

തെരഞ്ഞെടുപ്പു ഫലം വരുന്ന ദിവസം വിപണികൾ വലിയ ചാഞ്ചാട്ടം കാണിക്കാറുണ്ട്‌ . ഇന്ത്യയിൽ 2004-ലെയും 2009-ലെയും ഫലം വന്ന ദിവസം പത്തു ശതമാനത്തിലേറെയാണ് ഓഹരി സൂചികകൾ ഇറങ്ങിയതും കയറിയതും. അമേരിക്കയിലും വ്യത്യസ്തമല്ല കാര്യം. 2016-ലെ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഓഹരികൾക്കൊപ്പം സ്വർണവും ചാഞ്ചാടി. സ്വർണ വില അന്നു 10 ശതമാനമാണു കയറിയിറങ്ങിയത്.

ഇന്നു യുഎസ് തെരഞ്ഞെടുപ്പു ഫലങ്ങളുടെ ആദ്യ സൂചന പ്രതീക്ഷ പോലെ വന്നു. എന്നാൽ ചാഞ്ചാടി നിൽക്കുന്ന പല സംസ്ഥാനങ്ങളിലും ഫലം പ്രവചിക്കാൻ താമസം നേരിടും. ഇത് ഇന്നത്തെ ഓഹരി -ഉൽപന്ന കമ്പോളങ്ങളിൽ അസാധാരണ ചലനങ്ങൾക്കു കാരണമാകും.

ജാക്ക് മായുടെ ആൻറ് ഫിനാൻഷ്യൽ ടെക്നോളജീസിൻ്റെ ഓഹരി വ്യാപാരം വിലക്കിയത് ചൈനീസ് വിപണി സ്വാഗതം ചെയ്തതായാണു ബുധനാഴ്ചത്തെ വ്യാപാരത്തിൻ്റെ തുടക്കം കാണിച്ചത്.

ക്രൂഡ് ഓയ്ലും സ്വർണവും ഇന്നു രാവിലെ ഉയർന്ന നിലവാരത്തിലാണ്. ബ്രെൻറ് ഇനം ക്രൂഡ് 40 ഡോളറിനു മുകളിലേക്കു കയറി. സ്വർണം 1900 ഡോളറിനു മുകളിലെത്തുമെന്ന് രാവിലത്തെ വ്യാപാരം കാണിക്കുന്നു.

ഇന്നലെ യൂറോപ്പിലും അമേരിക്കയിലും ഓഹരി സൂചികകൾ നല്ല കയറ്റം കാണിച്ചു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്.

ഏഷ്യൻ സൂചികകൾ രാവിലെ നല്ല നേട്ടമുണ്ടാക്കി. എസ് ജി എക്സ് നിഫ്റ്റി തുടക്കത്തിലെ നേട്ടം നഷ്ടമാക്കി. ട്രംപ് തോൽക്കുന്നതിൽ ഇന്ത്യക്കു തന്ത്രപരമായ നഷ്ടമുണ്ടാകുമെന്ന ഭയമാകാം കാരണം.

* * * * * * * *

ട്രംപോ ബൈഡനോ ഇന്ത്യക്കു നേട്ടം?

എല്ലാ ശ്രദ്ധയും യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലാണ്. ഇന്നുച്ചയോടെയേ ആരാണു ജയിക്കുക, സെനറ്റിൽ ആർക്കാണു ഭൂരിപക്ഷം എന്നൊക്കെ പറയാനാവൂ. ഒരു പക്ഷേ ഫലമറിയാൻ കൂടുതൽ കാത്തിരിക്കേണ്ടിയും വരാം.

ഡോണൾഡ് ട്രംപ് പ്രസിഡൻ്റായി തുടരുന്നത് ഇന്ത്യയുടെ സൈനിക താൽപര്യങ്ങൾക്ക് നേട്ടമാകും. ചൈനയ്ക്കെതിരേ ഇന്ത്യയെ ബലപ്പെടുത്തുന്നതാണ് ട്രം പ് നയം. അതിൻ്റെ ഭാഗമായി രൂപപ്പെട്ട സൈനിക കരാറുകൾ ഇന്ത്യക്ക് ഉച്ച സാങ്കേതിക വിദ്യ കിട്ടുന്നതിനു സഹായകമായി.

