വാക്‌സിന്‍ ആഘോഷം നേരത്തേയാണോ? വിപണിയില്‍ ഇരട്ട ദീപാവലി; ബിഹാറിലേക്കു കണ്ണുനട്ട് നിക്ഷേപകര്‍

ബൈഡന്റെ വിജയം ഒരുക്കിയ ആരവം അടങ്ങും മുമ്പേ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ഫൈസര്‍ കമ്പനിയുടെ അവകാശവാദം ഉയര്‍ത്തിയ ആവേശം. ലോകമെങ്ങും ഓഹരികള്‍ കുതിച്ചു കയറി. സ്വര്‍ണം - വെള്ളി വിലകള്‍ കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില കുതിച്ചു കയറി. ഇന്ത്യന്‍ വിപണി സൂചികകള്‍ ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് കുറിച്ചിരുന്നു. ഇന്നു വീണ്ടും വലിയ റിക്കാര്‍ഡിലേക്കു കുതിക്കുമെന്നാണ് എസ് ജി എക്‌സ് നിഫ്റ്റി നല്‍കുന്ന സൂചന.

ഇന്ന് ഇവയ്‌ക്കൊപ്പം ബിഹാര്‍ തെരഞ്ഞെടുപ്പു ഫലവും ശ്രദ്ധിക്കേണ്ട വിഷയമാണ്. എന്‍ ഡി എയക്ക് വലിയ തോല്‍വി നേരിട്ടാല്‍ വിപണി അല്‍പം ശങ്കിക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തോല്‍വിയായി അതു കണക്കാക്കപ്പെടും. മഹാമാരി അമേരിക്കയില്‍ ട്രംപിനെന്ന പോലെ ഇന്ത്യയില്‍ മോദിക്കു തിരിച്ചടിയാകുമെങ്കില്‍ അതിനു വലിയ പ്രത്യാഘാതമുണ്ടാകും.

* * * * * * * *

സവിശേഷതകളോടെ ഫൈസര്‍ വാക്‌സിന്റെ പ്രഖ്യാപനം


ഫൈസര്‍ കമ്പനി കോവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ വലിയ നേട്ടം കൈവരിച്ചതായി അവകാശപ്പെട്ടത് വിപണികളെ ആവേശം കൊള്ളിച്ചു. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന മൂന്നാം ഘട്ട പരീക്ഷണത്തിന്റെ പ്രാരംഭ ഇടക്കാല ഫലം, വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്നു കാണിച്ചു. ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു കമ്പനിയുടെ സിഇഒ അവകാശപ്പെട്ടു.

ലോക വ്യാപകമായി 44,000-ലേറെ പേരില്‍ നടത്തുന്ന മൂന്നാം ഘട്ട പരീക്ഷണത്തില്‍ 94 പേരുടെ വിവര ങ്ങള്‍ വച്ചുള്ളതാണ് അവകാശവാദം. ഡിസംബര്‍ രണ്ടാം വാരത്തോടെ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ വച്ച് റിപ്പോര്‍ട്ട് ആകും.

ഏറ്റവുമധികം വിറ്റുവരവുള്ള ഔഷധ കമ്പനിയാണു ഫൈസര്‍.വയാഗ്ര, അട്ടോര്‍വസ്റ്റാറ്റിന്‍, അസിത്രോമൈസിന്‍, ലിപിറ്റോര്‍ തുടങ്ങിയവയുടെ പേറ്റന്റ് ഉള്ള കമ്പനിയാണിത്. ജര്‍മനിയിലെ ബയോ എന്‍ടെക് എന്ന ചെറിയകമ്പനിയുടെ ഒരു രാസ സംയുക്തമാണു ഫൈസര്‍ വാക്‌സിന്റെ ആധാരം.

