ജുന്‍ജുന്‍വാലയ്ക്കും ഭാര്യയ്ക്കും പത്ത് മിനിട്ടില്‍ 318 കോടി നഷ്ടം നല്‍കിയത് ഈ ഓഹരി

ലാഭമെടുക്കലില്‍ ചാഞ്ചാടി ഇന്നലെ വന്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ത്യയുടെ എയ്‌സ് നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് വമ്പന്‍ നഷ്ടം. ടൈറ്റന്‍ കമ്പനിയുടെ ഓഹരികളാണ് പത്തുമിനിട്ടില്‍ വലിയ നഷ്ടം വരുത്തിയത്. ഒന്നും രണ്ടുമല്ല ഏതാനും മിനിട്ടുകളില്‍ 318 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ബിഗ്ബുള്‍ ജുന്‍ജുന്‍വാലയ്ക്ക് ഉണ്ടായത്.

സെപ്റ്റംബര്‍ പാദ കണക്കു പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 33760395 ഓഹരിയാണ് ടൈറ്റന്‍ കമ്പനിയിലുള്ളത്. കമ്പനിയുടെ ആകെ പെയ്ഡ് അപ്പ് കാപിറ്റലിന്റെ 3.80 ശതമാനം വരുമിത്. അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് 9540575 ഓഹരികളുണ്ട്. ഇത് 1.07 ശതമാനം വരും.
ഇവരുടെ കമ്പനിയായ രാരേ എന്റര്‍പ്രൈസസിന് ടൈറ്റന്റെ ആകെ 43300970 ഓഹരികളാണ് ഇത്തരത്തിലുള്ളത്. ഒരു ഓഹരിക്ക് പത്ത് മിനിറ്റില്‍ ഉണ്ടായ 73.60 രൂപയുടെ നഷ്ടം കണക്കാക്കുമ്പോള്‍ 43300970 ഓഹരികളുള്ള ജുന്‍ജുന്‍വാലയ്ക്കും ഭാര്യയ്ക്കും 318 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
ചാഞ്ചാടി ഓഹരിവില
ഇന്നലെ ഓഹരി വിപണി ആരംഭിച്ചപ്പോള്‍ 2336 രൂപയായിരുന്നു ടൈറ്റന്‍ കമ്പനിയുടെ ഓഹരി മൂല്യം. എന്നാല്‍ 9.25 ആയപ്പോഴേക്കും മൂല്യം 2283 രൂപയായി ഇടിഞ്ഞു. അതിനും മുമ്പുള്ള ദിവസം വിപണിയില്‍ 2357.25 രൂപയിലാണ് ടൈറ്റന്‍ കമ്പനിയുടെ ഓഹരി ക്ലോസ് ചെയ്തത്. ഇന്ന് ഇത് വീണ്ടും ഇടിഞ്ഞ് 2270 രൂപയിലെത്തി നില്‍ക്കുന്നു ( ഡിസംബര്‍ 18- 12 pm). എന്നാല്‍ ഇന്നലെ വിപണി തുറന്ന ഉടന്‍ ഓഹരി 73.60 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ജുന്‍ജുന്‍വാലയുടെ ഓഹരിമൂല്യത്തെയും ബാധിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it