ജോ ബൈഡൻ ജയിച്ചാൽ ഈ സൈനിക സഹകരണം കുറയ്ക്കുകയില്ല. ചൈനയ്‌ക്കെതിരേ ഇന്ത്യയെ മുന്നിൽ നിർത്താൻ ബൈഡനും തയാറാകും. എന്നാൽ ബഹുസ്വരത, മനുഷ്യാവകാശം, പൗരത്വ നിയമം, ജമ്മു - കാഷ്മീർ വിഷയങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തോടു ബൈഡൻ ഭരണകൂടം വിയോജിച്ചെന്നു വരും. അതിൻ്റെ പ്രത്യാഘാതം ഏതു വഴിയാകുമെന്ന് വ്യക്തമല്ല.

* * * * * * * *

വികസ്വര രാജ്യങ്ങൾക്കു ബൈഡനിൽ പ്രതീക്ഷ

ജോ ബൈഡൻ ജയിച്ചാൽ അമേരിക്കൻllp കമ്പനികൾക്കു നികുതി വർധിപ്പിക്കും. ഇതു കമ്പനികളുടെ ലാഭം കുറയ്ക്കും. സ്വാഭാവികമായും അമേരിക്കൻ ഫണ്ടുകൾ വിദേശത്തേക്കു നിക്ഷേപം നീക്കും. വികസ്വര രാജ്യങ്ങളിലെ ഓഹരി - കടപ്പത്ര വിപണികളിലേക്കു കൂടുതൽ പണമെത്തും. ഇന്ത്യയും ഇതിൻ്റെ ഗുണഭോക്താവാകും.

ബൈഡൻ്റെ വ്യാപാര നയം ട്രംപിൻ്റേതിലും വ്യാപാര വർധനയെ സഹായിക്കുന്നതാകും. ഡോളറിൻ്റെ വില താഴാനും ബൈഡൻ അനുവദിക്കും. കൂടുതൽ വലിയ സാമ്പത്തിക ഉത്തേജക പദ്ധതിക്കും ബൈഡൻ തയാറാകും. അതും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്കു നേട്ടമാകും.

* * * * * * * *

ജായ്ക്ക് മായുടെ മോഹങ്ങൾ തല്ലിക്കൊഴിച്ച് ഷി ചിൻപിംഗ്

ധനകാര്യ മേഖലയെ സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനു തുല്യം പ്രാധാന്യമുള്ളതായിരുന്നു ചൈനയിൽ ആലിബാബ ഗ്രൂപ്പിൻ്റെ ആൻറ് (Ant) ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്. ഇന്നലെ ചൈനീസ് അധികാരികൾ അതിനു വിലക്ക് കൽപ്പിച്ചപ്പോൾ ജാക്ക് മാ എന്ന ശതകോടീശ്വരൻ്റെ സ്വപ്‌നങ്ങൾ മാത്രമല്ല തകർന്നത്.

ടെക്നോളജി കമ്പനിയായി ആൻ്റിനെ ലിസ്റ്റ് ചെയ്യാനാണ് മാ ശ്രമിച്ചത്. യഥാർഥത്തിൽ ആൻറ് ഒരു ധനകാര്യ കമ്പനിയാണ്. ആലിബാബ ഗ്രൂപ്പിൻ്റെ ഇടപാടുകാർക്ക് ഇഷ്ടപ്പെട്ട ബാങ്കുകളിൽ നിന്ന വായ്പ ക്രമീകരിച്ചു കൊടുക്കുന്നതാണ് ആൻ്റിൻ്റെ ബിസിനസ് . വായ്പയുടെ ബാധ്യത ആൻറ് വഹിക്കുന്നില്ല. ഓരോ ഇടപാടിനും കമ്മീഷൻ പറ്റും.

ഇതൊരു പുത്തൻ ബിസിനസ് ആണെന്നും ചൈനീസ് അധികാരികൾക്ക് ഇതൊന്നും മനസിലാക്കാൻ കഴിവില്ലെന്ന് മാ കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു. ആൻ്റ് ഐ പി ഒ വഴി 3700 കോടി ഡോളറാണു സമാഹരിക്കാനിരുന്നത്. കിട്ടിയ അപേക്ഷകൾ 300 ലക്ഷം കോടി ഡോളറിനുള്ളതും. (ഇന്ത്യയുടെയും ബ്രിട്ടൻ്റെയും ജി ഡി പി യേക്കാൾ വലിയ തുക). ഷാങ്ഹായ്, ഹോങ്കോങ് എക്സ്ചേചേഞ്ചുകളിൽ ആൻറ് ഓഹരികൾ ഇന്നു വ്യാപാരം തുടങ്ങേണ്ടതായിരുന്നു. അപ്പോഴാണു ചൈനീസ് അധികാരികൾ ഇടപെട്ടത്. ചൈനീസ് കേന്ദ്ര ബാങ്കും ഓഹരി വിപണി റെഗുലേറ്ററും ധനമന്ത്രാലയവും ആൻറ് സാരഥികളെ ചർച്ചയ്ക്കു വിളിച്ചു. ജായ്ക്ക് മാ അടക്കമുള്ളവർ അവിടെ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് ഇന്നലെ സർക്കാർ അറിയിച്ചു. ഷാങ്ഹായിയിൽ ആൻ്റ് ലിസ്റ്റ് ചെയ്യുന്നതു വിലക്കി. ഹോങ്കോങ്ങിലും വിലക്ക് വന്നു.

