ഡിസംബർ ആദ്യവാരം പ്രാഥമിക വിപണിയിൽ ₹1,101 കോടിയുടെ ഐപിഒ ആവേശം; എത്തുക മൂന്ന് കമ്പനികൾ

മാതംഗി റബ്ബർ, സ്വര ബേബി പ്രോഡക്ട്സ്, മോണോമാർക്ക് എൻജിനീയറിംഗ് എന്നിവയാണ് നിക്ഷേപകർക്ക് മുന്നിലെത്തുന്നത്; കുറഞ്ഞ നിക്ഷേപം 15,000 രൂപയ്ക്ക് അടുത്ത്
IPO banner and cash
IPOcanva
Published on: 

ഡിസംബർ ആദ്യവാരം ഇന്ത്യൻ ഓഹരി വിപണിയിലെ പ്രാഥമിക വിപണിയില്‍ സജീവമാകാൻ ഒരുങ്ങി മൂന്ന് മെയിൻബോർഡ് ഐപിഒകൾ. മാതംഗി റബ്ബർ (Matangi Rubber), സ്വര ബേബി പ്രോഡക്ട്സ് (Swara Baby Products), മോണോമാർക്ക് എൻജിനീയറിംഗ് (Monomark Engineering) എന്നീ കമ്പനികളാണ് ആകെ ഏകദേശം 1,101 കോടി രൂപ സമാഹരിക്കാൻ വിപണിയിലെത്തുന്നത്.

ടയർ നിർമ്മാണം, ബേബി ഡയപ്പറുകൾ, വ്യാവസായിക അറ്റകുറ്റപ്പണികൾ എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ മൂന്ന് മേഖലകളിൽ നിന്നുള്ള കമ്പനികളാണിവ. ഈ കമ്പനികളുടെ ഐപിഒകളിൽ ഒരു ലോട്ടിന് അപേക്ഷിക്കാൻ ഉയർന്ന പ്രൈസ് ബാൻഡിൽ ഏകദേശം 15,000 രൂപയാണ് റീറ്റെയ്ല്‍ നിക്ഷേപകര്‍ മുടക്കേണ്ടി വരിക.

മാതംഗി റബ്ബർ ഡിസംബർ ഒന്നിനും മറ്റ് രണ്ട് കമ്പനികൾ ഡിസംബർ രണ്ടിനും സബ്സ്ക്രിപ്ഷനായി തുറക്കും. മാതംഗി റബ്ബർ ഡിസംബർ എട്ടിനും സ്വര ബേബി പ്രോഡക്ട്സ്, മോണോമാർക്ക് എൻജിനീയറിംഗ് എന്നിവ ഡിസംബർ ഒൻപതിനും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും.

മാതംഗി റബ്ബർ (Matangi Rubber)

ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും ആവശ്യമായ ടയറുകൾ, ട്യൂബുകൾ, ഫ്ലാപ്പുകൾ, റബ്ബർ കോമ്പൗണ്ടുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണിത്. പ്രമുഖ ടയർ കമ്പനികൾക്കായി കോൺട്രാക്ട് മാനുഫാക്ചറിംഗും ജോബ് വർക്കുകളുമാണ് പ്രധാനമായും ചെയ്യുന്നത്. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലായി ഏഴ് യൂണിറ്റുകൾ കമ്പനിക്കുണ്ട്.

2024 സാമ്പത്തിക വർഷത്തിൽ 91.26 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2026 സാമ്പത്തിക വർഷത്തിൽ 132.22 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ അറ്റാദായം 4.81 കോടി രൂപയിൽ നിന്ന് 22.33 കോടി രൂപയിലേക്കും ഉയര്‍ന്നു.

കടബാധ്യതകൾ തിരിച്ചടയ്ക്കുന്നതിനും മധ്യപ്രദേശിലെ ഭിൻഡിൽ രണ്ട് പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുമാണ് ഐപിഒ തുക വിനിയോഗിക്കുക. എന്നാൽ, ഏറ്റവും പുതിയ സാമ്പത്തിക വർഷത്തെ വരുമാനത്തിന്റെ 88.67 ശതമാനവും ഒരൊറ്റ ഉപഭോക്താവിൽ (പ്രധാനമായും ജെകെ ടയർ) നിന്നാണ് ലഭിക്കുന്നത് എന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഘടകമാണ്. ആദ്യ പത്ത് ഉപഭോക്താക്കളിൽ നിന്നാണ് ആകെ വരുമാനത്തിന്റെ 96.04 ശതമാനവും എത്തുന്നത്.

