കോവിഡ് ഭീതി വീണ്ടും; ബാങ്കുകളിലും റിയൽറ്റിയിലും നിക്ഷേപ താൽപര്യം; ബിറ്റ് കോയ്ൻ ഭ്രമം വീണ്ടും

കോവിഡ് വീണ്ടും വിപണികളെ വിറപ്പിക്കുന്നു. കോവിഡ് രണ്ടാം ഘട്ട വ്യാപനം യു എസ് സാമ്പത്തിക വളർച്ചയെ ബാധിച്ചു തുടങ്ങിയെന്നു ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ചെയർമാൻ ജെറോം പവൽ പറഞ്ഞത് വിപണികളെ വലിച്ചു താഴ്ത്തി. യു എസ് സൂചികകൾ 1.17 ശതമാനം താണു. അമേരിക്കയിലെ പല വൻ നഗരങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും യാത്ര - വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിൻ്റെ ആഘാതത്തിൽ ഏഷ്യൻ ഓഹരികൾ രാവിലെ ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്‌.

എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ 110 പോയിൻ്റിലേറെ താഴോട്ടു പോയി. ഇന്ത്യൻ സൂചികകൾ രാവിലെ ഇടിവോടെയാകും തുടങ്ങുക. ബുധനാഴ്ച രാവിലെ ചാഞ്ചാടിയ ശേഷം സൂചികകൾ മികച്ച നേട്ടത്തോടെ റിക്കാർഡ് ഉയരങ്ങളിലാണു ക്ലോസ് ചെയ്തത്.


* * * * * * * *


സ്വർണത്തിന് ഇടിവ്

രാജ്യാന്തര വിപണിയിൽ സ്വർണവില താഴോട്ടു നീങ്ങി. ഔൺസിന് 1869-1870 ഡോളറിലാണ് ഇന്നു രാവിലെ സ്വർണവ്യാപാരം. സ്വർണം കുറേക്കൂടി താഴോട്ടു പോരുമെന്നു സാങ്കേതിക വിശകലനക്കാർ പ്രവചിക്കുന്നു.

ക്രൂഡ് ഓയിൽ വിപണിയിലും ഇടിവാണ്. ബ്രെൻ്റ് ഇനം 44 ഡോളറിനു താഴോട്ടു നീങ്ങി. ബുധനാഴ്ച 44.70 ഡോളർ വരെ കയറിയതായിരുന്നു. അമേരിക്കയിൽ ഉപയോഗിക്കുന്ന ഡബ്ള്യു ടി ഐ ഇനത്തിന് ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്.

ഡോളറും താണു. ഇന്നലെ ഡോളർ 27 പൈസ താഴ്ന്ന് 74. 19 രൂപയിൽ ക്ലോസ് ചെയ്തു.


* * * * * * * *

കുതിക്കുന്ന മേഖലകൾ

ബാങ്കുകൾ, വാഹന നിർമാതാക്കൾ, റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ ഈ ആഴ്ചകളിൽ വലിയ നേട്ടമുണ്ടാക്കി. ബാങ്കുകൾ മൂന്നാഴ്ചയായി ദിവസവും കയറുകയാണ്. റിയൽ എസ്റ്റേറ്റ് കമ്പനികൾ 10 ദിവസം കൊണ്ട് 13 ശതമാനം ഉയർന്നു. വാഹനമേഖല നവംബർ - ഡിസംബറിലും നല്ല വിൽപന പ്രതീക്ഷിക്കുന്നു എന്നാണു റിപ്പോർട്ട്. ടൂ വീലർ - ത്രീ വീലർ കമ്പനികൾ അത്ര ശുഭപ്രതീക്ഷയിലല്ല.


* * * * * * * *

സ്റ്റീൽ വില കൂടുന്നു, സ്റ്റീൽ കമ്പനികളിൽ ഉറപ്പുള്ള നേട്ടം പ്രതീക്ഷിക്കാം

ഇന്ത്യൻ സ്റ്റീൽ കമ്പനികൾ സെപ്റ്റംബർ പാദത്തിൽ നല്ല പ്രകടനം കാഴ്ചവച്ചതും സ്റ്റീൽ വില ഉയരുന്നതും നിക്ഷേപക ശ്രദ്ധ ആകർഷിക്കുന്നു. കമ്പനികളുടെ തുടർ ഫലങ്ങളും ലാഭം കൂടുതൽ കാണിക്കുന്നവയാകും എന്നാണു പ്രതീക്ഷ.

