ഈ ലോജിസ്റ്റിക്‌സ് കമ്പനിയും വിപണിയിലേക്ക് എത്തുന്നു, സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 1,100 കോടി

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിസ്റ്റീന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫ്രാ പ്രോജക്ട്സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,100 കോടി സമാഹരിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനുമുന്നോടിയായി കമ്പനി അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് അടുത്ത ആഴ്ച സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിക്കും. ഓഫര്‍ ഫോര്‍ സെയ്‌ലിനൊപ്പം ഓഹരികളുടെ പുതിയ ഇഷ്യുവും ഐപിഒയിലുണ്ടാകും. ഐപിഒയിലൂടെ ലഭിക്കുന്ന വരുമാനം പ്രവര്‍ത്തന മൂലധനത്തിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുക.

2009ല്‍ സ്ഥാപിതമായ, ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ലുധിയാന, ഫരീദാബാദ്, പട്ന, സിലിഗുരി, കൊല്‍ക്കത്ത, പിപാവാവ്, മുന്ദ്ര, നേപ്പാള്‍ തുടങ്ങിയ നഗരങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ അനുബന്ധ സ്ഥാപനമായ പ്രിസ്റ്റീന്‍ മാല്‍വ ലോജിസ്റ്റിക്‌സ് പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് ദക്ഷിണേന്ത്യയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സിക്കല്‍ ലോജിസ്റ്റിക്സ് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ കമ്പനിക്ക് ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുണ്ടാകും.
നിലവില്‍, കമ്പനി റെയില്‍-ലിങ്ക്ഡ് ലോജിസ്റ്റിക് പാര്‍ക്കുകളും കണ്ടെയ്‌നര്‍ ടെര്‍മിനലുകളും ഒരുക്കുകയും പ്രവര്‍ത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ, ബള്‍ക്ക്, ബ്രേക്ക് ബള്‍ക്ക് ചരക്കുകളുടെ വിതരണവും കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. ക്രൂഡ്-എഡിബിള്‍ ഓയില്‍ സംഭരണവും ഗതാഗത സൗകര്യങ്ങളും കമ്പനിക്ക് സ്വന്തമായുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവയെയാണ് ഐപിഒയുടെ മാനേജര്‍മാരായി നിയമിച്ചിട്ടുള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it