നവാഗതര്‍ ബ്ലൂചിപ്പ് ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

പ്രസ്തുത കമ്പനികള്‍ക്ക് സാധാരണയായി 50,000 കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യം ഉണ്ടായിരിക്കും
shares
Image courtesy: Canva
Published on

ഓഹരി വിപണിയില്‍ നിന്ന് മികച്ച നേട്ടം ഉണ്ടാക്കാന്‍ പലരും പല വഴികൾ തിരഞ്ഞെടുക്കാറുണ്ട്. മികച്ച കമ്പനികളില്‍ നിക്ഷേപിക്കുന്ന രീതിയാണ് അതിലൊന്ന്. എന്നാല്‍ ഇത് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ വരുന്ന തുടക്കക്കാര്‍ക്കും സാധ്യമാേണാ, നല്ലതാേണാ എന്നതാണ് പലരുടെയും സംശയം. പുതിയ നിക്ഷപകരെ സംബന്ധിച്ച് മികച്ച പ്രവര്‍ത്തനക്ഷമതയും കുറഞ്ഞ അപകട സാധ്യതയുമുള്ള രാജ്യത്തെ തന്നെ ഏറ്റവും മികച്ച കമ്പനികളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. പെന്നി ഓഹരികളിലും വളരെ അപകടസാധ്യതയുള്ള ചെറുകിട ഓഹരികളിലും മറ്റും നിക്ഷേപിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ബ്ലൂചിപ്പ് ഓഹരികളില്‍ നിക്ഷേപിച്ച് വൈവിധ്യമാര്‍ന്ന ഒരു പോര്‍ട്ട് ഫോളിയോ ഉണ്ടാക്കുന്നത് തുടക്കക്കാര്‍ക്ക് നല്ല അടിത്തറ നല്‍കും.

ബ്ലൂചിപ്പ് ഓഹരികള്‍

ബ്ലൂചിപ്പ് ഓഹരികള്‍ എന്നത് പ്രവര്‍ത്തനമേഖലയില്‍ ഏറ്റവും പ്രശസ്തവും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതുമായ കമ്പനികളുടെ ഓഹരികളാണ്. പ്രസ്തുത കമ്പനികള്‍ക്ക് സാധാരണയായി 50,000 കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യം ഉണ്ടായിരിക്കും. മികച്ച സാമ്പത്തിക ആരോഗ്യം, ശക്തമായ മാനേജ്‌മെന്റ്, കുറഞ്ഞ കടബാധ്യത, കടമില്ലാത്ത കമ്പനികള്‍ തുടങ്ങി ബ്ലൂചിപ്പ് കമ്പനികള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ മികച്ച കഴിവുണ്ട്. ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യമുള്ള ഇത്തരം കമ്പനികളുടെ പേരുകള്‍ എല്ലാവര്‍ക്കും പരിചിതമായിരിക്കും. താരതമ്യേന കുറഞ്ഞ റിസ്‌കും ലാഭവിഹിതവും മറ്റും വഴി സ്ഥിരമായ വരുമാനവും ലഭിക്കും. കാരണം ബ്ലൂചിപ്പ് ഓഹരികളില്‍ നിക്ഷേപിക്കുന്നത് താരതമ്യേന സുരക്ഷിതമാണ്. Larsen & Toubro, SBI, HDFC Bank, Coal India, Sun Pharma തുടങ്ങിയ ഓഹരികള്‍ ബ്ലൂചിപ്പ് ഓഹരികള്‍ക്ക് ഉദാഹരണമാണ്.

Q. കുറഞ്ഞ നിക്ഷേപ തുക കയ്യിലുള്ളവര്‍ ബ്ലൂചിപ്പ് ഓഹരികള്‍ അടങ്ങിയ പോര്‍ട്ട്ഫോളിയോ എങ്ങനെ ഉണ്ടാക്കും?

ഉ. പൊതുവെ പറയുന്ന ഒരു കാര്യമാണല്ലോ നല്ല സാധനങ്ങള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരും എന്നത്. ഓഹരികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ബ്ലൂചിപ്പ് ഓഹരികള്‍ക്ക് താരതമ്യേന ഉയര്‍ന്ന വിലയുണ്ടെങ്കിലും ക്ഷമയോടെ ബ്ലൂചിപ്പ് ഓഹരികള്‍ അടങ്ങിയ ഒരു പോര്‍ട്ട്ഫോളിയോ വളര്‍ത്തിക്കൊണ്ടുവരുന്നത് നല്ല തോതില്‍ വരുമാനം ഭാവിയില്‍ ഉണ്ടാക്കാന്‍ ഉപകരിക്കും. താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങാം. മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ മനസിലാക്കി ക്ഷമയോടെ കൃത്യമായ ഇടവേളകളില്‍ കൃത്യമായ തന്ത്രങ്ങളോടെ വേണം ഓഹരി വാങ്ങാന്‍ എന്ന് മാത്രം.