50 ശതമാനം ഫലപ്രാപ്തിയെങ്കിലും വാക്‌സിനു വേണമെന്നാണു യുഎസ് എഫ്ഡിഎ നിര്‍ദേശിച്ചിട്ടുള്ളത്. ഫൈസര്‍ 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെട്ടത് ഈ വാക്‌സിനെപ്പറ്റി പ്രതീക്ഷ ജനിപ്പിച്ചു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ, അസ്ട്ര സെനക്ക, എലി ലിലി എന്നിവയും ചൈനയിലെ രണ്ടു കമ്പനികളും ഒരു റഷ്യന്‍ കമ്പനിയും വാക്‌സിന്‍ ഗവേഷണത്തിന്റെ മുന്‍ നിരയിലുണ്ട്. ഇന്ത്യയിലെ ഭാരത് ബയോടെക്കും വാക്‌സിന്‍ ഗവേഷണത്തിലുണ്ട്.

ഫൈസറിന്റെ പ്രഖ്യാപനം ഓഹരി വില ഏഴു ശതമാനത്തിലേറെ ഉയരാന്‍ സഹായിച്ചു. ബയോ എന്‍ടെക്കിന് 14 ശതമാനത്തിലേറെ കുതിപ്പുണ്ടായി. ഗവേഷണ രംഗത്തുള്ള കമ്പനികളുടെ ഓഹരികള്‍ക്കു വില ഇടിഞ്ഞു.

അമേരിക്കയില്‍ ഔഷധ കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഈ മാസാവസാനം ഫൈസറിന്റെ വാക്‌സിന്‍ പരീക്ഷണ റിപ്പോര്‍ട്ട് വിലയിരുത്തും. യൂറോപ്യന്‍ ഡ്രഗ് അഥോറിറ്റിയും ഗവേഷണഫലം വിലയിരുത്തണം.


* * * * * * * *

മെസഞ്ചര്‍ ആര്‍എന്‍എ എന്ന പുതിയ സങ്കേതംj

മെസഞ്ചര്‍ ആര്‍ എന്‍ എ (റിബോ ന്യൂക്ലിയിക് ആസിഡ്) ആധാരമാക്കിയുള്ളതാണ് ഫൈസറിന്റെ വാക്‌സിന്‍. മോഡേണയും ഇതേ സാങ്കേതിക തയാണ് അവലംബിക്കുന്നത്. അവരുടെ പ്രാരംഭ ഫലവും ഈ മാസം ഉണ്ടാകും.

രക്തത്തില്‍ വൈറസിന്റെ തന്നെ പാത്തോജനുകളെ ഉണ്ടാക്കി രോഗാണുവിനെ ചെറുക്കുന്ന പരമ്പരാഗത വാക്‌സിന്‍ സാങ്കേതികതയല്ല മെസഞ്ചര്‍ ആര്‍ എന്‍ എ ഉപയോഗത്തില്‍ ഉള്ളത്. ഒരു നിശ്ചിത പ്രോട്ടീന്‍ അല്ലെങ്കില്‍ രാസ സംയുക്തം നിര്‍മിക്കാനുള്ള ദൗത്യവുമായി കോശ കേന്ദ്രത്തിലെ ഡി എന്‍ എ യില്‍ നിന്നു സൈറ്റോ പ്ലാസത്തിലേക്കു വരുന്നവയാണ് മെസഞ്ചര്‍ ആര്‍ എന്‍എകള്‍. കോ വിഡ് ഉണ്ടാക്കുന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടാല്‍ അതിന്റെ പുനരുല്‍പാദന ശേഷി ഇല്ലാതാക്കി നിഷ്ഫലമാക്കുന്ന ദൗത്യമാണ് ഈ വാക്‌സിനിലെ മെസഞ്ചര്‍ ആര്‍ എന്‍ എ യ്ക്കുള്ളത്.

* * * * * * * *

ആഘോഷം നേരത്തേയാണോ?

