ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയനത്തിന് അണിയറക്കഥകളുണ്ടോ? ബാങ്ക്, ഓഹരി നിക്ഷേപങ്ങള്‍ ഒരുപോലെയല്ല, ജിഡിപി കണക്കു കാത്ത് വിപണി

ലാഭമെടുക്കലില്‍ വിപണി സൂചികകള്‍ കുത്തനെ താണു. വിദേശ പണത്തിന്റെ കരുത്തില്‍ ഈ മാസം 12 ശതമാനം കയറിയ ഓഹരി വിപണി ഒന്നര ശതമാനം താണു. സെന്‍സെക്‌സ് രാവിലെ നല്ല ഉയരത്തില്‍ തുടങ്ങിയിട്ട് താഴോട്ടു പതിക്കുകയായിരുന്നു. ആയിരം പോയിന്റ് ചാഞ്ചാടിയ സെന്‍സെക്‌സ് ഒടുവില്‍ 695 പോയിന്റ് നഷ്ടപ്പെടുത്തി. സമാന ചാഞ്ചാട്ടം നടത്തിയ നിഫ്റ്റി 196 പോയിന്റ് താഴ്ചയില്‍ 12,858ല്‍ ക്ലോസ് ചെയ്തു.

ലാഭമെടുപ്പ് വലിയ തിരുത്തലിലേക്കു നീങ്ങില്ലെന്നാണു പൊതു വിലയിരുത്തല്‍. നിഫ്റ്റി 12,830നു താഴേക്കു നീങ്ങിയാല്‍ 12,60012,700 മേഖലയിലാണു സപ്പോര്‍ട്ട്. 13,100 - 13,200 മേഖലയില്‍ പ്രതിരോധം ശക്തമാണ്. മാര്‍ക്കറ്റ് ചാഞ്ചാട്ടം തുടര്‍ന്നു 13,000 മേഖലയില്‍ സ്ഥിരതയ്ക്കു ശ്രമിക്കും. ഡെറിവേറ്റീവ് വിപണിയിലെ സെറ്റില്‍മെന്റ് ഇന്നു നടക്കും. നാളെ പുതിയ സീരീസ് തുടങ്ങുമ്പോള്‍ വിപണി മനോഭാവം മാറുമെന്നു കരുതുന്നവരുമുണ്ട്.


* * * * * * * *


വിദേശപണമൊഴുക്ക് തുടരുന്നു

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതു വരെ 55,000 കോടിയോളം രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു. അവര്‍ അതു തുടരുമെന്നു തന്നെയാണു സൂചന. മാര്‍ച്ചിലെ വലിയ പിന്മാറ്റത്തിനു ശേഷം വിദേശികള്‍ ഇന്ത്യയിലേക്കു കൂടുതല്‍ ആവേശത്തോടെയാണു പണമൊഴുക്കുന്നത്. ഡോളര്‍ ഇന്‍ഡെക്‌സ് 92നു താഴേക്കു നീങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ കൂടുതല്‍ വലിയ ഉേേത്തജക പാക്കേജിനു വഴിയൊരുങ്ങി. ഇതെല്ലാം വികസ്വര രാജ്യങ്ങളിലേക്കു ഡോളര്‍ ഒഴുക്കാന്‍ പ്രേരണയാണ്.

ഇന്നലെ യുഎസ്, യൂറോപ്യന്‍ സൂചികകള്‍ താണു. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും താഴോട്ടാണ്. അമേരിക്കയില്‍ തൊഴിലില്ലായ്മ തുടര്‍ച്ചയായ രണ്ടാം ആഴ്ചയും വര്‍ധിച്ചതടക്കമുള്ള മോശം വാര്‍ത്തകളും വിപണിയെ സ്വാധീനിച്ചു.


* * * * * * * *


ക്രൂഡ് ഉയര്‍ന്നു തന്നെ

ക്രൂഡ് ഓയില്‍ ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 48.91 ഡോളര്‍ വരെ കയറി.

സ്വര്‍ണ വില ഇന്നലെ ആശ്വാസ റാലിയില്‍ ഔണ്‍സിന് 1819.80 ഡോളര്‍ വരെ കയറിയിരുന്നു. പിന്നീടു താണു. ഇന്നു രാവിലെ 1809 ഡോളറിലാണു വ്യാപാരം.


* * * * * * * *


ജിഡിപി കണക്ക് നാളെ; ചുരുങ്ങല്‍ എത്രയെന്ന് അറിയാം

ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി കണക്ക് നാളെ പുറത്തുവിടും. ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ ജിഡിപി എത്രമാത്രം ചുരുങ്ങി എന്നതിലേക്കാണ് എല്ലാവരുടെയും നോട്ടം. ഒന്നാം പാദത്തില്‍ 23.9 ശതമാനം കുറവാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍ എസ് ഒ) കണക്കാക്കിയത്.

