ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തില്‍; ഉത്തേജകമില്ലെങ്കില്‍ വിപണി തളരും, ആത്മനിര്‍ഭര്‍ഭാരതും രണ്ടു ലക്ഷം കോടിയും

വിപണിയെ മുന്നോട്ടു നയിക്കാന്‍ തക്ക നല്ല വാര്‍ത്തകള്‍ ലഭിക്കുന്നില്ലെങ്കില്‍ നിലവിലെ ബുള്‍ തരംഗത്തിനു വിരാമമിടാനുള്ള അന്തരീക്ഷമാണ് ഒരുങ്ങുന്നത്. 12,749.15-ല്‍ നില്‍ക്കുന്ന നിഫ്റ്റിക്കും 43,593.67-ല്‍ നില്‍ക്കുന്ന സെന്‍സെക്‌സിനും പുതിയ എന്തെങ്കിലും തള്ളു ലഭിച്ചേ മതിയാകൂ. എസ് ജി എക്‌സ് നിഫ്റ്റി നല്‍കുന്ന സൂചനയും നേരിയ മടുപ്പിന്റേതാണ്.
ഏഴു ലക്ഷം കോടി രൂപയുടെ ഒരു വമ്പന്‍ ഉത്തേജക പദ്ധതി കേന്ദ്രം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട് ഇന്നു വിപണിയെ സഹായിച്ചേക്കും. ജി എസ് ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തേക്ക് ശമ്പളം നലകുന്നതിന് സബ്‌സിഡി അടക്കമുള്ളതാണു പദ്ധതി എന്നാണു റിപ്പോര്‍ട്ട്. ഹോട്ടലുകള്‍ അടക്കമുള്ള മേഖലകള്‍ക്ക് ഒരു ആശ്വാസ പദ്ധതി വരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവ യഥാര്‍ഥത്തില്‍ വന്നാലേ എന്തെങ്കിലും പറയാനാവൂ. മുന്‍ ആശ്വാസ- ഉത്തേജക പദ്ധതികള്‍ പോലെ വാചകമടി മാത്രമാകുമോ എന്നാണു സംശയം.
റിലയന്‍സ് ഓഹരികള്‍ക്കു നാലു ശതമാനത്തോളം വിലയിടിഞ്ഞതാണ് ഇന്നലെ സൂചികകളുടെ കുതിപ്പിനു കടിഞ്ഞാണിട്ടത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തുണ്ട്. മോര്‍ഗന്‍ സ്റ്റാന്‍ലി നിക്ഷേപ സൂചികയില്‍ ഇന്ത്യയുടെ അനുപാതം വര്‍ധിപ്പിച്ചതും സഹായകമായി.
* * * * * * * *
8.6ശതമാനം ചുരുങ്ങിയെന്ന് റിസര്‍വ് ബാങ്ക്
ജൂലൈ - സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 8.6 ശതമാനം ചുരുങ്ങിയെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10 ശതമാനത്തിലേറെ ചുരുങ്ങുമെന്നു പലരും പ്രവചിച്ചിരുന്ന സ്ഥാനത്താണിത്.
രണ്ടു പാദം തുടര്‍ച്ചയായി ജിഡിപി കുറഞ്ഞതോടെ രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലായി. നാലു ദശകത്തിനുള്ളില്‍ ആദ്യമാണ് ഇന്ത്യ സാങ്കേതികാര്‍ഥത്തില്‍ മാന്ദ്യത്തിലാകുന്നത്. 1980-ലായിരുന്നു മുമ്പത്തെ മാന്ദ്യം.
ഒക്ടോബറിലെ സാമ്പത്തിക സൂചകങ്ങള്‍ നല്ല തിരിച്ചുവരവ് സൂചിപ്പിക്കുന്നതായും റിസര്‍വ് ബാങ്ക് പ്രതിമാസ ബുള്ളറ്റിനില്‍ പറഞ്ഞു. ഈ ഉണര്‍വ് തുടര്‍ന്നാല്‍ മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കാം. മൂന്നാം പാദത്തില്‍ ജിഡിപി ചുരുങ്ങുമെന്നും നാലാംപാദത്തില്‍ നേരിയ വളര്‍ച്ച കാണിക്കുമെന്നുമാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം പ്രവചിച്ചിരുന്നത്. പുതിയ നിഗമനം വളരെ ആശ്വാസകരമാണ്.