ഫൈസറിന്റെ പ്രഖ്യാപനം വന്നതോടെ കോവിഡിനു വാക്‌സിന്‍ വിപണിയിലിറങ്ങി എന്ന മട്ടിലുള്ള ഘോഷമാണു കമ്പോളങ്ങളില്‍ ഉണ്ടായത്. ഇനി എല്ലാം പഴയപോലെയാകും എന്ന മട്ടിലായി കമ്പോളം. റിസ്‌ക് കുറഞ്ഞവയില്‍ നിന്നു റിസ്‌ക് കൂടിയവയിലേക്കു പണം നീങ്ങി.

ഹോട്ടല്‍, വിമാന കമ്പനി ഓഹരികള്‍ കുതിച്ചു. കോ വിഡ് കാലത്തു വെബിനാറുകളും അധ്യാപനവും നടത്താന്‍ ഉപയോഗിച്ചിരുന്ന സൂമിന്റെ കമ്പനിക്കു വിലയിടിഞ്ഞു. ഗൂഗിള്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവയുടെ വിലയും താണു. ഫേസ്ബുക്കിനും ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണിനും വില കുത്തനെ ഇടിഞ്ഞു. ഡൗ ജോണ്‍സ് സൂചിക കുതിച്ചപ്പോള്‍ നാസ്ഡാക് താഴോട്ടു പോയത് അങ്ങനെയാണ്.

ഈ ആഘോഷത്തിനു സമയമായില്ലെന്നു കരുതുന്ന ഏറെപ്പേരുണ്ട്. ഫൈസറിന്റെ വാക്‌സിന്‍ സൂക്ഷിപ്പും വിതരണവും വളരെ ചെലവേറിയതാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മൈനസ് 70 ഡിഗ്രിയില്‍ വേണം ഇതു സൂക്ഷിക്കാന്‍. പൂജ്യത്തിനടുത്ത ഊഷ്മാവില്‍ 24 മണിക്കൂറിലേറെ ഇരുന്നാല്‍ ഇതു ഫലപ്രദമല്ലാതാകും.

നൂറില്‍ താഴെ പേര്‍ പ്രതിരോധശേഷി ആര്‍ജിച്ചെന്ന കണ്ടെത്തല്‍ ആണ് ഇതുവരെയുള്ളത്. വിവിധ രാജ്യങ്ങളിലെ പതിനായിരക്കണക്കിനു പേരുടെ ഫലം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ.

ഒരു വര്‍ഷത്തേക്കു പ്രതിരോധശേഷി നിലനില്‍ക്കും എന്നാണു ഫൈസര്‍ കമ്പനി അവകാശപ്പെടുന്നത്.


* * * * * * * *


സ്വര്‍ണം ഇടിഞ്ഞു, ക്രൂഡിനു കയറ്റം

വാക്‌സിന്‍ പ്രഖ്യാപനം കോവിഡ് കാല ആശങ്കകള്‍ മുഴുവന്‍ മാറ്റിയ മട്ടിലാണ് ഉല്‍പന്ന വിപണികള്‍ ഇന്നലെ പ്രവര്‍ത്തിച്ചത്. 1961 ഡോളറില്‍ നിന്നു 2000-നു മുകളിലേക്കു പോകുമെന്നു കരുതിയ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. 1855 ഡോളര്‍ വരെ താണ സ്വര്‍ണം ഇന്നു രാവിലെ ഔണ്‍സിന് 1872 ഡോളറിലാണ്. സമീപകാലത്തെ ഏറ്റവും വലിയ ഏകദിന താഴ്ചയാണു തിങ്കളാഴ്ചത്തേത്. വെള്ളി വില ഏഴു ശതമാനം താണത് അപ്രതീക്ഷിതമായി. അമിത വില്‍പന സമ്മര്‍ദമാണ് ഇടിവിനു കാരണം.

