40,000 കോടി രൂപ സമാഹരിക്കാന്‍ മൂന്ന് അദാനി കമ്പനികള്‍

നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാൻ ഗൗതം അദാനി
Gautam Adani
Stock Image
Published on

അദാനി ഗ്രൂപ്പില  അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികള്‍ 5 ബില്യണ്‍ ഡോളര്‍ (40,000 കോടി രൂപ) സമാഹരിക്കാനൊരുങ്ങുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഓഹരികളോ മറ്റ് സെക്യൂരിറ്റികളോ വില്‍ക്കുന്നതിലൂടെ ഫണ്ട് സ്വരൂപിക്കുന്നത് പരിഗണിക്കാന്‍ മൂന്ന് സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ ശനിയാഴ്ച യോഗം ചേരും.

നിര്‍ത്തലാക്കിയ എഫ്.പി.ഒ

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ) നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായതിന് മൂന്ന് മാസത്തിന് ശേഷമാണ് ഇത്. അന്ന് ഓഫര്‍ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്തെങ്കിലും കമ്പനി വരിക്കാര്‍ക്ക് പണം തിരികെ നല്‍കിയിരുന്നു. എഫ്.പി.ഒയില്‍ 3,112 രൂപ മുതല്‍ 3,276 രൂപ വരെ വിലയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി ഇപ്പോള്‍ 1,968 രൂപയിലാണ് (12th May, 11:20 am) വ്യാപാരം നടത്തുന്നത്.

ഹിന്‍ഡന്‍ബര്‍ഗിന് പിന്നാലെ

വഞ്ചന, അഴിമതി, ഓഹരി കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചതു മുതല്‍ അദാനി ഗ്രൂപ്പ് പ്രതിസന്ധിയിലായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഒരു ഘട്ടത്തില്‍ അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ ഏകദേശം 11,48,000 കോടി രൂപയുടെ (140 ബില്യണ്‍ യുഎസ് ഡോളര്‍) ഇടിവുണ്ടായി. ആരോപണങ്ങളെല്ലാം നിഷേധിച്ച അദാനി ഗ്രൂപ്പ് കമ്പനിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം വിപണി തകര്‍ച്ചയ്ക്കിടയില്‍ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി ഗൗതം അദാനി യു.എസ് ക്രൈസിസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ലീഗല്‍ ടീമുകളെ നിയമിച്ചു. തുടര്‍ന്ന് 6970 കോടി രൂപയുടെ കല്‍ക്കരി പ്ലാന്റ് വാങ്ങല്‍ ഒഴിവാക്കി, ചെലവ് ചുരുക്കി, ചില വായ്പകള്‍ മുന്‍കൂട്ടി അടച്ചു തീര്‍ത്തു, മറ്റ് ചില വായ്പകള്‍ വേഗത്തില്‍ തിരിച്ചടയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു, ഏഷ്യയിലും യൂറോപ്പിലുടനീളവും റോഡ് ഷോകള്‍ നടത്തുകയും മറ്റും ചെയ്തു.

സഹായവുമായി ബാങ്കുകള്‍

2023 മാര്‍ച്ച് 31 വരെയുള്ള ഗ്രൂപ്പിന്റെ കടം 2,27,000 കോടി രൂപയായിരുന്നു. അതില്‍ 39 ശതമാനം ബോണ്ടുകളിലും 29 ശതമാനം അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നുള്ള വായ്പയും 32 ശതമാനം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണ്. ഈ സാഹചര്യത്തില്‍ മിത്സുബിഷി യു.എഫ്.ജെ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ്, സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ്, മിസുഹോ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നീ മൂന്ന് ജാപ്പനീസ് ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് വായ്പ വാഗ്ദാനം ചെയ്തു അടുത്തിടെ മുന്നോട്ട് വന്നിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com