കഴിഞ്ഞ വര്‍ഷം (2019-20) ഒന്നാം പാദത്തില്‍ 5.2 ശതമാനം, രണ്ടാം പാദത്തില്‍ 4.4 ശതമാനം, മൂന്നാം പാദത്തില്‍ 4.1 ശതമാനം, നാലാം പാദത്തില്‍ 3.1 ശതമാനം എന്നിങ്ങനെയായിരുന്നു ജിഡിപി വളര്‍ച്ച.

രണ്ടാം പാദത്തില്‍ ജിഡിപി പത്തു മുതല്‍ 15 വരെ ശതമാനം കുറയുമെന്ന് പലരും നേരത്തേ കണക്കാക്കിയിരുന്നു. എന്നാല്‍ നവംബര്‍ പകുതിയോടെ റേറ്റിംഗ് ഏജന്‍സികളും നിക്ഷേപ ബാങ്കുകളുമൊക്കെ പ്രതീക്ഷ ഉയര്‍ത്തി.

റിസര്‍വ് ബാങ്ക് കണക്കാക്കുന്നത് 8.6 ശതമാനം കുറവ് വരുമെന്നാണ്. ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ഓഫ് ഇന്ത്യ ആയിരുന്ന പ്രണാബ് സെന്‍ രണ്ടാം പാദത്തില്‍ അഞ്ചു ശതമാനം ഇടിവാണു പ്രതീക്ഷിക്കുന്നത്. 202021 ല്‍ ജിഡിപി 12 ശതമാനം ചുരുങ്ങുമെന്നും അദ്ദേഹം കരുതുന്നു.

കെയര്‍ റേറ്റിംഗ്‌സ് 9.9 ശതമാനവും ഇക്ര 9.5 ശതമാനവും ഇടിവാണ് പ്രതീക്ഷിക്കുന്നത്. കൃഷി, റിയല്‍ എസ്‌റ്റേറ്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രഫഷണല്‍ സര്‍വീസസ് എന്നിവ രണ്ടാം പാദത്തില്‍ വളര്‍ച്ച കാണിക്കുമെന്നു കെയര്‍ റേറ്റിംഗ്‌സ് കരുതുന്നു.

എസ്ബിഐ റിസര്‍ച്ച് 12.5 ശതമാനം കുറവ് നേരത്തേ പ്രവചിച്ചിരുന്നു. കഴിഞ്ഞ ദിവസം അതു 10.7 ശതമാനമായി തിരുത്തി.

ബാങ്ക് ഓഫ് അമേരിക്ക രണ്ടാം പാദത്തില്‍ ജിഡിപി 7.8 ശതമാനം ചുരുങ്ങുമെന്നാണ് ഇന്നലെ പറഞ്ഞത്. വാര്‍ഷിക ജിഡിപി ചുരുങ്ങല്‍ 7.5 ശതമാനമാകുമെന്ന് അവര്‍ കരുതുന്നു. നേരത്തേ പ്രവചിച്ചത് 11 ശതമാനം ചുരുങ്ങലാണ്.

ഇന്ത്യയുടെ ജിഡിപി കണക്ക് അടക്കം പൊതു ധനകാര്യ സംബന്ധമായ കണക്കുകളില്‍ പലരും അവിശ്വാസ പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ കണക്കെഴുത്തില്‍ വരുത്തിയ മാറ്റങ്ങള്‍ സുതാര്യത കുറച്ചെന്നും വിമര്‍ശനമുണ്ട്.


* * * * * * * *


ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയനത്തിന് അണിയറക്കഥകള്‍ ഉണ്ടോ?

ലക്ഷ്മി വിലാസ് ബാങ്കി (എല്‍വിബി) നെ സിംഗപ്പുര്‍ ബാങ്കായ ഡിബിഎസിനു നല്‍കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിന് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം. ആര്‍ എസ് എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്, വിവിധ ബാങ്ക് യൂണിയനുകള്‍, ബാങ്കിന്റെ പ്രൊമോട്ടര്‍മാര്‍, ഷെയര്‍ ഉടമകള്‍ എന്നിവരുടെയൊക്കെ എതിര്‍പ്പ് അവഗണിച്ചാണു തീരുമാനം.

