

യൂറോപ്പിലും അമേരിക്കയിലും കോവിഡിന്റെ അതിശക്തമായ രണ്ടാം വരവ്, യു എസ് ഉത്തേജക ചര്‍ച്ചയുടെ പരാജയം, രണ്ടാം പാദ റിസല്‍ട്ടുകള്‍ മോശമായി വരുന്നത് - വിപണിക്കു തിരുത്തലിനു വേണ്ടത്ര ഘടകങ്ങളായി. അതാണ് ഇന്നലെ ലോകമെങ്ങും കണ്ടത്. ഇന്നു വീണ്ടും ഇന്ത്യന്‍ വിപണിയുടെ ഉയര്‍ച്ചയാണു പ്രതീക്ഷിക്കാവുന്നത്.
വിപണി മൂല്യത്തില്‍ രണ്ടര ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി നിക്ഷേപകര്‍ക്ക് ഇന്നലെ നഷ്ടം. നിഫ്റ്റി 11,800-നു കീഴില്‍ ക്ലോസ് ചെയ്തതു ബെയറിഷ് ആണെന്നും കുറേക്കൂടി താഴോട്ട് സൂചിക പോകുമെന്നും സാങ്കേതിക വിശകലനക്കാര്‍ കരുതുന്നു. പക്ഷേ എസ് ജി എക്‌സ് നിഫ്റ്റി തരക്കേടില്ലാത്ത ഉയര്‍ച്ച കാണിച്ചു. അമേരിക്കന്‍ ഡൗ സൂചികയുടെ ഫ്യൂച്ചേഴ്‌സ് വ്യാപാരം നല്ല ഉയര്‍ച്ചയിലായത് നിക്ഷേപകര്‍ പിന്മാറ്റത്തിനു തയാറല്ലെന്നു സൂചിപ്പിക്കുന്നു.
* * * * * * * *
യൂറോപ്പിലും അമേരിക്കയിലും സൂചികകള്‍ കുത്തനെ താഴോട്ടു പോയി. ഡൗ ജോണ്‍സ് സൂചിക 2.3 ശതമാനം ഇടിഞ്ഞു. കോവിഡിന്റെ രണ്ടാം വരവ് കൂടുതല്‍ ശക്തവും വ്യാപകവുമാണ്. ശീതകാലം അടുത്തു. ശീതകാലത്താണു വൈറസ് വ്യാപനം കൂടുതല്‍ എന്നതാണ് ആശങ്ക കൂട്ടുന്ന ഘടകം.
ഇതേ സമയം കോവിഡിനുള്ള വാക്‌സില്‍ ക്രിസ്മസോടെ വിപണിയിലെത്തിക്കാനാവും എന്ന റിപ്പോര്‍ട്ടുകള്‍ നേരിയ ആശ്വാസം പകരുന്നു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് ഔഷധ കമ്പനി അസ്ട്ര സെനക്കയും ചേര്‍ന്നു നടത്തുന്ന പരീക്ഷണമാണ് വിജയത്തിലേക്ക് അടുത്തത്. ചെറുപ്പക്കാരിലും പ്രായമായവരിലും ഒരേ പോലെ പ്രതിരോധശേഷി വളര്‍ത്താന്‍ ഇവര്‍ തയാറാക്കുന്ന വാക്‌സിനു കഴിയുന്നുണ്ട്. ചിമ്പാന്‍സികളില്‍ നിന്നെടുത്ത ജലദോഷ വൈറസില്‍ രൂപഭേദം വരുത്തിയതാണ് ഈ വാക്‌സിന്‍. കൊറോണ വൈറസിനുള്ളതു പോലെ കോശങ്ങളില്‍ പറ്റിപ്പിടിക്കാനുള്ള പ്രോട്ടീന്‍ മുള്ളുകള്‍ ഈ വാക്‌സിനും ഉണ്ട്. AZD 1222 എന്ന പേരിലാണ് ഇപ്പോള്‍ ഇതിന്റെ ഗവേഷണം.
ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയുടെ വാക്‌സിന്‍ ഗവേഷണങ്ങളും അന്തിമഘട്ടത്തിലാണ്.
