മൂന്ന് ഉപകമ്പനികള്‍ കൂടി ഓഹരി വിപണിയിലേക്ക്, എന്‍ടിപിസിയുടെ പുതിയ നീക്കമിങ്ങനെ

രാജ്യത്തെ കല്‍ക്കരി പവര്‍ ഭീമനായ എന്‍ടിപിസി ലിമിറ്റഡ് ഫണ്ട് സമാഹരണത്തിന് പുതിയ പദ്ധതികളുമായി രംഗത്ത്. എന്‍ടിപിസിക്ക് കീഴിലുള്ള മൂന്ന് ഉപകമ്പനികളെ ഓഹരി വിപണിയിലെത്തിക്കാനാണ് പുതിയ നീക്കം. ഇതുവഴി 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന്റെ ഓഹരികളുടെ വില്‍പ്പന ഒരു വര്‍ഷത്തിനുള്ളില്‍ നടത്താനാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പദ്ധതിയിടുന്നത്.

കഴിഞ്ഞ വര്‍ഷം വാങ്ങിയ ജലവൈദ്യുത യൂണിറ്റ് നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെയും പവര്‍ ട്രേഡിംഗ് വിഭാഗമായ എന്‍ടിപിസി വൈദ്യുതി വ്യാപാര്‍ നിഗം ലിമിറ്റഡിന്റെയും പ്രാരംഭ ഓഹരി വില്‍പ്പന 2024 -ന്റെ തുടക്കത്തില്‍ നടത്താനും ആസൂത്രണം ചെയ്തതായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡുമായുള്ള സംയുക്ത സംരംഭമായ എന്‍ടിപിസി-സെയില്‍ പവറിന്റെ ഓഹരികള്‍ വില്‍ക്കാനും ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി തയ്യാറെടുക്കുന്നുണ്ട്. സ്റ്റീല്‍ നിര്‍മ്മാതാക്കളുടെ മില്ലുകളിലേക്കും ടൗണ്‍ഷിപ്പുകളിലേക്കുമുള്ള വൈദ്യുതി വിതരണമാണ് ഈ കമ്പനി നടത്തിവരുന്നത്.
ഈ കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോഴേക്കും എന്‍ടിപിസി റിന്യൂവബ്ള്‍ എനര്‍ജി കുറഞ്ഞത് 10 ജിഗാവാട്ട് ജനറേഷന്‍ ശേഷിയെങ്കിലും ലക്ഷ്യമിടുമെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ഏപ്രിലില്‍ സാമ്പത്തിക വര്‍ഷം ആരംഭിച്ചതിനുശേഷം 2,765 മെഗാവാട്ട് റിന്യൂവബ്ള്‍ പദ്ധതികള്‍ക്കായി എന്‍ടിപിസി ബിഡ് നേടിയിട്ടുണ്ട്, ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 77 ശതമാനം കൂടുതലാണിത്.
കല്‍ക്കരിയില്‍ ഉല്‍പ്പാദന ശേഷിയുടെ 90 ശതമാനം പ്രവര്‍ത്തിക്കുന്ന കമ്പനി, ഈവര്‍ഷം ആദ്യത്തില്‍ തന്നെ റിന്യൂവബ്ള്‍ എനര്‍ജി രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു. 2032 ഓടെ 60 ജിഗാവാട്ട് റിന്യൂവബ്ള്‍ എനര്‍ജി പദ്ധതികള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it