ദക്ഷിണേഷ്യയില്‍ ഏറ്റവും വേഗം വളരുന്നത് ഈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്; ഇന്ത്യയിലെ അല്ല!

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അരക്ഷിതാവസ്ഥ നിറഞ്ഞൊരു രാജ്യം. പണപ്പെരുപ്പം 27 ശതമാനത്തോളം. അടിസ്ഥാന പലിശനിരക്കാകട്ടെ 22 ശതമാനം. തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം. ജി.ഡി.പിയിലോ തീരെ വളര്‍ച്ചയുമില്ല. എന്നിട്ടും, ദക്ഷിണേഷ്യയിലെ ഏറ്റവും വേഗം വളരുന്ന ഓഹരി വിപണിയെന്ന നേട്ടം ഈ രാജ്യത്തിന്റെ വിപണി സ്വന്തമാക്കിയിരിക്കുന്നു.

വേറെ ഏതുമല്ല, ഇന്ത്യയുടെ അയല്‍ രാജ്യവും ബദ്ധവൈരിയുമായ പാകിസ്ഥാനിലെ ഓഹരി വിപണിയാണ് (Pakistan Stock Exchange/PSX) ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ 50,000 പോയിന്റായിരുന്നു പി.എസ്.എക്‌സ് കുറിച്ചത്. ഡിസംബറില്‍ 66,200 പോയിന്റ് ഭേദിച്ചിരിക്കുകയാണ് പി.എസ്.എക്‌സ്.
വളര്‍ച്ചയ്ക്ക് പിന്നില്‍
സാമ്പത്തികഞെരുക്കം മൂലം പൊറുതിമുട്ടിയിരിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇതിനിടയിലും രക്ഷാപ്പാക്കേജ് എന്നോണം അന്താരാഷ്ട്ര നാണ്യനിധിയില്‍ (IMF) നിന്ന് 300 കോടി ഡോളര്‍ (ഏകദേശം 25,000 കോടി ഇന്ത്യന്‍ രൂപ) വായ്പ കിട്ടുമെന്ന് ഉറപ്പായതിന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ഓഹരി വിപണി ഉയരങ്ങളിലേക്ക് കുതിക്കുന്നത്.
രാജ്യത്തെ കമ്പനികള്‍ ലാഭത്തിലേക്ക് മെല്ലെ ചുവടുവച്ചതും ലാഭവിഹിതം നല്‍കിത്തുടങ്ങിയതും വിദേശ നിക്ഷേപത്തിലെ വര്‍ധനയും ഓഹരി വിപണിക്ക് കുതിപ്പേകുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു കാര്യവുമില്ല!
ഓഹരി വിപണി റെക്കോഡ് കുറിച്ചതൊന്നും പക്ഷേ, പാക് ജനതയെ ആശ്വസിപ്പിക്കുന്നില്ല. റോക്കറ്റ് വേഗത്തില്‍ ഉയരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മ നിരക്കും ജനങ്ങളെ വറുതിയിലാക്കിയിരിക്കുന്നു.
കയറ്റുമതി മേഖല ഏതാണ്ട് സ്തംഭിച്ചുകഴിഞ്ഞു. വിദേശനാണ്യ വരുമാനം തീരെയില്ല. രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിര്‍ജീവമാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥ മാറുകയും സ്ഥിരതയുള്ള ഭരണകൂടവും വന്നാലെ പാക് സമ്പദ്‌വ്യവസ്ഥയ്ക്ക് കരകയറാനാകൂ എന്നാണ് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
കമ്പനികളും വിപണിമൂല്യവും
100 കോടി ഡോളറിനുമേല്‍ (8,400 കോടി ഇന്ത്യന്‍ രൂപ) വിപണിമൂല്യമുള്ള 7 കമ്പനികളേ പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലുള്ളൂ. ഒ.ജി.ഡി.സി., കോള്‍ഗേറ്റ്, നെസ്‌ലെ, മീസാന്‍, പി.പി.എല്‍, പാക് ടുബാക്കോ, മാരി പെട്രോളിയം എന്നിവയാണവ. ഒ.ജി.ഡി.സിയും നെസ്‌ലെയും ഒഴികെയുള്ളവ കഴിഞ്ഞ 5 മാസത്തിനകമാണ് ബില്യണ്‍ ഡോളര്‍ (100 കോടി ഡോളര്‍) ക്ലബ്ബില്‍ ഇടംപിടിച്ചത്.
Related Articles
Next Story
Videos
Share it