ഒരു വര്‍ഷത്തിനിടെ 40 ശതമാനം നേട്ടം, പൊറിഞ്ചു ധനത്തില്‍ നിര്‍ദേശിച്ച ഈ ഓഹരി 52 ആഴ്ചത്തെ ഉയര്‍ന്ന നിലയില്‍

ഒരു വര്‍ഷത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോഴും ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് 40 ശതമാനത്തിന്റെ നേട്ടം സമ്മാനിച്ച് ഐടിസി. ഇന്ന് നാല് ശതമാനത്തോളം ഉയര്‍ന്നതോടെ ഐടിസിയുടെ ഓഹരി വില 52 ആഴ്ചത്തെ ഉയര്‍ന്ന നിലയായ 284.25 രൂപയിലെത്തി. വിപണി ചാഞ്ചാട്ടത്തിലേക്ക് വീണപ്പോഴും ഈ ഓഹരി ആറ് മാസത്തിനിടെ 30 ശതമാനത്തിന്റെ നേട്ടമാണ് സമ്മാനിച്ചത്. കഴിഞ്ഞ ഓണത്തിന് ഇന്ത്യയിലെ പ്രമുഖ പോര്‍ട്ട്ഫോളിയോ മാനേജറും ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് ധനത്തില്‍ നിര്‍ദേശിച്ച ഓഹരികളില്‍ ഒന്നാണ് ഐടിസി ലിമിറ്റഡ്.

കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും മോശമായി ബാധിച്ച ബിസിനസുകളിലൊന്നായ കമ്പനിയുടെ സിഗരറ്റ് ബിസിനസില്‍ ശക്തമായ തിരിച്ചുവരവാണ് കഴിഞ്ഞപാദങ്ങളില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഉത്സവ/വിവാഹ സീസണിന്റെ ആരംഭവും ഹോട്ടല്‍ ബിസിനസിന് ഗുണകരമായി.
2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ സെഗ്മെന്റുകളിലുടനീളമുള്ള വളര്‍ച്ചയുടെ ഫലമായി നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 11.60 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. 4,260 കോടി രൂപ. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3,817 കോടി രൂപയായിരുന്നു. കമ്പനിയുടെ ഏകീകൃത വരുമാനം 17,754 കോടി രൂപയായും വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 15,404 കോടി രൂപയില്‍ നിന്ന് 15.25 ശതമാനം വര്‍ധന.
ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്ലോണ്‍, ക്ലാസ്മേറ്റ്സ് എന്നിവയാണ് ഐടിസിക്ക് കീഴിലെ പ്രധാന ബ്രാന്‍ഡുകള്‍. ഇതിന് പുറമെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈയിലാണ്. രണ്ടരലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. SUUTI (Specified Undertaking of the Unit Trust of India) യുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തത വരികയോ കമ്പനിയുടെ ഡീമെര്‍ജര്‍ (വിഭജനം) സംബന്ധിച്ച തീരുമാനം വരികയോ ചെയ്താല്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് എത്താനിടയുണ്ടെന്ന് ധനത്തിന്റെ ഓണം സ്‌പെഷ്യല്‍ പതിപ്പില്‍ പൊറിഞ്ചു വെളിയത്ത് പറഞ്ഞിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it