വിലക്കയറ്റം കുറയുന്നില്ല, വ്യവസായം തളര്‍ന്നു തന്നെ; രാജ്യം വളരാന്‍ വേണ്ടത് ചെയ്യുന്നില്ല, ഇന്ത്യയ്ക്ക് മേല്‍ ഫൈസറിന്റെ സമ്മര്‍ദ്ദം!

കോവിഡ് വാക്‌സിനും ബിഹാറിലെ എന്‍ഡിഎ മുന്നേറ്റവും ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരി സൂചികകളെ പുത്തന്‍ ഉയരങ്ങളിലെത്തിച്ചു. യൂറോപ്പും ആവേശം തുടര്‍ന്നു. അമേരിക്കയില്‍ ടെക്‌നോളജി ഓഹരികള്‍ തളര്‍ച്ച തുടര്‍ന്നെങ്കിലും മറ്റു സൂചികകള്‍ ഉയര്‍ന്നു. രാവിലെ ഏഷ്യന്‍ സൂചികകള്‍ നേട്ടം തുടര്‍ന്നു. ചൈനയില്‍ ചില നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത് സൂചിക താഴാനിടയാക്കി.

എസ്ജിഎക്‌സ് നിഫ്റ്റി നല്കുന്ന സൂചന വിപണിയില്‍ ഉണര്‍വോടെയുള്ള തുടക്കമാണ്. സാങ്കേതിക വിശകലനങ്ങളും നിഫ്റ്റി മുന്നേറ്റത്തിന് ഊര്‍ജമുള്ളതായി കാണിക്കുന്നു.

ഐ ടി, ഫാര്‍മ ഓഹരികള്‍ ഇന്നലെ താഴോട്ടു നീങ്ങി. ഇന്ത്യന്‍ ഐടിക്കു ബൈഡന്‍ ഭരണത്തില്‍ നേട്ടം പ്രതീക്ഷിക്കാം. എന്നാല്‍ കോവിഡ് ഭീതി അകന്നത് ഐടിക്കു ചില്ലറയല്ലാത്ത ക്ഷീണം വരുത്തുമെന്നു ചിലര്‍ കരുതുന്നു. വര്‍ക്ക് ഫ്രം ഹോമും മറ്റും ഐടി കമ്പനികള്‍ക്ക് നല്ല കാലം ഒരുക്കിയിരുന്നു. അതു മാറും. ഫാര്‍മ മേഖലയില്‍ ഫൈസറിന്റെ ഇന്ത്യന്‍ ഉപകമ്പനി ഇന്നലെ 20 ശതമാനം കുതിച്ചു. മറ്റു കമ്പനികള്‍ക്കു ക്ഷീണമായിരുന്നു. ഫാര്‍മയില്‍ വിപണി സമീപനം തിരുത്തേണ്ടി വരും.

കോവിഡ് വാക്‌സിന്‍ വരുന്നത് യാത്ര, ഹോട്ടല്‍ മേഖല പോലെ റിയല്‍ എസ്റ്റേറ്റിനും ഗുണം ചെയ്യുമെന്നാണു നിഗമനം. റസ്റ്ററന്റ്, ഉല്ലാസ മേഖലകളും അതോടൊപ്പം തിരിച്ചുകയറും.


* * * * * * * *


ക്രൂഡ് കയറുന്നു

വാക്‌സിന്‍ ഉണ്ടാകുമെന്ന വിശ്വാസം സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുമെന്ന പ്രതീക്ഷ ഉല്‍പന്ന കമ്പോളങ്ങളെയും ഉണര്‍ത്തി. ക്രൂഡ് ഓയ്ല്‍ നല്ല കുതിപ്പിലാണ്. കഴിഞ്ഞയാഴ്ച വീപ്പയ്ക്ക് 39 ഡോളറിനു താഴെയെത്തിയ ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നലെ 44 ഡോളറിലേക്കു കയറി. ഈ 12 ശതമാനം നേട്ടം ഇനി മുന്നോട്ടു പോകാനിടയില്ല. ഒപെകിന്റെ ഉല്‍പാദന നിയന്ത്രണം അംഗങ്ങള്‍ പാലിക്കാത്തതാണു കാരണം.

സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 1889 ഡോളര്‍ വരെ കയറിയിട്ട് ഇന്നു രാവിലെ 1878- 79 ഡോളറിലാണ്. സ്വര്‍ണ ബുള്ളുകള്‍ വിപണിയെ ഉയര്‍ത്താനുള്ള ശ്രമം തുടരും.

ഡോളറും നേരിയ കയറ്റിറക്കത്തില്‍ തുടരുന്നു. 74.18 രൂപയിലാണ് ഇന്നലെ ഡോളര്‍ ക്ലോസ് ചെയ്തത്.

* * * * * * * *


വിലക്കയറ്റം കുറയുന്നില്ല, വ്യവസായം തളര്‍ന്നു തന്നെ

വിലക്കയറ്റവും വ്യവസായ വളര്‍ച്ചയും സംബന്ധിച്ച രണ്ടു സുപ്രധാന സൂചികകള്‍ ഈ ദിവസങ്ങളില്‍ പുറത്തുവരും. ഒക്ടോബറിലെ ചില്ലറ വിലക്കയറ്റ നിരക്ക് കാണിക്കുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സും (സിപിഐ) സെപ്റ്റംബറിലെ വ്യവസായ ഉല്‍പാദന സൂചികയും (ഐഐപി).

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സെപ്റ്റംബറില്‍ ഏഴു ശതമാനത്തിനു മുകളിലായിരുന്നു. ഒക്ടോബറിലും അങ്ങനെയായിരിക്കുമെന്നാണു നിഗമനം. റോയിട്ടേഴ്‌സ് സര്‍വേയില്‍ പങ്കെടുത്ത ധനശാസ്ത്രജ്ഞര്‍ 7.3 ശതമാനം ചില്ലറ വിലക്കയറ്റമാണു പ്രവചിച്ചത്. സെപ്റ്റംബറില്‍ 7.34 ശതമാനമായിരുന്നു സിപിഐയിലെ വര്‍ധന. തുടര്‍ച്ചയായി ആറു മാസം വിലക്കയറ്റം ഏഴു ശതമാനത്തിനു മുകളിലാണ്. 2014- നു ശേഷം ഉയര്‍ന്ന വിലക്കയറ്റം ഇത്ര കാലം നീളുന്നത് ഇതാദ്യമാണ്. 2014-ല്‍ വീപ്പയ്ക്കു 110 ഡോളറിനു മുകളിലായിരുന്ന ക്രൂഡ് ഓയില്‍ വിലയായിരുന്നു വില്ലന്‍. ഇത്തവണ കാലാവസ്ഥയും ലോക്ക് ഡൗണ്‍ -ഗതാഗത പ്രശ്‌നങ്ങളും.

കാലം തെറ്റി പെയ്ത കനത്ത മഴ മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിളകള്‍ക്കു വലിയ നാശം വരുത്തി. സവാള, ഉള്ളി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞതു വില കുതിക്കാന്‍ കാരണമായി. ഇറക്കുമതി യൊന്നും വിപണിയെ ശാന്തമാക്കിയില്ല. ഭക്ഷ്യ എണ്ണ വിലയും ഉയര്‍ന്നു നില്‍ക്കുകയാണ്.

ചില്ലറ വിലക്കയറ്റം ആറു ശതമാനത്തില്‍ താഴെ നില്‍ക്കത്തക്ക വിധം പണ നയം ക്രമീകരിക്കാനാണ് റിസര്‍വ് ബാങ്കിനുള്ള നിര്‍ദ്ദേശം. സിപിഐ വിലക്കയറ്റം ഏഴിനു മുകളിലാകുമ്പോള്‍ പലിശ കുറയ്ക്കുന്ന കാര്യം റിസര്‍വ് ബാങ്കിന് ആലോചിക്കാന്‍ പറ്റില്ല.