* * * * * * * *
ആത്മനിര്‍ഭര്‍ഭാരതും രണ്ടു ലക്ഷം കോടിയും
രാജ്യത്തെ തൊഴിലും ഉല്‍പാദനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് ഇന്നലെ 1.45 ലക്ഷം കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ പദ്ധതിക്കു പ്രഖ്യാപിച്ച മൊത്തം തുക രണ്ടു ലക്ഷം കോടി രൂപയ്ക്കു മുകളിലായി .
ലക്ഷം കോടികളുടെ കണക്കു കേട്ട് ഞെട്ടേണ്ട കാര്യമില്ല. ഉല്‍പാദനവുമായി ബന്ധിപ്പിച്ച പ്രോത്സാഹനപദ്ധതി (പി എല്‍ഐ) ഓരോ മേഖലയിലും ഉല്‍പാദനം വര്‍ധിക്കുമ്പോള്‍ മാത്രം നല്‍കേണ്ട ആനുകൂല്യങ്ങളാണ്. ബജറ്റിനെ ബാധിക്കാവുന്ന തുകകള്‍ ഒന്നും വരില്ല. അഞ്ചു വര്‍ഷം കൊണ്ടു മൂന്നു ലക്ഷത്തോളം തൊഴില്‍ ഉണ്ടാക്കാന്‍ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ.
നേരത്തേ മൂന്നു മേഖലകളിലായിരുന്നു പിഎല്‍ഐ പ്രഖ്യാപിച്ചത്. മൊബൈലുകളുടെയും ഇലക്ട്രോണിക് ഘടകങ്ങളുടെയും ഉല്‍പാദനം (40,951 കോടി), ഔഷധ ഘടകങ്ങള്‍ (6940 കോടി), മെഡിക്കല്‍ ഉപകരണങ്ങള്‍ ( 3420 കോടി എന്നിവയാണവ. അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ ബാറ്ററി (18,100 കോടി, ഔഷധങ്ങള്‍ ( 15,000 കോടി), മൊബൈല്‍ ഫോണും ഘടകങ്ങളും ( 40,951 കോടി), വാഹനങ്ങളും ഘടകങ്ങളും ( 57,042 കോടി), ഭക്ഷ്യപദാര്‍ഥങ്ങള്‍ ( 10,900 കോടി), വസ്ത്രങ്ങള്‍ ( 10, 683 കോടി) തുടങ്ങിയ മേഖലകളാണു പുതിയ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നത്.
* * * * * * * *
ആശ്വാസം - അതിര്‍ത്തി ശാന്തിയിലേക്ക്
ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നത്തിനു പരിഹാരം ആസന്നമായെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരു സേനകളും ഘട്ടം ഘട്ടമായി പിന്മാറുന്ന ഒരു ധാരണയാണ് ഇപ്പോള്‍ ഉള്ളത്. ഏപ്രിലിലെ നില പുനഃസ്ഥാപിക്കും എന്നാണു സൂചന.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ കൈയേറ്റത്തിന്റെ വ്യാപ്തി പൊതുജനങ്ങള്‍ക്കറിയില്ല. പിന്മാറ്റം എത്രമാത്രമെന്നും അറിയാന്‍ മാര്‍ഗമില്ല. 'നോ മാന്‍സ് ലാന്‍ഡ് ' പോലെ ഒരു ബഫര്‍ സോണ്‍ അതിര്‍ത്തിയില്‍ ഉണ്ടാക്കുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതെന്തായാലും അതിര്‍ത്തിയിലെ യുദ്ധഭീതി അകലുന്നത് സമ്പദ്ഘടനയ്ക്ക് ആശ്വാസകരമാണ്. കടുത്ത ശീതകാലത്ത് വലിയൊരു സേനാ വിഭാഗത്തെ യുദ്ധ സജ്ജരായി നിര്‍ത്തുന്നതിന്റെ ബാധ്യത വളരെ വലുതാകുമായിരുന്നു. അതൊഴിവായത് ആശ്വാസകരമാണ്.