ആറു വർഷത്തിനിടയിലെ ആദ്യ നഷ്ടം ജൂൺ പാദത്തിൽ കുറിച്ച ജെ എസ്ഡബ്ള്യു സ്റ്റീൽ സെപ്റ്റംബറിൽ ഉയർന്ന ലാഭത്തിലേക്കു കുതിച്ചു. വിൽപ്പനയും കൂടി.

തലേ മൂന്നു പാദങ്ങളിൽ നഷ്ടം വരുത്തിയ ടാറ്റാ സ്റ്റീൽ സെപ്റ്റംബർ പാദത്തിൽ മികച്ച ലാഭം നേടി. അടുത്ത രണ്ടു പാദങ്ങളിൽ സ്റ്റീൽ ഡിമാൻഡ് കൂടുമെന്നാണു ടാറ്റാ സ്റ്റീൽ കണക്കാക്കുന്നത്. സ്റ്റീൽ വില ടണ്ണിന് 5000 രൂപ വരെ വർധിക്കുമെന്നും പ്രതീക്ഷയുണ്ട്.

സെയിൽ, ജിൻഡൽ സ്റ്റീൽ എന്നിവയും രണ്ടാം പാദത്തിൽ മികച്ച ലാഭമുണ്ടാക്കി. ഇരുമ്പയിര് വില കൂടി നിൽക്കുകയാണെങ്കിലും സ്വന്തം ഖനികൾ ഉള്ള ഇന്ത്യൻ കമ്പനികൾക്ക് അതേച്ചൊല്ലി ആശങ്ക ആവശ്യമില്ല. സ്റ്റീൽ വില കൂടുന്നതിലെ സന്തോഷം മാത്രം മതി.


* * * * * * * *


കോവിഡ് വാക്സിനിൽ പ്രതീക്ഷ കൂടി


യു എസ് കമ്പനി ഫൈസറും ജർമൻ കമ്പനി ബയോ എൻടെക്കും സംയുക്തമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിന് 95 ശതമാനം ഫലപ്രാപ്തി. മൂന്നാം ഘട്ട പരീക്ഷണത്തിൻ്റെ അവസാന റിപ്പോർട്ടിലാണിത്. 44,000 പേരിലായിരുന്നു പരീക്ഷണം. കാര്യമായ പാർശ്വഫലങ്ങളൊന്നും കണ്ടില്ല. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനായി ഈ വാക്സിൻ അനുവദിക്കാനാവശ്യപ്പെട്ടു ഫൈസർ കമ്പനി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ഉടനെ അപേക്ഷ നൽകും. എല്ലാ പ്രായക്കാരിലും ഈ വാക്സിൻ ഫലപ്രദമായെന്നു കമ്പനികൾ അറിയിച്ചു.

മോഡേണ എന്ന യു എസ് കമ്പനിയുടെ വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഈയാഴ്ചകളിൽ തീരും. പ്രാരംഭ റിപ്പോർട്ടിൽ 94 ശതമാനം ഫലപ്രാപ്തി ഉണ്ട്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാ സെനക്കയം കൂടി നടത്തുന്ന വാക്സിൻ ഗവേഷണത്തിൻ്റെ മൂന്നാം ഘട്ട പരീക്ഷണവും പൂർത്തിയാകാറായി. നല്ല ഫലപ്രാപ്തി അവരുടെ വാക്സിനും കാണിച്ചു.

ഇന്ത്യയിൽ അസ്ട്രാ സെനക്കയുടെ വാക്സിൻ ഗവേഷണവും നിർമാണവും നടന്നു വരികയാണ്. മോഡേണയുടേതു വാങ്ങാനും കരാർ ആയി. റഷ്യൻ സ്പുട്നിക് വി ഇന്ത്യയിൽ നിർമിക്കാനും കരാറുണ്ട്. വളരെ വില കൂടിയതും സൂക്ഷിക്കാൻ പ്രയാസമേറിയതുമായ ഫൈസർ വാക്സിൻ ഇന്ത്യ തേടുന്നില്ല.


