വെറും 20 രൂപയില്‍ നിന്നും 630 രൂപ കടന്ന ടെക്‌സ്റ്റൈല്‍ ഓഹരി ഇതാണ്

ആറ് മാസത്തില്‍ 30 മടങ്ങ് നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ടെക്‌സ്‌റ്റൈല്‍ ഓഹരിയാണ് ഇന്ന് വിപണിയില്‍ ചര്‍ച്ചാവിഷയമായ ഒരു കാര്യം. രഘുവീര്‍ സിന്തറ്റിക്‌സ് ഓഹരികളാണ് ഏകദേശം 20 രൂപയില്‍ നിന്ന് 630.40 രൂപ വരെ (ഡിസംബര്‍ 13) വില ഉയര്‍ന്നത്. ഈ ചെറിയ കാലയളവില്‍ മാത്രം കമ്പനിയുടെ ഓഹരി സ്വന്തമാക്കിയിരുന്നവരെ കാത്തിരുന്നത് 30 മടങ്ങ് ഉയര്‍ന്ന നേട്ടം.

മള്‍ട്ടിബാഗര്‍ നേട്ടം
ഇക്കഴിഞ്ഞ ഒരാഴ്ച തന്നെ മികച്ച രീതിയില്‍ ഉയര്‍ന്ന മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്ക് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് മികച്ച നേട്ടം. ഒരു നിക്ഷേപകന്‍ ഒരാഴ്ച മുമ്പ് ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം രൂപ 1.21 ലക്ഷം രൂപയായി ഉയരുമായിരുന്നു. ഒരു മാസം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, അതിന്റെ മൂല്യം ഇന്ന് 2.75 ലക്ഷം രൂപയായി മാറുമായിരുന്നു. ആറ് മാസം മുമ്പ് ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരാളുടെ ഒരു ലക്ഷം രൂപ ഇന്ന് 30 ലക്ഷം രൂപയാണ്. ഇതേ കാലയളവില്‍, ബെഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റി 50, 11 ശതമാനത്തിനടുത്ത് റിട്ടേണ്‍ നല്‍കിയപ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് ഏകദേശം 12 ശതമാനം റിട്ടേണ്‍ ആണ് നല്‍കിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ, രഘുവീര്‍ സിന്തറ്റിക്സിന്റെ ഓഹരി വില 720 ശതമാനം ഉയര്‍ന്നു. നിലവില്‍, ബിഎസ്ഇയില്‍ 'എക്‌സ്ടി' വിഭാഗത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. ഓഹരി വില വീണ്ടും ഉയര്‍ന്നേക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഓഹരി വിഭജനത്തിന് ശേഷമാണ് ഓഹരി വിലയും മെച്ചപ്പെട്ടത്. കമ്പനിയുടെ ഇക്വിറ്റി ഷെയറുകള്‍ 10 രൂപ മുഖവിലയില്‍ നിന്ന് ഒരു രൂപ വീതം വിലയുള്ള ഷെയറുകളായി വിഭജിച്ചിരുന്നു. ചെറുകിട റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് താങ്ങാനാകും എന്നതോടൊപ്പം പണലഭ്യത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായിരുന്നു ഈ തീരുമാനം. എന്നാല്‍ അടിസ്ഥാന മൂല്യത്തില്‍ മാറ്റമുണ്ടായില്ല. അതായത് ഓഹരി നിക്ഷേപകന് എണ്ണത്തോടൊപ്പം വിലക്കുറവും അനുഭവപ്പെടും.
2021 സെപ്റ്റംബര്‍ 30-ലെ കണക്കനുസരിച്ച്, രഘുവീര്‍ സിന്തറ്റിക്സിന് മൊത്തം 3.8 കോടി ഇക്വിറ്റി ഷെയറുകളുണ്ട്.. ഇതില്‍ 74.91 ശതമാനം അഥവാ 2.9 കോടി ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ കൈവശം വെച്ചിട്ടുണ്ട്. വ്യക്തിഗത ഓഹരിയുടമകള്‍ക്ക് 22.93 ശതമാനം ഓഹരിയാണുള്ളത്, ബാക്കിയുള്ള 2.16 ശതമാനം കോര്‍പ്പറേറ്റുകളുടെ കയ്യിലാണ്. 1968-ല്‍ സ്ഥാപിതമായ കമ്പനി പട്ട്, പരുത്തി, ലിനന്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനി കര്‍ട്ടന്‍ ഇന്റീരിയര്‍ ക്ലോത്തിംഗിലെ പ്രമുഖ ബ്രാന്‍ഡ് ആണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it