* * * * * * * *
വാഹനവില്പന: കമ്പനികളുടെ കണക്കില്‍ വലിയ വര്‍ധന.
ഒക്ടോബറിലെ വാഹന വില്‍പനയില്‍ വന്‍ കുതിപ്പെന്ന് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മനുഫാക്ചറേഴ്‌സ് ). യാത്രാ വാഹന വില്‍പനയില്‍ 14.9 ശതമാനം വര്‍ധനയാണുള്ളത്. ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പന ഉള്‍പ്പെടുത്താതെ 3,10,294 യാത്രാ വാഹനങ്ങള്‍ കഴിഞ്ഞ മാസം വിറ്റു.
ടൂ വീലര്‍ വില്‍പന 16.88 ശതമാനം വര്‍ധിച്ച് 20,53,814 ആയി. എന്നാല്‍ ത്രീവീലര്‍ (ഓട്ടോറിക്ഷ) വില്‍പന 60.91 ശതമാനം താണ് 26,187-ല്‍ എത്തി.
സിയാം നല്കുന്ന കണക്ക് വാഹന നിര്‍മാതാക്കളുടെ പക്കല്‍ നിന്നു ഡീലര്‍മാരുടെ പക്കലേക്ക് വാഹനം നീങ്ങുന്നതിന്റെയാണ്. ഡീലറുടെ പക്കല്‍ നിന്നുള്ള വില്‍പന ഇത്രയും വരാറില്ല. കഴിഞ്ഞ മാസം ഉത്സവ സീസണ്‍ ണിച്ചു കൂടുതല്‍ വാഹനങ്ങള്‍ ഡീലര്‍മാരുടെ പക്കലേക്ക് അയച്ചിരുന്നു.
* * * * * * * *
ഇന്ത്യ അതിവേഗം തിരിച്ചുകയറുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്
2021-ലും 22-ലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടന ഇന്ത്യയുടേതായിരിക്കുമെന്നു ഗോള്‍ഡ്മാന്‍ സാക്‌സ്. 2021-ല്‍ ഇന്ത്യന്‍ ജിഡിപി 9.9 ശതമാനവും 22-ല്‍ 7.3 ശതമാനവും വളരുമെന്നാണ് അവരുടെ പ്രവചനം. 2020-ല്‍ ഇന്ത്യന്‍ ജിഡിപി 11.1 ശതമാനം കുറഞ്ഞ ശേഷമാകും '21-ലെ കുത്തനെയുള്ള വളര്‍ച്ച.
ഇന്ത്യയുടെ സാമ്പത്തിക വര്‍ഷം വച്ച് 2020-21-ല്‍ 14.8 ശതമാനം താഴ്ചയും 2021-22-ല്‍ 15.7 ശതമാനം വളര്‍ച്ചയുമാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചു സെപ്റ്റംബറില്‍ നടത്തിയ പ്രവചനത്തില്‍ നിക്ഷേപ ബാങ്ക് ഉറച്ചു നില്‍ക്കുകയാണ്. വി (വാക്‌സിന്‍) ആകൃതിയിലുള്ള തിരിച്ചു കയറ്റം എന്ന ശീര്‍ഷകത്തിലാണു പുതിയ റിപ്പോര്‍ട്ട്. 2020-ലെ തളര്‍ച്ചയില്‍ നിന്ന് അതിവേഗം കരകയറുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.
* * * * * * * *
സ്വര്‍ണം, ക്രൂഡ് ചാഞ്ചാടുന്നു
ആഗോള വിപണിയില്‍ സ്വര്‍ണ വില ചാഞ്ചാടുകയാണ്. ഔണ്‍സിന് 1880 വരെ കയറിയിട്ട് 1850 വരെ താണു. ഇന്നു രാവിലെ 1865-66 നിരക്കിലാണു മഞ്ഞലോഹം.
ക്രൂഡ് വില വീപ്പയ്ക്ക് 45 ഡോളര്‍ കടന്നിട്ടു 44 ഡോളറിനു താഴേക്കു നീങ്ങി.
ഡോളര്‍ നേരിയ കയറ്റത്തിലാണ്. ഇന്നലെ ഡോളറിനു 18പൈസ കൂടി 74.38 രൂപയായി.