അമേരിക്കയുടെ തലവേദന ഇന്ത്യയ്ക്ക് നേട്ടം :ആർ ബി ഐ നയം ബാങ്കുകൾക്ക് പണികൊടുക്കുമോ? തൊഴിൽ നഷ്ടം വീണ്ടും !

തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കാനാകാതെ അമേരിക്ക വിയർക്കുന്നു; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾ സന്തോഷിക്കുന്നു. യു എസ് തെരഞ്ഞെടുപ്പു ഫലം വികസ്വര രാജ്യങ്ങളിലേക്കു കൂടുതൽ പണം ഒഴുകാൻ സഹായിക്കുന്നതാണ്. അതിൻ്റെ ആഘോഷം ഇന്ത്യയടക്കമുള്ള വിപണികളിൽ ഇന്നലെ കണ്ടു. 2020-ലെ എല്ലാ തിരിച്ചടികളും മറികടന്നു കുതിച്ച ഓഹരി സൂചികകൾ ഇന്നും ഉയരങ്ങൾ തേടും. അതിനിടെ ലാഭമെടുക്കൽ ചെറിയ ഇടിവിനു വഴി തെളിച്ചാൽ അദ്ഭുതമില്ല. എസ് ജി എക്സ് നിഫ്റ്റി നൽകുന്ന സൂചന തുടക്കം താഴ്ചയോടെയാകുമെന്നാണ്. എങ്കിലും ഹ്രസ്വകാലാടിസ്ഥാനത്തിൽ ഓഹരികൾ കുതിപ്പ് തുടരും.

ബൈഡൻ അധികാരത്തിൽ വരുന്നത് എച്ച് വൺ ബി വിഷയത്തിലടക്കം ഇന്ത്യൻ ഐടി ' കമ്പനികൾക്കു സഹായകമാകും. അതിൻ്റെ പ്രതിഫലനം വിപണിയിലുണ്ടാകും.

അമേരിക്കൻ സാമ്പത്തിക വളർച്ച ആശാവഹമായില്ലെന്നു യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ബോർഡിൻ്റെ (ഫെഡ്) പണനയ കമ്മിറ്റി വിലയിരുത്തി. അതിനാൽ പലിശ ഇപ്പോഴത്തെ ഏറ്റവും താഴ്ന്ന നിലയിൽ കൂടുതൽ കാലം തുടരേണ്ടി വരുമെന്നു ഫെഡ് പറഞ്ഞു. ഇതോടെ സ്വർണ വില 1940 ഡോളറിലേക്കു കുതിച്ചു. ഡോളർ ദുർബലമായി.

* * * * * * * *

വികസ്വര രാജ്യങ്ങളിൽ ഓഹരി കയറും

അമേരിക്കയിൽ ഡെമോക്രാറ്റ് ജോ ബൈഡനാകും പ്രസിഡൻ്റ് എന്ന് ഏറെക്കുറെ ഉറപ്പായി. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ നിർണായക കേന്ദ്രമായ സെനറ്റിൽ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷം കിട്ടില്ല. ഇതിനർഥം ബൈഡൻ ഭരണം ദുർബലമാകും എന്നാണ്. ഡെമോക്രാറ്റുകൾ പറഞ്ഞിരുന്ന രണ്ടോ മൂന്നോ ലക്ഷം കോടി ഡോളറിൻ്റെ ഉത്തേജകം ഉണ്ടാകില്ല. ചെറുതാകും ഉത്തേജകം.

അങ്ങനെ വന്നാൽ അടിസ്ഥാന പലിശ നിരക്ക് പൂജ്യത്തിനു തൊട്ടടുത്തു നിർത്തുന്ന നയം ഫെഡ് ദീർഘകാലം തുടരേണ്ടി വരും. അപ്പോൾ യു എസ് നിക്ഷേപകർ കൂടുതൽ ലാഭമെടുക്കാവുന്ന വികസ്വര രാജ്യങ്ങളിലേക്കു സമ്പാദ്യം അയയ്ക്കും. അതാണ് ഇന്ത്യയടക്കമുള്ള വിപണികളെ സന്തോഷിപ്പിക്കുന്നത്.