ഒരു സ്വദേശി ബാങ്കിനെ രക്ഷിക്കാന്‍ വിദേശ ബാങ്കിനെ ഇന്ത്യ കൂട്ടുപിടിക്കുന്ന ആദ്യ സംഭവമായി എല്‍വിബി യുടേത്. 2500 കോടി രൂപ മുടക്കുമ്പോള്‍ ഡിബിഎസിന് 563 ശാഖകളും 974 എടിഎമ്മുകളും 11,000 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ലഭിക്കും.

എല്‍വിബിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. പല തരം രക്ഷാ നടപടികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പല സ്വകാര്യ ധനകാര്യ കമ്പനികളും പണം മുടക്കാന്‍ തയാറായി വന്നെങ്കിലും അവ മുന്നോട്ടു പോയില്ല.

തകര്‍ച്ചയിലാകുന്ന ബാങ്കുകളെ ഏതെങ്കിലും പൊതുമേഖലാ ബാങ്കില്‍ ലയിപ്പിക്കുന്നതായിരുന്നു പഴയ രീതി. ചിലപ്പോള്‍ സ്വകാര്യ ബാങ്കുകളില്‍ ലയിപ്പിച്ചിട്ടുമുണ്ട്. വിദേശ ബാങ്കിന്റെ ഇന്ത്യന്‍ ഉപകമ്പനിയില്‍ ലയിപ്പിക്കുക എന്നതു പുതിയൊരു നയമാണ്.

വിദേശ ബാങ്കുകള്‍ ഇന്ത്യയില്‍ ശാഖകള്‍ പ്രവര്‍ത്തിപ്പിക്കുന്നതു മാറ്റി ഇന്ത്യയില്‍ ബാങ്കിംഗ് സബ്‌സിഡിയറി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ കുറേ നാളായി റിസര്‍വ് ബാങ്ക് പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ഡിബിഎസ് അങ്ങനെ ചെയ്തിരുന്നു. അതിനു ലഭിച്ച സമ്മാനമായി എല്‍വി ബിയെ കണക്കാക്കാം എന്നാണ് ഒരു വ്യാഖ്യാനം.

ധാരാളം തമിഴ് വംശജര്‍ ഉള്ള സിംഗപ്പുരിലെ ഏറ്റവും വലിയ ബാങ്കിന് എല്‍വിബിയെ കിട്ടിയത് ഒരു യാദൃച്ഛിക സംഭവമായി കാണാനാവില്ല. വിദേശ ബാങ്കുകളുടെ സബ്‌സിസിഡിയറികള്‍ക്ക് തദ്ദേശീയ ബാങ്കുകള്‍ക്കു സമമായ പരിഗണന നല്‍കുന്ന നയം വേണ്ടത്ര ചര്‍ച്ച നടത്തി ആവിഷ്‌ക്കരിച്ചതാണോ എന്നും വ്യക്തമല്ല. ഏതായാലും സുതാര്യമല്ലാത്ത പലതും ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തില്‍ നടന്നിട്ടുണ്ട്.


* * * * * * * *


എല്‍വിബി ശാഖകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിലേക്ക് എല്‍വിബിയെ ലയിപ്പിക്കാനുള്ള പദ്ധതി അംഗീകരിച്ചതോടെ എല്‍വിബി യുടെ മോറട്ടോറിയം അവസാനിച്ചു. നാളെ എല്‍വിബി ശാഖകള്‍ ഡിബിഎസ് ബാങ്ക് ഇന്ത്യ ശാഖകളായി പ്രവര്‍ത്തനമാരംഭിക്കും. നിക്ഷേപകര്‍ക്കു പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണവും പരിധിയും നീക്കി.

ലയനത്തോടെ ബാങ്കിലെ 4000 ജീവനക്കാരുടെ ജോലി ഭദ്രമായി. 20 ലക്ഷം നിക്ഷേപകര്‍ക്കു പണം സ്വതന്ത്രമായി കൈകാര്യം ചെയ്യാനുമാകും. നവംബര്‍ 17നു മോറട്ടോറിയം പ്രഖ്യാപിച്ചപ്പോള്‍ ഒരു മാസമാണ് കാലാവധി വച്ചത്.

എല്‍വിബി ഓഹരികളിലെ വ്യാപാരം നിര്‍ത്തിവയ്ക്കാന്‍ എക്‌സ്‌ചേഞ്ചുകള്‍ തീരുമാനിച്ചു. ബാങ്കിനെ ഡിബിഎസ് ഏറ്റെടുക്കുന്ന സാഹചര്യത്തിലാണിത്. എല്‍വിബി ഓഹരികള്‍ വിലയില്ലാത്തതായി മാറി. അറ്റമൂല്യം ഇല്ലാതായപ്പോള്‍ ഉടമകള്‍ നഷ്ടം വഹിക്കണം എന്ന തത്വം മുന്‍നിര്‍ത്തിയാണിത്. മുമ്പും ബാങ്കുകളെ രക്ഷിക്കുമ്പോള്‍ ഓഹരി ഉടമകളെ രക്ഷിച്ചിരുന്നില്ല.