* * * * * * * *
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ രണ്ടാം പാദ റിസല്‍ട്ട് മികവുറ്റതായി. പ്രശ്‌ന കടങ്ങള്‍ കുറഞ്ഞതു മൂലം നഷ്ടസാധ്യതയ്ക്കു വകയിരുത്തേണ്ട തുക കുറഞ്ഞതും നികുതി ബാധ്യതയില്‍ കുറവു വന്നതും സഹായകമായി. അറ്റാദായത്തില്‍ 27 ശതമാനം വര്‍ധനയാണുണ്ടായത്. 2184 കോടി രൂപയാണു രണ്ടാം പാദത്തിലെ അറ്റാദായം. പലിശ വരുമാനം 17 ശതമാനമാണു വര്‍ധിച്ചത്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ കൊട്ടക് ബാങ്കിന്റെ ഓഹരികള്‍ക്കു തുടക്കത്തില്‍ ക്ഷീണമായി. പിന്നീടു നല്ല റിസല്‍ട്ടിന്റെ ബലത്തില്‍ ഓഹരികള്‍ രണ്ടു ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. അതേ സമയം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ക്കും വില കൂടി.
ഏറ്റെടുക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് പാടേ നിഷേധിച്ചു. കൊട്ടക് ആകട്ടെ വിശേഷം വല്ലതും ഉണ്ടാകുമ്പോള്‍ അറിയിക്കാം എന്ന നിലപാടെടുത്തു.
* * * * * * * *
റബര്‍ വില ആഗോള വിപണിയിലും ഇന്ത്യയിലും വര്‍ധനയുടെ വഴിയിലാണ്. ഉല്‍പ്പാദനം കുറഞ്ഞതും ചൈനയില്‍ നിന്ന് ആവശ്യം വര്‍ധിച്ചതുമാണു കാരണം. വിയറ്റ്‌നാമിലും തായ്‌ലന്‍ഡിലും മഴ മൂലവും തൊഴിലാളി ക്ഷാമം മൂലവും ഉല്‍പ്പാദനം കുറഞ്ഞു. ആഗോള ഉല്‍പ്പാദനം 6.8 ശതമാനം കുറഞ്ഞ് 129 ലക്ഷം ടണ്‍ ആകുമെന്ന് സ്വാഭാവിക റബര്‍ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടന കണക്കാക്കുന്നു.
ഈ പശ്ചാത്തലത്തില്‍ ഏപ്രിലിനു ശേഷം ഇന്ത്യയില്‍ വില 75 ശതമാനം കയറി. ഇപ്പാള്‍ ആര്‍ എസ് എസ് - 4 ഇനം കിലോഗ്രാമിന് 150 രൂപയിലെത്തി. എന്നാല്‍ ബാങ്കോക്ക് വില 170 രൂപയ്ക്കു മുകളിലാണ്.
ചൈന വന്‍തോതില്‍ റബര്‍ വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും അതത്രയും ഉപയോഗിക്കുന്നതായി പലരും കരുതുന്നില്ല. വാഹന വില്‍പ്പന ഇനിയും കോവിഡിനു മുന്‍പത്തെ നിലയിലേക്ക് എത്തിയിട്ടില്ല. വിലക്കയറ്റത്തില്‍ ഊഹക്കച്ചവടക്കാരാണു വലിയ പങ്കു വഹിക്കുന്നതെന്ന ധാരണയാണ് അവധി വ്യാപാരക്കാര്‍ക്ക്. ഡിസംബര്‍ അവധി വില 149 രൂപ മാത്രമാണ്.
* * * * * * * *
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ ബിസിനസ് റിലയന്‍സിനു വില്‍ക്കുന്നതിന് സിംഗപ്പൂരിലെ ആര്‍ബിട്രേറ്റര്‍ പ്രഖ്യാപിച്ച സ്റ്റേ നിയമയുദ്ധത്തിലേക്കു നീങ്ങും. സ്റ്റേ ബാധകമല്ലെന്ന നിലപാടിലാണു റിലയന്‍സ്. ആമസോണിനു നിക്ഷേപമുള്ള ഫ്യൂച്ചര്‍ കൂപ്പണുമായി റീറ്റെയ്ല്‍ ബിസിനസിനു ബന്ധമില്ല, കമ്പനിയല്ല വിറ്റത് , ബിസിനസില്‍ ഒരു ഭാഗം വിറ്റതേ ഉള്ളൂ എന്നിങ്ങനെയാണു ഫ്യൂച്ചറും റിലയന്‍സും വാദിക്കുന്നത്. ആമസോണുമായി ഒത്തുതീര്‍പ്പിനും ഫ്യൂച്ചറിന്റെ കിഷോര്‍ ബിയാനി ശ്രമിക്കുന്നുണ്ട്.
* * * * * * * *
ലോകവിപണിയില്‍ ഭക്ഷ്യധാന്യ വില വര്‍ധിപ്പിച്ചു കൊണ്ട് ചൈന വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കൂട്ടുന്നു. കോവിഡും തുടര്‍ച്ചയായ പ്രളയങ്ങളും മൂലം ചൈനയില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞതാണു കാരണം.