ഇതിൻ്റെ അടുത്ത ഭാഗം ഡോളറിൻ്റെ ദൗർബല്യമാണ്. ഡോളർ വിനിമയ സൂചിക ഇന്നലെ ഒരു ശതമാനത്തിലേറെ താണ് 92.50 ആയി. റഷ്യയുടെ റൂബിൾ, മെക്സിക്കോയുടെ പെസോ തുടങ്ങിയ കറൻസികൾക്കു വില കൂടി. ഇന്ത്യൻ രൂപയും ഉയർന്നു. ഡോളർ നിരക്ക് 74.76 രൂപയിൽ നിന്നു 74.36 രൂപയിലേക്കു താണു.

പലിശ താണു നിൽക്കുകയും ഡോളർ ദുർബലമാകുകയും ചെയ്യുമ്പോൾ സ്വർണത്തിലേക്കു നിക്ഷേപം നീങ്ങും. അതാണു സ്വർണ വിലയെ ഇന്നലെ ഔൺസിന് 1905 ഡോളറിൽ നിന്ന് 1952 ഡോളർ വരെ കയറ്റിയത്. ലാഭമെടുക്കലിനെ തുടർന്ന് ഇന്നു രാവിലെ സ്വർണം 1940 ഡോളറിലേക്കു താണു.

അനിശ്ചിതത്വത്തിനിടയിൽ ക്രൂഡ് ഓയിൽ കയറിയിറങ്ങി. വീപ്പയ്ക്കു 41 ഡോളറിനു മുകളിലാകാൻ ബ്രെൻ്റ് ഇനം ക്രൂഡ് പലവട്ടം ശ്രമിച്ചെങ്കിലും താഴോട്ടു പോന്നു. 40.32 ഡോളറിലാണ് ഇന്നു രാവിലെ ബ്രെൻ്റ് ക്രൂഡ്.

* * * * * * * *

കേന്ദ്രബാങ്കുകൾ പണമിറക്കും

അമേരിക്കൻ കേന്ദ്ര ബാങ്കിൻ്റെ പണനയ കമ്മിറ്റി കടപ്പത്രം തിരിച്ചു വാങ്ങൽ പദ്ധതി ഇന്നത്തെ തോതിൽ കൂടുതൽ കാലം തുടരേണ്ടി വരുമെന്നു പ്രസ്താവിച്ചു. ബ്രിട്ടനിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കടപ്പത്രം തിരിച്ചു വാങ്ങലിൻ്റെ തോത് കൂട്ടാൻ തീരുമാനിച്ചു.

രണ്ടു തീരുമാനങ്ങളുടെയും ഫലം വിപണിയിലേക്കു കൂടുതൽ പണം എത്തും എന്നതാണ്. ഒപ്പം ദീർഘകാല പലിശ താഴ്ന്നും നിൽക്കും. ഇങ്ങനെ ധാരാളം പണം വിപണിയിലെത്തുന്നത് ഓഹരികൾക്കും സ്വർണമടക്കമുള്ള നിക്ഷേപ ആസ്തികൾക്കും വില കൂട്ടും.

* * * * * * * *

തൊഴിലുകൾ വീണ്ടും കുറയുന്നു

കോവിഡനന്തരം ഇന്ത്യൻ സമ്പദ്ഘടന തിരിച്ചുകയറുന്നതിൻ്റെ തെളിവുകൾ നിരത്തുന്ന തിരക്കിലാണു ഭരണകൂടം. പക്ഷേ യാഥാർഥ്യം അതല്ലെന്ന കണക്കുകൾ പുറത്തു വരുന്നതും അറിയേണ്ടതുണ്ട്. അതിലൊന്നാണ് ഒക്ടോബറിൽ രാജ്യത്ത് 5.5 ലക്ഷം തൊഴിലുകൾ കുറഞ്ഞു എന്ന സിഎംഐഇ (സെൻറർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി) യുടെ റിപ്പോർട്ട്.

ഉത്സവ സീസണും ഖാരിഫ് വിളവെടുപ്പ് സമയവുമാണ് ഒക്ടോബർ. ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണവും നടക്കുന്നു. തൊഴിലവസരം വർധിക്കുന്ന സമയം. എന്നിട്ടും ലക്ഷക്കണക്കിനു തൊഴിൽ കുറഞ്ഞു.

മേയ് മാസത്തിൽ കോവിഡ് ലോക്ക് ഡൗണിൽ അയവ് തുടങ്ങിയ ശേഷം ഇതാദ്യമാണ് ഒരു മാസം തൊഴിലവസരം കുറയുന്നത്. തൊഴിൽ തേടുന്നവരുടെ സംഖ്യ ഈ മാസം 1.2 കോടി കണ്ടു വർധിച്ചെന്നും സി എം ഐ ഇ പറഞ്ഞു.