വാക്‌സിന്‍ വന്നാല്‍ സാമ്പത്തിക വളര്‍ച്ച വേഗത്തിലാകും, യാത്രകള്‍ കൂടും എന്നൊക്കെയുള്ള കണക്കുകൂട്ടലുകള്‍ ക്രൂഡ് വിലയെ ഉയര്‍ത്തി. ജനുവരിക്കു ശേഷവും ഉല്‍പാദന നിയന്ത്രണം തുടരുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനവും വില കൂടാന്‍ സഹായിച്ചു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 42 ഡോളറിനു മുകളിലായി .


* * * * * * * *

ടൂ വീലര്‍ വില്‍പന കുറയുന്നത് എന്തുകൊണ്ട്?

കമ്പനികളുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം കാണിക്കുന്ന വാഹന വില്‍പനക്കണക്കുമായി ഓട്ടോ ഡീലര്‍മാരുടെ സംഘടന. ഒക്ടോബറിലെ വാഹന വില്‍പന തലേ ഒക്ടോബറിലേതിലും 24 ശതമാനം കുറവാണെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (ഫാഡ) . എന്നാല്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടുതലാണ് വില്‍പന.

കഴിഞ്ഞ വര്‍ഷം നവരാത്രിയും ദീപാവലിയും ഒക്ടോബറിലായിരുന്നു. ഈ വര്‍ഷം ഇവ രണ്ടു മാസത്തിലാണ്. വില്‍പന കുറയാന്‍ ഇതും കാരണമാണ്.

വാഹന രജിസ്‌ട്രേഷന്‍ കണക്കുകള്‍ ആധാരമാക്കിയാണ് ഫാഡയുടെ കണക്ക്. കമ്പനികളാകട്ടെ ഡീലര്‍മാരുടെ പക്കലേക്ക് അയയ്ക്കുന്ന വാഹനങ്ങളുടെ കണക്കാണു പുറത്തുവിടുന്നത്.

ഫാഡ കണക്കനുസരിച്ച് കാര്‍ വില്‍പനയില്‍ 8.8 ശതമാനം ഇടിവാണ് ഒക്ടോബറിലുള്ളത്. ടൂ വീലര്‍ വില്‍പനയാകട്ടെ 26.8 ശതമാനം താഴെയായി. ത്രീവീലര്‍ വില്‍പന 64.5 ശതമാനം ഇടിഞ്ഞു. വാണിജ്യ വാഹന വില്‍പനയാകട്ടെ 30.3 ശതമാനം താഴോട്ടു പോയി. ആശ്വാസകരമായ ഏക കണക്ക് ട്രാക്ടര്‍ വില്‍പനയുടേതാണ്. നല്ല മണ്‍സൂണിന്റെ ഫലമായി ട്രാക്ടര്‍ വില്‍പന 55.5 ശതമാനം കണ്ട് കുതിച്ചു.

കാറുകളുടെ പുതിയ മോഡലുകള്‍ക്കു നല്ല സ്വീകരണം ഉണ്ട്. എന്നാല്‍ ടൂ വീലറുകളിലെ വില കുറഞ്ഞവയ്ക്കു വലിയ നീക്കമില്ല. താഴ്ന്ന ഇടത്തരക്കാരുടെ ക്രയശേഷി താഴ്ന്നു നില്‍ക്കുന്നു എന്നാണ് ടൂ വീലര്‍ - ത്രീവീലര്‍ വില്‍പനയിലെ വലിയ ഇടിവ് കാണിക്കുന്നത്.


* * * * * * * *


ഇന്നത്തെ വാക്ക് : നാസ്ഡാക്


ന്യു യോര്‍ക്ക് ആസ്ഥാനമായുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. 1971-ല്‍ തുടക്കം. ന്യു യോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കഴിഞ്ഞാല്‍ ടേണോവറില്‍ മുന്നില്‍. ടെക്‌നോളജി കമ്പനികളുടെ വ്യാപാരത്തില്‍ ഒന്നാം സ്ഥാനത്ത്. നാസ്ഡാക് സൂചിക ടെക് കമ്പനികളുടെ വിപണി സൂചിക എന്നാണറിയപ്പെടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it