* * * * * * * *


ബിപിസിഎൽ വാങ്ങാൻ അഗർവാളിൻ്റെ വേദാന്ത ഗ്രൂപ്പ്


ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസി എൽ) വാങ്ങുന്നതിനു താൽപര്യം കാണിക്കുന്നവരിൽ വേദാന്ത ഗ്രൂപ്പും. പല കൂട്ടർ താൽപര്യം കാണിച്ചിട്ടുണ്ടെന്നു മാത്രമാണ്‌ ഗവണ്മെൻ്റ് പറഞ്ഞിട്ടുള്ളത്. ചെമ്പ്, അലൂമിനിയം ഖനനത്തിലും ആ ലോഹങ്ങളുടെ സംസ്കരണം, വ്യാപാരം എന്നിവയിലും മുൻനിരയിലുള്ള വേദാന്ത ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും പെട്രോളിയം ബിസിനസിലുമുണ്ട്. അനിൽ അഗർവാളാണു വേദാന്ത ഗ്രൂപ്പ് ചെയർമാൻ.

ഏതൊക്കെ കമ്പനികളാണു ബിപിസിഎൽ വാങ്ങാൻ രംഗത്തുള്ളതെന്നു സർക്കാർ പറഞ്ഞിട്ടില്ല. റിലയൻസ്, സൗദി അരാം കോ, ബ്രിട്ടീഷ് പെട്രോളിയം, ടോട്ടൽ, എ ക്സോൺ മോബിൽ തുടങ്ങിയ വമ്പൻ കമ്പനികളൊന്നും ബിപിസിഎൽ വാങ്ങാൻ താൽപര്യമെടുത്തിട്ടില്ല.

അനിൽ അഗർവാളിൻ്റെ വേദാന്ത ഗ്രൂപ്പ് നിക്ഷേപക ലോകത്തിന് ഇഷ്ടപ്പെട്ടതല്ല. ഈയിടെ വേദാന്ത ഓഹരികൾ തിരിച്ചു വാങ്ങാൻ അഗർവാൾ നടത്തിയ ശ്രമം വിഫലമായി. കമ്പനിയുടെ ന്യായമായ വിലയുടെ പകുതിയിൽ താഴെ നൽകി ഓഹരികൾ തിരിച്ചു വാങ്ങാനാണ് അഗർവാൾ ശ്രമിച്ചത്. നിക്ഷേപക ആക്ടീവി സ്റ്റുകൾ എതിർ പ്രചാരണം നടത്തിയാണ് അതു പൊളിച്ചത്.

സ്‌റ്റെർലൈറ്റും ഒഡീഷയിലെ അലൂമിനിയം ഖനിയും അടക്കം വേദാന്ത ഗ്രൂപ്പിലെ സ്ഥാപനങ്ങൾ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കി കുപ്രസിദ്ധി നേടിയിട്ടുണ്ട്.


* * * * * * * *


ബിറ്റ്കോയ്ൻ വീണ്ടും റിക്കാർഡിലേക്ക്

ഗൂഢകറൻസി ബിറ്റ് കോയ്ൻ റിക്കാർഡ് നിലവാരത്തിലേക്കു കുതിക്കുന്നു. 18,200 ഡോളറിനു മുകളിലായി ബിറ്റ് കോയ്ൻ വില. 2017-ൽ ഗൂഢകറൻസികളുടെ ആവേശം പാരമ്യത്തിലായിരുന്നപ്പോൾ ബിറ്റ്കോയ്ൻ 20,000 ഡോളറിലെത്തിയിരുന്നു. പിന്നീടു ഗൂഢകറൻസികളിലെ ആവേശം മാറി; ബിറ്റ് കോയിൻ കുമിള പൊട്ടി; വില 4000 ഡോളറിനു സമീപമെത്തി.

ഈ വർഷം ബിറ്റ് കോയ്ൻ വീണ്ടും നിക്ഷേപകർക്കു പ്രിയപ്പെട്ടതായി. 160 ശതമാനം ഉയർച്ചയാണ് ഈ വർഷം ബിറ്റ് കോയ്ന് ഉണ്ടായത്. ഒക്‌ടോബർ ഒന്നിന് 10,733 ഡോളറായിരുന്ന വില ഇന്നലെ 18,275 ഡോളറായി.

ബിറ്റ്കോയ്ൻ വില 22,000 ഡോളറിലെത്തുമെന്ന് ഗൂഢകറൻസി നിരീക്ഷകൻ ഫിലിപ്പ് സ്വിഫ്റ്റ് പറയുന്നു.