സെപ്റ്റംബറിൽ രാജ്യത്തു തൊഴിൽ നിരക്ക് 38 ശതമാനമായിരുന്നു. ഒക്ടോബറിൽ അത് 37.8 ശതമാനമായി താണു. ഇതോടെ ഈ വർഷം തൊഴിൽ നിരക്കിൽ വന്ന ഇടിവ് 1.56 ശതമാനമായെന്ന് സ്ഥാപനം ചൂണ്ടിക്കാട്ടി.

* * * * * * * *

2016 മുതൽ തൊഴിൽ നഷ്ടം

സിഎംഐഇ വേറൊന്നു കൂടി ചൂണ്ടിക്കാട്ടി. രാജ്യത്തു 2016- നു ശേഷം തൊഴിൽ സംഖ്യ കുറഞ്ഞു വരികയാണ്. 2017-18 - ൽ 1.13 ശതമാനം, 2018-19-ൽ 1.46 ശതമാനം, 2019- 20-ൽ 0.46 ശതമാനം എന്ന തോതിലായിരുന്നു ഇടിവ്.

2016 നവംബറിലായിരുന്നു രാജ്യത്തു കറൻസി റദ്ദാക്കിയത്. കള്ളപ്പണം ഇല്ലാതാക്കാൻ എന്ന പേരിലുള്ള ആ നടപടിയുടെ ഫലം തൊഴിൽ നഷ്ടവും ജി ഡി പി വളർച്ചയിലെ ഇടിവുമായിരുന്നു എന്ന് ഈ കണക്ക് കാണിക്കുന്നു.

ഒക്ടോബറിൽ രാജ്യത്തെ തൊഴിലാളി പങ്കാളിത്ത നിരക്ക് 40.66 ശതമാനമായിരുന്നു. 2019 ഒക്ടോബറിലെ 42.9 ശതമാനത്തെ അപേക്ഷിച്ചു വലിയ ഇടിവ്. സെപ്റ്റംബറിൽ 6.7 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഒക്ടോബറിൽ ഏഴു ശതമാനമായി വർധിച്ചു. ഏപ്രിലിൽ രാജ്യത്ത് 12.1 കോടി തൊഴിലുകൾ നഷ്ടമായി. ഇതിൽ 11 കോടി മേയ് - ജൂലൈ കാലയളവിൽ തിരികെക്കിട്ടി. ഓഗസ്റ്റിലും സെപ്റ്റംബറിലും 50 ലക്ഷം തൊഴിൽ വീതം കൂടി. തുടർന്നാണ് ഇടിവ്.

* * * * * * * *

ആർ ബി ഐ നയം ബാങ്കുകൾക്ക് പണി കൊടുക്കുമോ?

ഭവനവായ്പാ കമ്പനികൾ അടക്കമുള്ള എൻബിഎഫ്സികളുമായി ചേർന്നു മുൻഗണനാ മേഖലയ്ക്കു വായ്പ നൽകാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നലകി. സഹവായ്പാ മാതൃക (കോ ലെൻഡിംഗ് മോഡൽ) എന്നു പേരിട്ട സ്കീമിൻ്റെ മാർഗരേഖ റിസർവ് ബാങ്ക് പുറത്തിറക്കി.

വേണ്ടത്ര ധനകാര്യ സേവനങ്ങൾ കിട്ടാത്ത വിഭാഗങ്ങൾക്ക് വായ്പ എളുപ്പം കിട്ടാൻ വേണ്ടിയാണ് ഇതെന്നു റിസർവ് ബാങ്ക് വിശദീകരിക്കുന്നു. വായ്പത്തുകയുടെ 20 ശതമാനമെങ്കിലും എൻബിഎഫ്സി യുടെ ബാധ്യതയായിരിക്കണം എന്നാണു വ്യവസ്ഥ.

ബാങ്കിനെ സമീപിക്കാതെ ബാങ്ക് വായ്പ ലഭ്യമാക്കാൻ ഇതു വഴിയൊരുക്കുമെന്ന് റിസർവ് ബാങ്ക് അവകാശപ്പെടുന്നു. എന്നാൽ ഇടപാടുകാരെ ബാങ്ക് ബന്ധപ്പെടുകയോ അറിയുകയോ ചെയ്യാത്ത നില വരും എന്നതിലെ അപകടം ചെറുതല്ല. എൻബിഎഫ്സികൾ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെങ്കിൽ നഷ്ടം നേരിടുക ബാങ്കിനായിരിക്കും.