എങ്ങനെ വാങ്ങാം?

നമ്മുടെ രാജ്യത്തെയും ലോകത്തെയും സമ്പദ് വ്യവസ്ഥകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുകയാണെങ്കില്‍ ഓഹരി വിലകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ട്. ബ്ലൂചിപ്പ് ഓഹരികള്‍ മുന്‍നിര ഓഹരികള്‍ ആയതിനാല്‍ ആദ്യമായി മുന്നേറാന്‍ സാധ്യത ഇത്തരം ഓഹരികളായിരിക്കും. ഉയരുന്ന ജിഡിപി, മണ്‍സൂണ്‍ കമ്പനികളുടെ മികച്ച പ്രവര്‍ത്തന ഫലം, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ പണപ്പെരുപ്പം തുടങ്ങിയ മികച്ച സമയങ്ങളില്‍ ഓഹരികള്‍ വാങ്ങാന്‍ ശ്രമിക്കുക.

മാര്‍ക്കറ്റ് സൈക്കിളുകള്‍ ശ്രദ്ധയോടെ വീക്ഷിക്കുക. സാമ്പത്തിക മാന്ദ്യവും മഹാമാരിയും മറ്റും ഉണ്ടാകുമ്പോള്‍ മികച്ച ബ്ലൂചിപ്പ് ഓഹരികളുടെ വിലപോലും ഇടിയും. അത്തരം സാഹചര്യങ്ങള്‍ പിന്നിട്ട്, വിപണി തിരിച്ചുകയറി തുടങ്ങുന്ന സാഹചര്യങ്ങളില്‍ ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങാം. ഉദാ: 2020ലെ കോവിഡ് തകര്‍ച്ചയ്ക്ക് ശേഷം മാര്‍ക്കറ്റ് തിരിച്ചുകയറിയപ്പോള്‍ തകര്‍ച്ചയിലായിരുന്ന പല ബ്ലൂചിപ്പ് ഓഹരികളും വലിയ മുന്നേറ്റം കാഴ്ചവെച്ചു.

ഓഹരികള്‍ വാങ്ങുന്ന സമയത്ത് എടുക്കുന്ന അളവുകോലായ പിഇ അനുപാതം, ലാഭ വിഹിതം തുടങ്ങിയ അതിന്റെ സാധാരണ ചരിത്രപരമായ മൂല്യം കണക്കിലെടുത്ത് സമീപ ഭാവിയില്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ അവസരം കണ്ടെത്താം. അതായത് മാര്‍ക്കറ്റ് ഇടിവില്‍ ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുക.

ടെക്നിക്കല്‍ അനാലിസിസ് ചെയ്യാറുള്ള നിക്ഷേപകര്‍ക്ക് ചാര്‍ട്ടുകളും പാറ്റേണുകളും ഓഹരികളില്‍ 'എന്‍ട്രി' എടുക്കാന്‍ മികച്ച സമയം കാണിച്ചുതരും.

മാര്‍ക്കറ്റ് ടൈമിംഗില്‍ വിശ്വസിക്കാത്ത നിക്ഷേപകര്‍ക്ക് നിശ്ചിത എണ്ണം ബ്ലൂചിപ്പ് ഓഹരികള്‍ പ്രതിമാസ അടിസ്ഥാനത്തിലും മറ്റും വിലയെ കുറിച്ച് ചിന്തിക്കാതെ വാങ്ങുന്നത് ആലോചിക്കാവുന്നതാണ്. പല തവണകളായി ബ്ലൂചിപ്പ് ഓഹരികള്‍ പല വിലകള്‍ക്ക് വാങ്ങുമ്പോള്‍ 'Cost Averaging' പ്രതിഭാസം സംഭവിക്കും. ഉയര്‍ന്ന വിലയിലും താഴ്ന്ന വിലയിലും ഓഹരികള്‍ വാങ്ങുമ്പോള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആവറേജ് വിലയ്ക്ക് നല്ല ഓഹരികള്‍ വാങ്ങാന്‍ കഴിയും.

ബ്ലൂചിപ്പ് ഓഹരികള്‍ താരതമ്യേന മികച്ച ലാഭ വിഹിതം നല്‍കുന്ന കമ്പനികളായിരിക്കും. അത്തരത്തില്‍ ലഭ്യമാകുന്ന ലാഭവിഹിതം ഉപയോഗിച്ച് വീണ്ടും ഓഹരികള്‍ വാങ്ങുന്നതും നല്ലതാണ്.

(Originally published in Dhanam Magazine 15 July 2025 issue.)

What should newcomers pay attention to when investing in blue-chip stocks?

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com