സെപ്റ്റംബറിലെ വ്യവസായ ഉല്‍പാദന സൂചികയില്‍ രണ്ടു ശതമാനം ഇടിവുണ്ടാകുമെന്നാണ് ധനശാസ്ത്രജ്ഞരുടെ നിഗമനം. അടിസ്ഥാന സൗകര്യ മേഖല തളര്‍ച്ചയിലാണെന്നു കാതല്‍ മേഖലയുടെ സെപ്റ്റംബറിലെ ഉല്‍പാദന സൂചിക 0.8 ശതമാനം കുറഞ്ഞപ്പോള്‍ വ്യക്തമായിരുന്നു. ഐ ഐപി യില്‍ 40 ശതമാനം കാതല്‍ മേഖലയുടെ പങ്കാണ്. ഇതു തുടര്‍ച്ചയായ ഏഴാമത്തെ മാസത്തെ ഉല്‍പാദനക്കുറവാകും. 2009 - നു ശേഷം ഇത്ര നീണ്ട കാലത്തെ വ്യവസായ മാന്ദ്യം രാജ്യത്ത് ഉണ്ടായിട്ടില്ല.

* * * * * * * *


വളരാന്‍ വേണ്ടത് ചെയുനില്ല

സാമ്പത്തിക വളര്‍ച്ചയെപ്പറ്റി ധാരാളം അവകാശവാദങ്ങള്‍ കേള്‍ക്കാം. ഒപ്പം ഉപദേശങ്ങളും. അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനു കൂടുതല്‍ പണം മുടക്കിയാലേ വളര്‍ച്ച ഉണ്ടാകൂ എന്നാണ് ഉപദേശം.

അവകാശവാദവും ഉപദേശവും പോലെ ഒന്നും നടക്കുന്നില്ല എന്നതാണു സത്യം. കേന്ദ്രവും സംസ്ഥാനങ്ങളും മൂലധനച്ചെലവ് കുറയ്ക്കുകയാണ്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്ര യുടെ പഠനത്തില്‍ കാണുന്നത് സംസ്ഥാനങ്ങള്‍ അടിസ്ഥാന സൗകര്യ മേഖലയിലെ മൂലധന നിക്ഷേപം 40 ശതമാനം കുറയ്ക്കുമെന്നാണ്. 2020-21 ലേക്ക് സംസ്ഥാനങ്ങള്‍ ബജറ്റില്‍ ലക്ഷ്യമിട്ട ചെലവ് 5.7 ലക്ഷം കോടി രൂപ. പക്ഷേ വരുമാനം കുറഞ്ഞതോടെ ഇതില്‍ 40 ശതമാനമെങ്കിലും കുറയ്‌ക്കേണ്ടി വരും. കോവിഡ് മൂലമുള്ള മാന്ദ്യം മറികടക്കാന്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടപ്പോള്‍ അവ പതിവിലും കുറവാകുന്നു. ജിഡിപി വളര്‍ച്ചയെപ്പറ്റിയുള്ള അവകാശവാദങ്ങള്‍ വെറും വാചകമടിയായി ശേഷിക്കുമെന്നു തീര്‍ച്ച. നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുന്നതാണ് മാന്ദ്യം മറികടക്കാനുള്ള ഏക വഴിയെന്നു ലോകം കണ്ടിട്ടുള്ളതാണ്. പക്ഷേ അതു കാണാത്ത മട്ടാണ് ഇവിടെ


* * * * * * * *

ഫൈസറില്‍ ആവേശം വരാത്തതിനു കാരണം ഇത്

ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിനെപ്പറ്റി ഏറെ ആവേശം ലോകമാകെ വിപണികളിലുണ്ടായി. എന്നാല്‍ ഇന്ത്യയില്‍ അത്ര ആവേശം ആ നേട്ടത്തെപ്പറ്റി ഉണ്ടായില്ല. അതിനു കാരണമുണ്ട്. ഫൈസറിന്റെ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് ഒരു കമ്പനിയുമായും കരാര്‍ ഉണ്ടാക്കിയിട്ടില്ല.

ഇന്ത്യയില്‍ നിര്‍മാണ കരാര്‍ ഉള്ള രണ്ടു വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ലഭിക്കും. ഓക്‌സ്ഫഡും അസ്ട്രാ സെനക്കയും ചേര്‍ന്നു തയാറാക്കുന്ന കോവി ഷീല്‍ഡ് വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യയുടെ സ്പുട്‌നിക് ഡോ.റെഡ്ഡീസ് ലാബുമാണു നിര്‍മിക്കുക.