സൗദി അരാംകോ യെക്കാൾ വലിയ ഐ പി ഒ നടത്തി ചരിത്രം രചിക്കാനിറങ്ങിയ ആലിബാബയും ജാക്ക് മായും ഏറ്റവും വലിയ ഐ പി ഒ റദ്ദാക്കലിൻ്റെ കഥ എഴുതേണ്ടി വന്നു.

ചൈനീസ് നിയമങ്ങൾ തനിക്കു ബാധകമല്ലെന്ന മട്ടിൽ മാ പെരുമാറിയതാണു ഭരണകൂടത്തെ രോഷം കൊള്ളിച്ചതെന്നാണു നിഗമനം. മായ്ക്കു മാത്രമല്ല മറ്റു ചൈനീസ് ശതകോടീശ്വരർക്കുമുള്ള മുന്നറിയിപ്പ് ഇതിലുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഭരണകൂടവും വയ്ക്കുന്ന പരിധിക്കപ്പുറം ഒരു കോടീശ്വരനും പോകാൻ പാടില്ല. ഒരു വ്യാഴവട്ടം മുമ്പ് മിഖായൽ ഖോഡോർകോവ്സ്കിയെയും റോമൻ അബ്രാമോവിച്ചിനെയും പോലുള്ള ശത കോടീശ്വരന്മാരെ റഷ്യയിലെ വ്ലാദിമിർ പുടിൻ ഈ പാഠം പഠിപ്പിച്ചതു ജയിലിലടച്ചും നാടുകടത്തിയുമാണ്. ആ അവസ്ഥ വന്നില്ലല്ലോ എന്നു മായ്ക്കു സന്തോഷിക്കാം. 56 വയസുള്ള മാ 67 വയസുള്ള ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിംഗിനെ ആദരിക്കാനും പഠിക്കേണ്ടി വരും.

* * * * * * * *

ആവശ്യം കൂടി, സ്റ്റീലിനു വില കൂടുന്നു

വ്യവസായ മേഖലയിലെ ഉണർവ് വ്യക്തമാക്കിക്കൊണ്ട് ഉരുക്കു വില വർധിച്ചു. ഹോട്ട് റോൾഡ് കോയിൽ (എച്ച് ആർ സി ) ടണ്ണിന് 1200 രൂപയാണു നവംബർ ഒന്നിനു കൂട്ടിയത്. ഇതോടെ 2018-ലെ വിലയിലേക്കു സ്റ്റീൽ ഉയർന്നു. 2018 നവംബറിൽ ടണ്ണിനു 46,500 രൂപ വന്ന ശേഷം താഴോട്ടു പോന്ന വില 2019-ൽ 32,250 രൂപ വരെ എത്തി. വാഹനമേഖലയിലടക്കം ആവശ്യം വർധിച്ചതും കയറ്റുമതി അന്വേഷണങ്ങൾ കൂടിയതുമാണു വില കൂട്ടാൻ കമ്പനികളെ പ്രേരിപിച്ചത്.

* * * * * * * *

ബാങ്കുകൾക്കു ലാഭം കൂടി; നിക്ഷേപകരോട് അനീതി കാണിക്കുന്നു

കോവിഡിൻ്റെ ആഘാതത്തിൽ നിന്നു കരകയറിയ മട്ടിലാണു സ്വകാര്യ ബാങ്കുകൾ. പ്രതീക്ഷയിലേറെ ലഭമാണു സ്വകാര്യ ബാങ്കുകൾ രണ്ടാം പാദ റിസൽട്ടിൽ കാണിക്കുന്നത്. നിക്ഷേപ പലിശയും വായ്പാ പലിശയും തമ്മിലുള്ള വ്യത്യാസം വർധിപ്പിക്കാൻ കോവിഡ് കാലത്തു ബാങ്കുകൾക്കു കഴിഞ്ഞു. വായ്പകളിലെ നഷ്ട സാധ്യതയക്കുള്ള വകയിരുത്തൽ കുറഞ്ഞു.

