മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഓഹരി വിപണിയിലെ റിസ്‌ക് കുറഞ്ഞ നിക്ഷേപമാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മികച്ച റിട്ടേണ്‍ നല്‍കുന്നതിനാല്‍ തന്നെ നിരവധി പേരാണ് ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍ ഏത് മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കണമെന്നത് പലരെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ഈ സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1) മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ആ ഫണ്ടിന്റെ മുന്‍കാല പ്രകടനം വിലയിരുത്തേണ്ടതാണ്. ചുരുങ്ങിയത് 5-7 വര്‍ഷത്തെ കാലയളവ് കണക്കിലെടുത്ത് അവയുടെ പ്രകടനം മറ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യേണ്ടതാണ്.
2) റിട്ടേണുകളില്‍ സ്ഥിരത തുടരുന്ന ഫണ്ടുകളില്‍ മാത്രം നിക്ഷേപിക്കുക. അതായത് ഒരു ഫണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 13%, 14%, 15% റിട്ടേണ്‍ നല്‍കുകയാണെങ്കില്‍ അത് റിട്ടേണുകളില്‍ സ്ഥിരതയാര്‍ന്ന ഫണ്ടാണെന്ന് നമുക്ക് പറയാം. നേരെമറിച്ച്, ഒരു ഫണ്ട് 5 %, -3%, 47% റിട്ടേണാണ് നല്‍കിയെതെങ്കില്‍ അതിന്റെ റിട്ടേണ്‍ എത്രത്തോളമുണ്ടാകുമെന്നത് ആശങ്കാജനകമായിരിക്കും. സ്ഥിരമായ ഫണ്ടുകള്‍ നല്ല വരുമാനം നേടുന്നവയാണ്.
3) നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കണ്ടുകൊണ്ടായിരിക്കണം മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കേണ്ടത്. നിങ്ങള്‍ക്ക് എടുക്കുവാന്‍ കഴിയുന്ന റിസ്‌കിന് അനുസരിച്ച് ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ടാണോ ഡെബ്റ്റ് ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ടാണോ എന്ന് നോക്കിവേണം തെരഞ്ഞെടുക്കാന്‍. ഇതിന് വിപണി വിദഗ്ധരുടെ നിര്‍ദേശങ്ങളും തേടാവുന്നതാണ്.
4) എല്ലാം ഫണ്ട് മാനേജര്‍ക്ക് വിട്ടുകൊടുക്കരുത്. നിങ്ങളുടെ ഫണ്ടുകള്‍ പതിവായി നിരീക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ പണം ഫണ്ടിലേക്ക് ഇട്ടുകൊണ്ട് മാത്രം നിങ്ങളുടെ ജോലി തീര്‍ന്നില്ല. നിങ്ങള്‍ക്ക് ഓരോ മാസവും ഫണ്ട് ഫാക്ട് ഷീറ്റ് ലഭിക്കുമ്പോള്‍, ഫണ്ട് മാനേജര്‍ കമന്ററി, യഥാര്‍ത്ഥ റിട്ടേണുകള്‍, റിട്ടേണുകളിലെ വ്യത്യാസം തുടങ്ങിയവ പരിശോധിക്കേണ്ടതാണ്. ഇതുവഴി നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it