* * * * * * * *


വിലക്കപ്പെട്ട കനി

കമ്പ്യുട്ടർ പ്രാേഗ്രാമിംഗിലൂടെ രൂപപ്പെടുത്തുന്നതാണ് ബിറ്റ്കോയ്ൻ പോലുള്ള ഗൂഢകറൻസികൾ. ബിറ്റ് കോയ്ൻ ആരാണ് നിയന്ത്രിക്കുന്നതെന്നോ അതിൻ്റെ അടിത്തറ എന്തെന്നോ ഭദ്രതയ്ക്ക് എന്താണ് ഉറപ്പെന്നോ ആർക്കും അറിയില്ല. എങ്കിലും ഇതു കറൻസിയുടെ ഭാവി രൂപമാണെന്നും ഭാവിലോകം ഈ ഡിജിറ്റൽ കറൻസിയെ സ്വീകരിക്കുമെന്നും വിശ്വസിച്ച് ഇതിൽ പണം നിക്ഷേപിക്കുന്ന ധാരാളം പേരുണ്ട്. ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങൾ ബിറ്റ് കോയ്ൻ സ്വീകരിക്കുന്നുമുണ്ട്. ഇന്ത്യയടക്കം മിക്ക രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകൾ ഗൂഢ കറൻസികൾക്കെതിരേ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ ചൂതാട്ട തൽപരരായ ചിലർ നല്ല പണം കൊടുത്ത് ഗൂഢകറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു.

ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കുന്ന ഒരു ഫയൽ ആയാണ് ബിറ്റ് കോയ്ൻ വാങ്ങുന്നവർക്കു കിട്ടുക. രഹസ്യകോഡ് രേഖപ്പെടുത്തിയിട്ടുള്ള ബിറ്റ് കോയ്ൻ നാണയങ്ങളും ഉണ്ട്.

ഇന്ത്യയിൽ ബിറ്റ്കോയ്ൻ അംഗീകരിച്ചിട്ടില്ല.


* * * * * * * *

ഇന്നത്തെ വാക്ക് : ബിറ്റ് കോയ്ൻ മൈനിംഗ്

ബിറ്റ് കോയ്ൻ പോലുള്ള ഗൂഢ (Crypto) കറൻസികൾ കിട്ടാൻ രണ്ടു മാർഗങ്ങളാണുള്ളത്. ഒന്ന് പണം കൊടുത്തു വാങ്ങുക. ഇതിന് ഡിജിറ്റൽ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഉണ്ട്. രണ്ടാമത്തെ മാർഗം കറൻസി മൈനിംഗ് ആണ്. ബിറ്റ് കോയ്ൻ എക്സ്ചേഞ്ച് നിങ്ങൾക്ക് ബിറ്റ് കോയ്ൻ ഇടപാടുകളുടെ ഒരു മെഗാബൈറ്റ് ഡാറ്റാ നൽകും. അതിൽ ഒരേ കോയിൻ രണ്ടു തവണ ഉപയോഗിച്ച ഇടപാട് ഉണ്ടോ എന്നു കണ്ടു പിടിക്കണം. ഇത് ആദ്യഭാഗം. രണ്ടാം ഭാഗത്ത് ഒരു ഗണിത പ്രശ്നത്തിന് ഉത്തരം കണ്ടെത്തണം. 16 അടിസ്ഥാനമാക്കിയുള്ള (Hexadecimal) സംഖ്യാ വ്യവസ്ഥയിലാണ് ഈ ഗണിത പ്രശ്നം. 64 അക്ക സംഖ്യയാണു കണ്ടെത്തേണ്ടത്. ഗണിത താൽപര്യം ഉള്ള കംപ്യൂട്ടർ വിദഗ്ധർക്ക് വളരെ ശേഷി കൂടിയ കംപ്യൂട്ടർ ഉപയോഗിച്ച് ഏറെ നാൾ പണിപ്പെട്ടാലേ ഈ ഉത്തരം കിട്ടി ബിറ്റ് കോയ്ൻ ഖനനം ചെയ്തെടുക്കാനാവൂ. അതിനുപയോഗിക്കുന്ന വൈദ്യുതിയുടെ വിലയിലും കുറവാകും കിട്ടുന്ന ബിറ്റ് കോയ്നിൻ്റെ വില എന്ന പരിഹാസവും ഉണ്ട്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it