ജുന്‍ജുന്‍വാലയുടെ കണക്കുകള്‍ തെറ്റുന്നോ? ഈ സ്റ്റോക്കിന്റെ റേറ്റിംഗ് വെട്ടിക്കുറച്ച് ഏജന്‍സികള്‍

ബിഗ് ബുള്‍ ജുന്‍ജുന്‍വാലയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണോ? ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയ മറ്റൊരു കമ്പനിയുടെ ഓഹരികള്‍ കൂടി വന്‍ നഷ്ടത്തിലേക്ക്. ആഗോളതലത്തില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ ഫാര്‍മ കമ്പനിയായ ജൂബിലന്റ് ഫാര്‍മോവയിലെ ഓഹരികളാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിക്ഷേപകരുടെ സമ്പാദ്യം പകുതിയായി കുറച്ചുകൊണ്ടാണ് കമ്പനി ഓഹരികള്‍ ഇടിഞ്ഞത്. 6.3 ശതമാനം ഓഹരി പങ്കാളിത്തമാണ് കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജൂബിലന്റ് ഫാര്‍മോവ ഓഹരികള്‍ 10 ശതമാനവും മൂന്ന് മാസത്തിനിടെ 23 ശതമാനവും ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തിലേറെയും ഇടിഞ്ഞതായാണ് എന്‍എസ്ഇയിലെ റിപ്പോര്‍ട്ട്.
ജുന്‍ജുന്‍വാലയ്ക്ക് കൂടി പങ്കാളിത്തമുള്ള കമ്പനിയുടെ മൂന്നാം പാദഫലം പുറത്തുവന്നതോടെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഈ ഓഹരിയുടെ റേറ്റിംഗ് താഴ്ത്തിയിരിക്കുകയാണ്. ഐസിഐസിഐ ഡയറക്റ്റ് റേറ്റിംഗ് താഴ്ത്തുകയും മോത്തിലാല്‍ ഒസ്വാള്‍- റേറ്റിംഗ് 'ന്യൂട്രല്‍' എന്നതിലേക്ക് താഴ്ത്തുകയും ചെയ്തു.
സമീപകാലത്ത് റൂര്‍ക്കി പ്ലാന്റിന് അമേരിക്കന്‍ മരുന്ന് നിയന്ത്രണ ഏജന്‍സിയുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞു. ഇക്കാര്യം പരിഹരിക്കാന്‍ സാധിച്ചാല്‍ വരും പാദങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടാമെന്ന് നിര്‍മല്‍ ബാംഗ് പ്രവചിച്ചു. ജെഎം ഫിനാന്‍ഷ്യല്‍ മാത്രമാണ് ഓഹരിയെക്കുറിച്ച് ശുഭസൂചകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
അത്ര മെച്ചമല്ലാത്ത പാദഫലങ്ങള്‍ക്ക് പിന്നാലെ മോശം റേറ്റിംഗ് കൂടെ വന്നതോടെ ഓഹരികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണിരിക്കുകയാണ്. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ കണ്ണും നട്ടിരിക്കുന്നവര്‍ക്ക് ജൂബിലന്റ് ഫാര്‍മോവ, ബൈ/ സെല്‍ ഓപ്ഷനു പകരം ഹോള്‍ഡ് ആന്‍ഡ് വാച്ച് ഓപ്ഷനാണ് പൊതുവെയുള്ള വിദഗ്ധ നിര്‍ദേശങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനഫലം വളരെ മോശമായിരുന്നു. ആകെ വരുമാനം 1,310.53 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 26 ശതമാനം ഇടിവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. കമ്പനിയുടെ അറ്റാദായം 83.55 ശതമാനം ഇടിഞ്ഞ് 50.99 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം അറ്റാദായം 309.93 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ 60 ശതമാനത്തോളം ഇടിവുണ്ടായി.

ന്യൂക്ലിയര്‍ മെഡിസിനില്‍ അധിഷ്ഠിതമായ രോഗനിര്‍ണയം, ചികിത്സ മരുന്നുകള്‍), അലര്‍ജി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പേറ്റന്റ് അധിഷ്ഠിതമായ മരുന്നുകള്‍ എന്നിവയുടെയും മരുന്നുകളിലെ രാസ സംയുക്തങ്ങളുടെയും നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇത്.

(ഇതൊരു ഓഹരി നിര്‍ദേശമല്ല, റിപ്പോര്‍ട്ട് മാത്രമാണ്)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it