ഇതിനകം 745 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ ചൈന കരാര്‍ ഉണ്ടാക്കി. 400 ലക്ഷം ടണ്‍ സോയാബീന്‍സ് വാങ്ങാന്‍ അമേരിക്കന്‍ കമ്പനികളുമായിട്ടാണു കരാര്‍. ഗോതമ്പ്, ചോളം, മണിച്ചോളം, പഞ്ചസാര തുടങ്ങിയവയും ഇറക്കുമതി ചെയ്യുന്നുണ്ട്.
* * * * * * * *
രാജ്യത്തു സാമ്പത്തികരംഗം ശക്തമായി തിരിച്ചു വരികയാണെന്നു വരുത്താന്‍ സര്‍ക്കാരും കമ്പനികളുമെല്ലാം കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പക്ഷേ രാജ്യത്തെ യാഥാര്‍ഥ്യം കാണാന്‍ അവരാരും ശ്രമിക്കുന്നില്ല. ടൂ വീലര്‍- ത്രീവീലര്‍ വില്‍പ്പന വളരെ കുറഞ്ഞു. ഉത്സവ സീസണിലും സ്ഥിതി മാറിയില്ല. അതേ സമയം കാര്‍ വില്‍പ്പനയില്‍ ചെറിയ ഉണര്‍വുണ്ട്.
താഴേത്തട്ടിലെ സാമ്പത്തിക അവസ്ഥ വളരെ മോശമാണെന്നതു തന്നെ ഇതിനു പിന്നിലെ യാഥാര്‍ഥ്യം. സാമ്പത്തിക തകര്‍ച്ച ദുര്‍ബല വിഭാഗങ്ങളെ അത്രമേല്‍ ബാധിച്ചിരിക്കുന്നു. പണിയും വരുമാനവും ഇല്ലാതായവര്‍ എങ്ങനെ ടൂ വീലര്‍ വാങ്ങും? എല്ലാം കുശാലായി എന്നു ബിസിനസ് ചാനലുകളില്‍ വന്നു പറയുന്നതു കൊണ്ട് നാട്ടിലെ ദരിദ്ര - ദുര്‍ബല വിഭാഗങ്ങള്‍ക്കു പണിയും വരുമാനവും ഉണ്ടാകില്ല.
* * * * * * * *
എസ് ബി ഐ ലൈഫിന്റെ രണ്ടാം പാദ അറ്റാാദായം 130 ശതമാനം വര്‍ധിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സിനു രണ്ടാം പാദത്തില്‍ ലാഭം 34 ശതമാനം വര്‍ധിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള അരബിന്ദോ ഫാര്‍മ അമേരിക്കയിലെ സബ്‌സിഡിയറിയായ നാട്രോളിനെ 55 കോടി ഡോളറിനു വിറ്റു. ഇതു വഴി കമ്പനി കടവിമുക്തമായി.
* * * * * * * *
ക്രൂഡ് ഓയ്‌ലും സ്വര്‍ണവും ചെറിയ കയറ്റിറക്കങ്ങളോടെ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 40.21 ഡോളറിലേക്കു താണു. രണ്ടു വ്യാപാര ദിവസം കൊണ്ട് ആറര ശതമാനമാണ് ഇടിവ്. ഡബ്‌ള്യു ടി ഐ ഇനം 38.63 ഡോളറിലായി.
സ്വര്‍ണം 1907 ഡോളറിലേക്കു കയറിയാണ് ഇന്നു രാവിലെ ഏഷ്യന്‍ വിപണി കളിലെ വ്യാപാരം.
* * * * * * * *
രൂപയുമായുള്ള വിനിമയ നിരക്കില്‍ ഡോളറിനു തിങ്കളാഴ്ച നല്ല കയറ്റം. 23 പൈസ വര്‍ധിച്ച് ഡോളര്‍ 73.85 രൂപയായി. രൂപ അല്പം താഴുന്നതു കയറ്റുമതിക്കു നല്ലതാണെന്നു ഗവണ്മെന്റ് കരുതുന്നു.
* * * * * * * *
അവധി വ്യാപാരം അഥവാ ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് വളരെ പുരാതന കാലം മുതലേ ഉള്ളതാണ്. എന്തെങ്കിലും ഉല്‍പ്പന്നം (സാധനങ്ങളോ ഓഹരികളോ മറ്റു ധനകാര്യ ഉപകരണങ്ങളോ) ഭാവിയിലെ ഒരു തീയതിയില്‍ ഇന്നു നിശ്ചയിക്കുന്ന വിലയ്ക്കു കൈമാറാം എന്ന കരാറാണു ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിന്റെ അടിസ്ഥാനം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine