ഈ കേരള കമ്പനിയുടെ ഓഹരി ഇന്ന് കുതിച്ചത് 18%; ഒരുമാസത്തെ മുന്നേറ്റം 42%

കേരളം ആസ്ഥാനമായുള്ള സ്റ്റെല്‍ ഹോള്‍ഡിംഗ്‌സിന്റെ (STEL Holdings) ഓഹരികള്‍ ഇന്ന് മുന്നേറിയത് 18.04 ശതമാനം. നേരത്തേ ഹാരിസണ്‍സ് മലയാളത്തിന്റെ (Harrisons Malayalam Limited) 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഉപസ്ഥാപനമായിരുന്ന സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഇപ്പോള്‍ ആര്‍.പി ഗോയങ്ക ഗ്രൂപ്പ് (ആര്‍.പി.ജി/RPG), ആര്‍.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് (ആര്‍.പി.എസ്.ജി/RPSG) എന്നിവയുടെ ഭാഗമായ നിക്ഷേപക സ്ഥാപനമാണ്.

കഴിഞ്ഞവാരം 173.55 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഓഹരികള്‍ ഇന്ന് തുടക്കമിട്ടത് തന്നെ 188.70 രൂപയില്‍. ഒരുവേള 18.04 ശതമാനം വരെ കുതിച്ച ഓഹരികള്‍ 52-ആഴ്ചത്തെ ഉയരമായ 208.25 രൂപവരെ എത്തി. 14.38 ശതമാനം നേട്ടത്തോടെ 198.50 രൂപയിലാണ് ഇന്നത്തെ അവസാന സെഷനില്‍ വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ഒരുമാസത്തിനിടെ നിക്ഷേപകര്‍ക്ക് കമ്പനിയുടെ ഓഹരികള്‍ സമ്മാനിച്ച നേട്ടം 42.43 ശതമാനമാണ്. 138.50 രൂപയില്‍ നിന്നാണ് ഓഹരി വില ഒരുമാസംകൊണ്ട് 208 രൂപയിലേക്ക് കുതിച്ചുകയറിയത്.

കേരള കമ്പനി; വിപണിമൂല്യം 375 കോടി
ഹാരിസണ്‍സ് മലയാളത്തിന്റെ നിക്ഷേപക വിഭാഗമായിരുന്ന സ്റ്റെല്ലിന്റെ ആദ്യ പേര് സെന്റിനെല്‍ ടീ ആന്‍ഡ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡ് എന്നായിരുന്നു. 2011 ജൂലൈയിലാണ് സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് എന്ന് പേര് മാറ്റിയത്. എന്‍.എസ്.ഇയിലും (NSE) ബി.എസ്.ഇയിലും (BSE) ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സിന് വിവിധ സ്ഥാപനങ്ങളിലുള്ള നിക്ഷേപം


നിലവില്‍ ആര്‍.പി.ജി., ആര്‍.പി.എസ്.ജി തുടങ്ങിയ സ്ഥാപനങ്ങളിലായി 1,046 കോടി രൂപയുടെ നിക്ഷേപം സ്റ്റെല്‍ ഹോള്‍ഡിംഗ്‌സിനുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കമ്പനി പ്രധാനമായും വരുമാനം നേടുന്നത് നിക്ഷേപത്തില്‍ നിന്നുള്ള ലാഭവിഹിതം, പലിശ എന്നിവയിലൂടെയാണ്. 375 കോടി രൂപയാണ് സ്റ്റെല്‍ ഹോള്‍ഡിംഗ്‌സിന്റെ വിപണി മൂല്യം. 2023 മാർച്ച് പാദത്തിലെ കണക്കുപ്രകാരം 35 കോടിരൂപയുടെ കാഷും (cash and cash equivalents) കമ്പനിയുടെ കൈവശമുണ്ട്.
കുതിപ്പിന് പിന്നില്‍
സിയറ്റ് ലിമിറ്റഡ് (CEAT), ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക്, കെ.ഇ.സി ഇന്റര്‍നാഷണല്‍, സ്‌പെന്‍സേഴ്‌സ് റീട്ടെയ്ല്‍, സി.ഇ.എസ്.സി., സി.എഫ്.എല്‍ ക്യാപ്പിറ്റല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ആര്‍.പി.എസ്.ജി വെഞ്ച്വേഴ്‌സ്, ആര്‍.പി.ജി ലൈഫ് സയന്‍സസ്, സമിറ്റ് സെക്യൂരിറ്റീസ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവയില്‍ നിക്ഷേപമുള്ള കമ്പനിയാണ് സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്.
ഇതില്‍ കെ.ഇ.സി., സ്‌പെന്‍സേഴ്‌സ്, സരിഗമ എന്നിവ ഒഴികെയുള്ളവയുടെ ഓഹരികള്‍ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആര്‍.പി.ജി വെഞ്ച്വേഴ്‌സ് കുതിച്ചത് 15.17 ശതമാനം വരെയാണ്. ഈ നേട്ടം സ്റ്റെല്‍ ഹോള്‍ഡിംഗ്‌സിനും കരുത്തായെന്നാണ് വിലയിരുത്തല്‍. സ്‌റ്റെല്ലിന്റെ ജൂണ്‍പാദ പ്രവര്‍ത്തനഫലം ആഗസ്റ്റ് നാലിന് പുറത്തുവരുമെന്നാണ് സൂചനകള്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് 12.26 കോടി രൂപയുടെ ലാഭമാണ് നേടിയത്. 17.16 കോടി രൂപയായിരുന്നു മൊത്ത വരുമാനം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it