കുടിശികയായ കടങ്ങൾ നിഷ്ക്രിയ ആസ്തി (എൻപിഎ) കളായി പ്രഖ്യാപിക്കുന്നതിനു സുപ്രീം കോടതി വിലക്കേർപ്പെടുത്തിയത് ബാങ്കുകൾക്ക് സൗകര്യമായി. വിലക്കില്ലായിരുന്നെങ്കിൽ പോലും വളരെ കുറച്ചു വായ്പകളേ പ്രശ്നമാകുമായിരുന്നുള്ളൂ എന്നാണു ബാങ്കുകൾ പറയുന്നത്.

17 സ്വകാര്യ ബാങ്കുകളുടെ രണ്ടാം പാദ റിസൽട്ട് 159 ശതമാനം അറ്റാദായ വർധന കാണിച്ചു. നികുതിക്കു മുമ്പുള്ള ലാഭം 41 ശതമാനം കൂടി. വകയിരുത്തൽ നടത്താത്ത നെറ്റ് എൻ പി എ 38 ശതമാനം കുറഞ്ഞിട്ടുണ്ട്.

വായ്പാ പലിശ ഒരു വർഷം കൊണ്ട് 0.6 ശതമാനം മാത്രം കുറച്ച ബാങ്കുകൾ നിക്ഷേപ പലിശ 1.27 ശതമാനം കുറച്ചു.2019 സെപ്റ്റംബറിലെയും 2020 സെപ്റ്റംബറിലെയും ശരാശരി നിരക്ക് വച്ചാണ് ഈ കണക്ക്. നിക്ഷേപകരോടാണോ വായ്പ എടുക്കുന്നവരോടാണോ ബാങ്കുകൾ അനീതി കാണിക്കുന്നത് എന്ന ചോദ്യം ബാക്കി.

* * * * * * * *

ഉണർവ് കാണാതെ കയറ്റുമതി രംഗം

കയറ്റുമതിയിലെ ഇടിവ് ഒക്ടോബറിലും തുടർന്നു. സാമ്പത്തിക രംഗത്തു തിരിച്ചു വരവിൻ്റെ സമയമായില്ലെന്ന സൂചനയാണ് ഇതിലുള്ളത്.

ഒക്ടോബറിലെ കയറ്റുമതി 5.4 ശതമാനം കുറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങൾ, രത്നങ്ങൾ, സ്വർണ ആഭരണങ്ങൾ , തുകൽ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിലാണു വലിയ ഇടിവുണ്ടായത്. പാശ്ചാത്യ രാജ്യങ്ങളിൽ ഉപഭോഗം വേണ്ടത്ര വർധിച്ചിട്ടില്ലെന്നാണ് ആഭരണങ്ങളുടെയും തുകൽ ഉൽപന്നങ്ങളുടെയും കയറ്റുമതി കുറഞ്ഞു നിൽക്കുന്നതിൽ നിന്നു മനസിലാക്കേണ്ടത്.

ഇറക്കുമതിയിൽ 11.56 ശതമാനം ഇടിവുണ്ട്. ഒക്ടോബറിലെ കയറ്റുമതി 2482 കോടി ഡോളറും ഇറക്കുമതി 3360 കോടി ഡോളറുമാണ്. വാണിജ്യ കമ്മി 1176 കോടി ഡോളറിൽ നിന്ന് 878 കോടി ഡോളറായി കുറഞ്ഞു.

ഏപ്രിൽ- ഒക്ടോബർ കാലത്തെ കയറ്റുമതി 19.05 ശതമാനം കുറവാണു കാണിച്ചത്. 15, 007 കോടി ഡോളറിൻ്റെ കയറ്റുമതിയേ ഇക്കാലയളവിൽ നടന്നുള്ളു.

ഒക്ടോബറിൽ കയറ്റുമതി ഗണ്യമായി വർധിച്ച ഇനങ്ങൾ ധാന്യങ്ങൾ, ബസ് മതി അരി, പിണ്ണാക്ക്, ഇരുമ്പയിര് , എണ്ണക്കുരുക്കൾ തുടങ്ങിയവയാണ്. ഇവയെല്ലാം കുറഞ്ഞ മൂല്യവർധനയുളളവയാണ്. അതായത് ഇവയുടെ കയറ്റുമതി ഇവിടെ തൊഴിലവസരം കാര്യമായി വർധിപ്പിക്കില്ല. ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളാണ് ഇവ വാങ്ങുന്നത്.