ലാഭക്ഷമത കൂട്ടാനായി ഗ്രാമീണ ശാഖകൾ പൂട്ടിയും ജനകീയ ബാങ്കിംഗ് ആശയങ്ങൾ വലിച്ചെറിഞ്ഞും പൊതുമേഖലാ ബാങ്കുകളെ ലോകനിലവാരത്തിലാക്കുന്നെന്നു കുറേ കാലമായി പറഞ്ഞിരുന്നു . അതിൻ്റെ അവസാനം എൻ ബി എഫ് സി കൾക്ക് തങ്ങളുടെ പണപ്പെട്ടി തുറന്നുകൊടുക്കാൻ ബാങ്കുകളെ അനുവദിക്കലായി മാറുകയാണോ? പാവപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും ബാങ്കിൻ്റെ പണം വായ്പയായി നൽകാൻ എന്തിനു എൻ ബി എഫ് സി കളെ ഇടനിലക്കാരാക്കണം. ബാങ്കിൻ്റെ പലിശയേക്കാൾ വളരെ കൂടിയ പലിശയും സർവീസ് ചാർജും ഇത്തരം കമ്പനികൾ ഈടാക്കുകയും ചെയ്യും.

* * * * * * * *

കമ്മി ഭയന്നു ചെലവ് കുറയ്ക്കുന്നു

കോവിഡ് ലോക്ക് ഡൗണിൻ്റെ ഫലമായ സാമ്പത്തിക തകർച്ചയിൽ നിന്നു കരകയറാൻ വലിയ വലിയ തുകകളുടെ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. അവയിൽ മഹാഭൂരിപക്ഷവും ബാങ്ക് വായ്പാ പദ്ധതികളോ ഗാരൻ്റികളോ മാത്രമായിരുന്നു. അവ പോരാ, ഗവണ്മെൻ്റ് യഥാർഥ ബജറ്റ് ചെലവ് കൂട്ടണം എന്ന് ധനശാസ്ത്രജ്ഞർ ഏതാണ്ട് ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഗവണ്മെൻ്റ് ഇനിയും ആ വഴിക്ക് ആലോചിക്കുന്നില്ല. എന്നു മാത്രമല്ല ബജറ്റിൽ പറഞ്ഞിരുന്ന ചെലവുകൾ തന്നെ ഒഴിവാക്കുന്നു.

ഈ സാമ്പത്തിക വർഷം ഒന്നാം പകുതിയിലെ സർക്കാർ ചെലവുകളുടെ കണക്ക് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സി ജി എ) പ്രസിദ്ധീകരിച്ചതിലാണ് ഈ വിവരം. അർധ വർഷത്തെ മൂലധന ചെലവ് ബജറ്റ് അടങ്കലിൻ്റെ 40 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 55.5 ശതമാനം ചെലവാക്കിയിരുന്നു. ഇക്കൊല്ലം 4.12 ലക്ഷം കോടി രൂപ മൂലധനച്ചെലവ് കണക്കാക്കിയതിൽ 1.66 ലക്ഷം കോടി മാത്രമേ സെപ്റ്റംബർ 30 വരെ ചെലവാക്കിയുള്ളൂ.

കമ്മി വർധിക്കും എന്ന ഭയമാണു സർക്കാരിനെ നയിക്കുന്നത്. എന്നാൽ മൂലധനച്ചെലവടക്കം സർക്കാർ പണം മുടക്കുന്നതു കുറയ്ക്കുമ്പോൾ സാമ്പത്തിക വളർച്ചയ്ക്കാണു തളർച്ച നേരിടുക

* * * * * * * *

ഇന്നത്തെ വാക്ക് : മൂലധനച്ചെലവ്

ആസ്തി ഉണ്ടാക്കുന്ന ചെലവുകളാണ് മൂലധനച്ചെലവുകൾ (Capital expenditure). കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവ നിർമിക്കാനും യന്ത്രങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ വാങ്ങാനും മുടക്കുന്ന പണം ഇതിൽ വരും. കേന്ദ്ര ഗവണ്മെൻ്റ് സംസ്ഥാനങ്ങൾക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ മറ്റു രാജ്യങ്ങൾക്കോ നൽകുന്ന വായ്പയും മൂലധനച്ചെലവാണ്. പൊതു മേഖലാ സ്ഥാപനങ്ങൾക്കു നൽകുന്ന മൂലധന വിഹിതവും വായ്പയും ഇതിൽപെടും.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it