സര്‍വകാല റെക്കോര്‍ഡ് ഓഹരി വിലയില്‍ ഈ ടാറ്റ ഗ്രൂപ്പ് കമ്പനി; ഒരു വര്‍ഷത്തിനിടെ നേട്ടം 237%

ഇന്ത്യന്‍ ഓഹരി വിപണി ചാഞ്ചാട്ടങ്ങള്‍ക്ക് നടുവിലായിരിക്കുമ്പോഴും കുതിച്ചുമുന്നേറി ഒരു ടാറ്റ ഗ്രൂപ്പ് കമ്പനി. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ടാറ്റ എല്‍ക്‌സിയുടെ ഓഹരി വിലയാണ് ഇന്ന് 7.55 ശതമാനം ഉയര്‍ന്ന് 9,078 രൂപയെന്ന സര്‍വകാല റെക്കോര്‍ഡ് വില തൊട്ടത്. കഴിഞ്ഞ രണ്ട് വ്യാപാര ദിനത്തിലായി ഈ ഓഹരി വില 17.18 ശതമാനമാണ് വര്‍ധിച്ചത്.

ലോകത്തിലെ പ്രമുഖ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി പ്രൊവൈഡറാണ് ടാറ്റ എല്‍ക്‌സി. വിവിധ മേഖലയിലുള്ള കമ്പനികള്‍ക്ക് ഡിസൈന്‍ തിങ്കിംഗിലൂടെ അവയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും റീ ഇമാജിന്‍ ചെയ്യുന്നതിനൊപ്പം ഐഒടി, ക്ലൗഡ്, മൊബിലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ ആപ്ലിക്കേഷന്‍സ് ലഭ്യമാക്കുകയും ചെയ്യുന്നു ടാറ്റ എല്‍ക്‌സി. മറ്റ് ഡിസൈന്‍ കമ്പനികളില്‍ നിന്ന് വേറിട്ട് ഡിജിറ്റലിനും സോഫ്റ്റ് വെയറിനും നല്‍കുന്ന ഊന്നല്‍ ടാറ്റ എല്‍ക്‌സിയുടെ വരുമാന വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.

അതിനിടെ MSCI യുടെ അടിസ്ഥാന സൂചികയില്‍ ടാറ്റ എല്‍ക്‌സിയെ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. MSCI സൂചികയിലെ രണ്ട് കമ്പനികളെ മാറ്റി അഞ്ച് കമ്പനികളെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് എഡല്‍വൈസ് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഡല്‍വൈസിന്റെ നിഗമന പ്രകാരം സൂചികയില്‍ ഇപ്പോഴുള്ള ഇന്ദ്രപ്രസ്ഥ ഗ്യാസ്, എംആര്‍എഫ് ഇന്ത്യ എന്നിവയെ മാറ്റി ടാറ്റ എല്‍ക്‌സി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, വോള്‍ട്ടാസ്, വരുണ്‍ ബിവ്‌റേജസ്, ആസ്ട്രാല്‍ എന്നിവ വന്നേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it