ഇറക്കുമതി രംഗത്തെ അത്ര നല്ലതല്ലാത്ത ഒരു കാര്യം പെട്രോളിയം ഇതര ഇറക്കുമതി കുറയുന്നതാണ്. കയറ്റുമതി രംഗത്ത് ഉണർവില്ലാത്തതാണ് ഇവയുടെ ഇറക്കുമതി കുറയാൻ കാരണം.

* * * * * * * *

സുബ്രഹ്മണ്യൻ പറയുന്നത്

കയറ്റുമതിയെപ്പറ്റി ചിന്തിക്കുമ്പോൾ ഈയിടെ അരവിന്ദ് സുബ്രഹ്മണ്യൻ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിലെ വിവരങ്ങൾ ശ്രദ്ധേയമാണ്. ധനമന്ത്രാലയത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ആളാണ് സുബ്രഹ്മണ്യൻ.

കയറ്റുമതിയിൽ കുടി വളരാൻ ഇന്ത്യക്കു പ്രയാസമാണെന്ന വാദക്കാർക്കുള്ള മറുപടിയാണ് ആ പ്രബന്ധം. 1995-2018 കാലത്ത് ഇന്ത്യയുടെ കയറ്റുമതി ഡോളർ കണക്കിൽ പ്രതിവർഷം 13.4 ശതമാനം വച്ച് വളർന്നു . ചൈനയ്ക്കും വിയറ്റ്നാമിനും പിന്നിൽ കയറ്റുമതി വർധനയിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഫാക്ടറി ഉൽപന്ന കയറ്റുമതിയുടെ വളർച്ചയിലും ഇന്ത്യ മൂന്നാം സ്ഥാനം നേടി.

കയറ്റുമതി മൊത്ത ആഭ്യന്തര ഉൽപാദനത്തിൻ്റെ (ജിഡിപി) ഗണ്യമായ ഭാഗമായി വളരുകയും ചെയ്തു. ഉദാരവൽക്കരണത്തിനു മുമ്പ് ജിഡിപിയുടെ എട്ടു ശതമാനത്തിൽ താഴെയായിരുന്നു കയറ്റുമതി . ഇതു 2013 -ൽ 23 ശതമാനത്തിലേക്കു വളർന്നു. പിന്നീടുള്ള വർഷങ്ങളിൽ കയറ്റുമതി വളർച്ച കുറഞ്ഞതോടെ 20l 8 - ൽ കയറ്റുമതി ജി ഡി പി യുടെ 20 ശതമാനമായി താണു.

കയറ്റുമതി കൂടണമെങ്കിൽ ഇറക്കുമതി ഉദാരവൽക്കരിക്കണം എന്ന നിലപാടിലാണ് സുബ്രഹ്മണ്യൻ. 20l4-ൽ ശരാശരി ഇറക്കുമതിച്ചുങ്കം 13 ശതമാനമായിരുന്നത് അഞ്ചു വർഷം കൊണ്ട് 18 ശതമാനമാക്കി. ഈ ചുങ്കം കൂട്ടൽ ഇറക്കുമതി കുറയ്ക്കുകയല്ല കയറ്റുമതി കുറയ്ക്കുകയാണ് പ്രയോഗത്തിൽ ചെയ്തത് എന്നു സുബ്രഹ്മണ്യൻ പറയുന്നു. വ്യത്യസ്തമായി ചിന്തിക്കാൻ ഏറെ കാര്യങ്ങൾ നൽകുന്നുണ്ട് സുബ്രഹ്മണ്യൻ.

* * * * * * * *

ഇന്നത്തെ വാക്ക് : ഓപ്ഷൻസ് - 8 സ്ട്രൈക്ക് പ്രൈസ്

ഓപ്ഷനിൽ ഒരു ഓഹരി വാങ്ങാനോ വിൽക്കാനോ കരാർ ഉണ്ടാക്കുമ്പോൾ തീരുമാനിക്കുന്ന വിലയാണു സ്ട്രൈക്ക് പ്രൈസ് (Strike price). എക്സർസൈസ് പ്രൈസ് എന്നും ഇതിനെ പറയാറുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it