സ്വര ബേബി പ്രോഡക്ട്സ് (Swara Baby Products)

ഡിസംബർ ആദ്യവാരത്തിലെ ഏറ്റവും വലിയ ഐപിഒ ആണിത്. 2025 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബേബി ഡയപ്പർ കോൺട്രാക്ട് നിർമ്മാതാക്കളാണ് സ്വര ബേബി പ്രോഡക്ട്സ് (37% വിപണി വിഹിതം). മുതിർന്നവർക്കുള്ള ഡയപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ എന്നിവയ്ക്ക് പുറമെ 'കഡിൽസ്' (Cuddles), 'ഷീൽഡ്സ്' (Shields) എന്നീ സ്വന്തം ബ്രാൻഡുകളിലും ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നു.

2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 23.4 ശതമാനം ഉയർന്ന് 1,163.90 കോടി രൂപയിലെത്തിയെങ്കിലും അറ്റാദായം 95.59 കോടി രൂപയിൽ ഒതുങ്ങി (2024 സാമ്പത്തിക വർഷത്തേക്കാൾ നേരിയ വ്യത്യാസം മാത്രം). ഇതേ കാലയളവിൽ കമ്പനിയുടെ കടബാധ്യത 260.08 കോടി രൂപയിൽ നിന്ന് 443.06 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

പിതാംപൂരിൽ പുതിയ പ്ലാന്റ് നിർമ്മിക്കുന്നതിനും കടം തിരിച്ചടയ്ക്കുന്നതിനുമാണ് പുതിയ ഓഹരികളിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുക. ഫസ്റ്റ് ക്രൈയുടെ (FirstCry) മാതൃകമ്പനിയായ ബ്രെയിൻബീസ് സൊല്യൂഷൻസ് (Brainbees Solutions) കമ്പനിയുടെ പ്രൊമോട്ടറും ഓഫർ ഫോർ സെയിലിൽ ഓഹരി വിൽക്കുന്നവരും ഏറ്റവും വലിയ ഉപഭോക്താവുമാണ് (2026 സാമ്പത്തിക വർഷത്തെ വരുമാനത്തിന്റെ 22.64%).

മോണോമാർക്ക് എൻജിനീയറിംഗ് (Monomark Engineering)

മെറ്റൽസ്, സിമന്റ്, തുറമുഖ മേഖലകളിലെ വ്യാവസായിക പ്ലാന്റുകളുടെ പ്രവർത്തനവും അറ്റകുറ്റപ്പണികളും (O&M), ഫാബ്രിക്കേഷൻ, പ്രോജക്ട് നിർവ്വഹണം എന്നിവ നടത്തുന്ന കമ്പനിയാണിത്. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 6,381 ജീവനക്കാരുള്ള കമ്പനിക്ക് 28 സജീവ പ്രോജക്റ്റുകളുണ്ട്.

2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 18.3 ശതമാനം ഉയർന്ന് 564.74 കോടി രൂപയായപ്പോൾ അറ്റാദായം 42.2 ശതമാനം കുതിച്ച് 25.90 കോടി രൂപയിലെത്തി. 175.5 കോടി രൂപയുടെ പൂർണ്ണമായും പുതിയ ഓഹരികൾ (Fresh Issue) ഉൾപ്പെടുന്ന ഐപിഒയിൽ 120 കോടി രൂപ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുക. ആകെ വരുമാനത്തിന്റെ 41.31 ശതമാനവും ഹിന്ദുസ്ഥാൻ സിങ്കിൽ (Hindustan Zinc) നിന്നാണ് ലഭിക്കുന്നത് എന്നതും മെറ്റൽസ്, സിമന്റ് മേഖലകൾ ചേർന്ന് വരുമാനത്തിന്റെ 93.66 ശതമാനം കൈയാളുന്നു എന്നതും കമ്പനിയുടെ പ്രധാന സവിശേഷതയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```