* * * * * * * *


ബാങ്കിലെ നിക്ഷേപവും ബാങ്ക് ഓഹരിയിലെ നിക്ഷേപവും ഒരേ പോലെയല്ല


ബാങ്കില്‍ സമ്പാദ്യം നിക്ഷേപിക്കുന്ന ഇടപാടുകാരും ബാങ്ക് ഓഹരി വാങ്ങുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. ബാങ്കിലെ എസ് ബി അക്കൗണ്ടിലോ സ്ഥിര നിക്ഷേപത്തിലോ പണമിടുന്നവര്‍ ബാങ്കിനെ വിശ്വാസത്തിലെടുത്തു തങ്ങളുടെ സമ്പാദ്യം ഏല്‍പ്പിക്കുകയാണ്. അവരുടെ വിശ്വാസം പാലിക്കേണ്ടതു ബാങ്കിംഗ് മേഖലയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്.

അതേ സമയം ബാങ്ക് ഓഹരി വാങ്ങുന്നവര്‍ ബാങ്കിന്റെ ഉടമസ്ഥതയുടെ ഒരു ഭാഗമാണു വാങ്ങുന്നത്. ബാങ്ക് നല്ലതുപോലെ പ്രവര്‍ത്തിച്ചു ലാഭമുണ്ടാക്കുമ്പോള്‍ ലാഭവിഹിതം ലഭിച്ചും ഓഹരി വില കൂടിയും അവര്‍ക്കു നേട്ടമുണ്ടാകും. നഷ്ടം വന്നാല്‍ അവര്‍ സഹിക്കുകയും വേണം.

എല്ലാ കമ്പനികളിലും ഓഹരി എടുക്കുന്നവര്‍ ഉടമസ്ഥതയുടെ ഒരു ഭാഗമാണ് വാങ്ങുന്നത്. കമ്പനിയുടെ ലാഭനഷ്ടങ്ങളില്‍ അവര്‍ പങ്കാളികളാകണം. ബാങ്കിനെ ലയിപ്പിച്ചപ്പോള്‍ തങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് ഓഹരി നിക്ഷേപകര്‍ വിലപിക്കുന്നത് ഈ തത്വം മനസിലാക്കാതെ നിക്ഷേപം നടത്തിയതു കൊണ്ടാണ്.

* * * * * * * *


ഇന്നത്തെ വാക്ക് : വിക്‌സ് (Vix)

വോളറ്റിലിറ്റി (Volatiltiy) ഇന്‍ഡെക്‌സിന്റെ ചുരുക്കപ്പേരാണിത്. വിപണി എത്ര ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു. ഷിക്കാഗോ ബോര്‍ഡ് ഓഫ് ട്രേഡ് 1993ല്‍ തുടക്കമിട്ടു. ഇന്ത്യയില്‍ നാഷണല്‍ സ്റ്റാേക്ക് എക്‌സ്‌ചേഞ്ച് നിഫ്റ്റി സൂ ചികയുടെ വിക്‌സ് ഇന്ത്യ വിക്‌സ് എന്ന പേരില്‍ തയാറാക്കുന്നുണ്ട്. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ വാങ്ങല്‍ വില്‍പന വിലകള്‍ തമ്മിലുള്ള വ്യത്യാസം അടിസ്ഥാനമാക്കിയാണ് ഇതു തയാറാക്കുന്നത്. വിക്‌സ് കൂടി നിന്നാല്‍ നിഫ്റ്റി വിലയില്‍ വലിയ മാറ്റം (മേലോട്ടോ താഴോട്ടോ ആകാം ) വരുമെന്ന് പ്രതീക്ഷിക്കുന്നെന്ന് അര്‍ഥം. വിക്‌സ് കുറഞ്ഞു നിന്നാല്‍ ചെറിയ മാറ്റമേ പ്രതീക്ഷിക്കുന്നുള്ളു എന്നര്‍ഥം. ഇന്നലെ സൂചിക വലുതായി ഇടിഞ്ഞപ്പോള്‍ ഇന്ത്യ വിക്‌സ് 10 ശതമാനം കൂടി 23 ശതമാനത്തിലെത്തി. 52 ശതമാനം വരെ കയറുകയും എട്ടു ശതമാനം വരെ താഴുകയും ചെയ്തിട്ടുണ്ട് ഇന്ത്യ വിക്‌സ്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it