ഫൈസറിന്റെ ഗവേഷണം സര്‍ക്കാര്‍ സഹായമില്ലാതെയാണ്. ഒരു ഡോസിന് 39 ഡോളര്‍ (2870 രൂപയോളം) വില വരും ഇതിന്. അസ്ട്രാ സെനക്കയുടെ വാക്‌സിന്‍ ഡോസിന് 225 രൂപ വിലവരുന്ന വിധമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഉണ്ടാക്കിയത്. റഷ്യന്‍ സ്പുട്‌നിക്കിന്റെ വില പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും കോവി ഷീല്‍ഡിന്റേതിലും ഗണ്യമായി കുറവാകുമെന്നു സൂചനയുണ്ട്.


* * * * * * * *

വാക്‌സിനില്‍ നേട്ടവും കോട്ടവും

തുടര്‍ച്ചയായ ഏഴു ദിവസത്തെ ഉയര്‍ച്ചയോടെ സെന്‍സെക്‌സിനുണ്ടായ നേട്ടം 3660 പോയിന്റാണ്. ഇന്നലെ മാത്രം 680 പോയിന്റ് കയറി.

ഫൈസറിന്റെ വാക്‌സിന്‍ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ വിമാന കമ്പനികള്‍ക്കും ഹോട്ടലുകള്‍ക്കും ഇന്നലെ നല്ല കുതിപ്പായിരുന്നു. ഇന്‍ഡിഗോയുടെ ഉടമകളായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന് ഒന്‍പതു ശതമാനം വില കൂടി. ഇന്ത്യന്‍ ഹോട്ടല്‍ സിന് പതിന്നാലും ലെമണ്‍ ട്രീക്ക് പത്തും ശതമാനം വില ഉയര്‍ന്നു.

ബാങ്കുകള്‍ക്കും ധനകാര്യ കമ്പനികള്‍ക്കും ഇന്നലെ നല്ല ദിവസമായി. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് 7.7 ശതമാനം ഉയര്‍ച്ച ഉണ്ടായി. എസ് ബി ഐ ഓഹരിക്ക് 5.6 ശതമാനം വില കയറി. ബജാജ് ഫിനാന്‍സിന് 8.9 ശതമാനം കയറ്റമുണ്ടായി.

വാക്‌സിന്‍ പ്രഖ്യാപനം മരുന്നു കമ്പനികള്‍ക്കു തിരിച്ചടിയായി. നിഫ്റ്റി ഫാര്‍മ സൂചിക 4.33 ശതമാനം ഇടിഞ്ഞു.


* * * * * * * *

വാക്‌സിന്‍ വാങ്ങിക്കാന്‍ സമ്മര്‍ദ്ദം

ഫൈസര്‍ കമ്പനി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാന്‍ ശ്രമം തുടങ്ങി. മൈനസ് 80 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചാല്‍ മാത്രം ഫലപ്രദമാകുന്നതാണ് ഇത്. ഇതിനു വേണ്ട കോള്‍ഡ് സ്റ്റോറേജ് ശൃംഖല ഇപ്പോള്‍ രാജ്യത്തില്ല. അങ്ങനെയൊന്നു തയാറാക്കുന്നതിന്റെ ചെലവും അതിഭീമമാണ്. രാജ്യവുമായി ധാരണയുള്ള മറ്റു കമ്പനികളുടെ വാക്‌സിനുകളെ കാത്തിരിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഫൈസര്‍ വാക്‌സിന്റെ വിലയും താങ്ങാവുന്നതിലധികമാണ്

* * * * * * * *


ഇന്നത്തെ വാക്ക് : സെന്‍സെക്‌സ്


ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (ബിഎസ്ഇ) ഏറ്റവും പ്രധാന സൂചിക. സെന്‍സിറ്റീവ് ഇന്‍ഡെക്‌സ് എന്നതിന്റെ ചുരുക്കമാണു സെന്‍സെക്‌സ്. ഏറ്റവും പ്രധാനപ്പെട്ട 30 ഓഹരികളുടെ വിലയും വ്യാപാര വ്യാപ്തവും കണക്കിലെടുത്താണ് സൂചിക തയാറാക്കുന്നത്. 1979-ലാണു സൂചിക തയാറാക്കല്‍ തുടങ്ങിയത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it