40 ദിവസത്തിനിടെ 50 ശതമാനം നേട്ടം; അപ്രതീക്ഷിത നേട്ടം സമ്മാനിച്ച കേരള കമ്പനിയിതാ

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് അപ്രതീക്ഷിത നേട്ടം സമ്മാനിച്ച് കേരള കമ്പനിയായ കല്യാണ്‍ ജൂവലേഴ്‌സ് (Kalyan Jewellers). 40 ദിവസത്തിനിടെ 50 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഈ ഓഹരിയിലുണ്ടായത്. അതായത്, ജൂണ്‍ 20ന് 55.85 രൂപയായിരുന്ന ഓഹരി വില ഇന്ന് എത്തി നില്‍ക്കുന്നത് 83.92 രൂപയില്‍. ഒരുമാസത്തിനിടെ 27 ശതമാനത്തിന്റെ നേട്ടവും ജൂവല്‍റി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഒരു ഓഹരിക്ക് 75.20 രൂപ എന്ന നിലയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കല്യാണ്‍ ജൂവല്‍റിയുടെ ഓഹരി ദീര്‍ഘകാലം ചാഞ്ചാട്ടത്തില്‍ തുടര്‍ന്നതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഉയരുന്നത്. എക്കാലത്തെയും ഉയര്‍ന്ന നിലയായ 85.20 രൂപയ്ക്ക് അടുത്താണ് ഇന്ന് വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള ഓഹരി വില.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തനം ഫലം നേടാനായാതാണ് ഓഹരിവിലയിലെ കുതിപ്പിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ജൂണ്‍ പാദത്തിലെ കല്യാണ്‍ ജൂവലേഴ്സിന്റെ ആകെ വിറ്റുവരവ് 3333 കോടി രൂപയായി ഉയര്‍ന്നിരുന്നു, കഴിഞ്ഞ വര്‍ഷത്തെ കാലയളവില്‍ 1637 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ എബിറ്റ്ഡ മുന്‍വര്‍ഷത്തെ 69 കോടി രൂപയില്‍നിന്ന് 264 കോടി രൂപയായും ഉയര്‍ന്നു.

കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ 51 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ ഏകീകൃത ലാഭം 108 കോടി രൂപയായാണ് ഉയര്‍ന്നത്. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള വിറ്റുവരവ് 2719 കോടി രൂപയായി. മുന്‍വര്‍ഷമിന് 1274 കോടി രൂപയായിരുന്നു. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്നുള്ള ഏകീകൃത ലാഭം മുന്‍വര്‍ഷം ഇതേ പാദത്തിലെ 45 കോടി രൂപയുടെ നഷ്ടത്തില്‍നിന്ന് 95 കോടി രൂപയുമായി.

1993 ല്‍ തൃശൂരില്‍ റീറ്റെയ്ല്‍ ആഭരണ ബിസിനസ് ആരംഭിച്ച കല്യാണ്‍ ജൂവലേഴ്‌സ് നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് സഹകരണ രാജ്യങ്ങളിലുമായി 150 ല്‍ പ്പരം ആഭരണ വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍ കല്യാണ്‍ ജൂവലേഴ്‌സിന് സാന്നിധ്യമുണ്ട്.

Related Articles
Next Story
Videos
Share it