ഈ റിയല്‍റ്റി കമ്പനിയും ലിസ്റ്റിംഗിന്, ഐപിഒയിലൂടെ ലക്ഷ്യമിടുന്നത് 1,000 കോടി

റിയല്‍റ്റി സ്ഥാപനമായ (Realty Company) സിഗ്‌നേച്ചര്‍ ഗ്ലോബല്‍ (ഇന്ത്യ) ലിമിറ്റഡും ഓഹരി വിപണിയിലേക്ക്. ഇതിനുമുന്നോടിയായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് സിഗ്‌നേച്ചര്‍ ഗ്ലോബല്‍ ലക്ഷ്യമിടുന്നത്. ഡിആര്‍എച്ച്പി പ്രകാരം 750 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 250 കോടി രൂപ വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ (IPO) ഉള്‍പ്പെടുന്നത്.

ഓഫര്‍ ഫോര്‍ സെയ്‌ലിന്റെ ഭാഗമായി പ്രൊമോട്ടര്‍ സര്‍വ്പ്രിയ സെക്യൂരിറ്റീസും ഇന്‍വെസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനും 125 കോടി രൂപ വരെ മൂല്യമുള്ള ഇക്വിറ്റി ഓഹരികള്‍ വില്‍ക്കും. ഐപിഒയില്‍ നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് കമ്പനി വിനിയോഗിക്കുക. കൂടാതെ, സിഗ്‌നേച്ചര്‍ഗ്ലോബല്‍ ഹോംസ്, സിഗ്‌നേച്ചര്‍ ഇന്‍ഫ്രാബില്‍ഡ്, സിഗ്‌നേച്ചര്‍ഗ്ലോബല്‍ ഡെവലപ്പേഴ്‌സ്, സ്റ്റെര്‍ണല്‍ ബില്‍ഡ്‌കോണ്‍ എന്നീ സബ്‌സിഡിയറികളുടെ വായ്പാ തിരിച്ചടവിനും തുക ഉപയോഗിക്കും.
ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ സിഗ്‌നേച്ചര്‍ ഗ്ലോബല്‍ ഇടത്തരം ഹൗസിംഗ് വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022 മാര്‍ച്ച് വരെ, സിഗ്‌നേച്ചര്‍ ഗ്ലോബല്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ 23,453 റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ യൂണിറ്റുകളാണ് വിറ്റത്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍ എന്നിവയാണ് ഇഷ്യുവിന്റെ റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it