പഞ്ചസാര കയറ്റുമതി നിരോധനം ഉണ്ടാകാം, ഇപ്പോള്‍ മധുരതരമായ 3 ഓഹരികള്‍

കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്ന് പഞ്ചസാര ഉല്‍പ്പാദനം കുറയുകയും വില വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കുന്ന പഞ്ചസാര സീസണില്‍ കഴിഞ്ഞ 7 വര്‍ഷത്തില്‍ ആദ്യമായി കയറ്റുമതി നിരോധിക്കാന്‍ സാധ്യത ഉണ്ട്. എഥനോള്‍ ഡിമാന്‍ഡും വര്‍ധിക്കുന്നുണ്ട്. 2023-24 ല്‍ ഉല്‍പ്പാദനം 14% ഇടിയുമെന്ന് പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന പഞ്ചസാര വിലയും ഉയര്‍ന്ന എഥനോള്‍ ഡിമാന്‍ഡും ഷുഗര്‍ മില്ലുകളുടെ ലാഭക്ഷമത വര്‍ധിപ്പിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് ജൂലൈയില്‍ പുറത്തിറക്കിയ മാര്‍ക്കറ്റ് ഗവേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മികച്ച ആദായം നേടി തരാവുന്ന 3 പഞ്ചസാര ഓഹരികള്‍ പരിചയപ്പെടാം:

1. ബല്‍റാംപൂര്‍ ചീനി മില്‍സ് (Balrampur Chini Mills):

കരിമ്പ് കര്‍ഷകരെ കൊണ്ട് അത്യുല്‍പ്പാദന കരിമ്പ് ഇനങ്ങള്‍ നടുന്നത് പ്രോത്സാഹിപ്പിച്ചത് കൊണ്ട് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പഞ്ചസാര ഉല്‍പ്പാദനം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ അത്യുൽപ്പാദന ഇനത്തിന് ചുവന്ന 'ചെഞ്ചീയല്‍' രോഗം പിടിപെടുന്നത് കൊണ്ടാണ് പുതിയ ഇനങ്ങള്‍ പരീക്ഷിക്കുന്നത്. 2022-23ല്‍ 320 കെ.എല്‍.പി.ഡി (Kilogram Litre Per Day-KLPD ) എഥനോള്‍ ഉല്‍പ്പാദന ശേഷിയുള്ള മില്‍ ഉത്തര്‍പ്രദേശില്‍ മൈസാപ്പൂരില്‍ സ്ഥാപിച്ചു.

ബല്‍റാംപൂര്‍ യൂണിറ്റിലെ ഉല്‍പ്പാദന ശേഷിയും വര്‍ധിപ്പിച്ചതോടെ മൊത്തം ശേഷി 1050 കെ.എല്‍.പി.ഡിയായി ഉയര്‍ന്നു (നേരത്തെ 560 കെ.എല്‍.പി.ഡി). നേരത്തെ 11 കോടി ക്വിന്റല്‍ കരിമ്പ് ചതയ്ക്കാന്‍ 1,500 കോടി രൂപ പ്രവര്‍ത്തന മൂലധനം വേണ്ടിയിരുന്ന സ്ഥാനത്ത് എഥനോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടെ മൂലധനം വേണ്ടത് 1250-1300 കോടി രൂപയായി കുറയും. കരിമ്പ് ഉല്‍പ്പാദനം 8% വര്‍ധിക്കുകയും പഞ്ചസാര ഉല്‍പ്പാദനത്തിനായുള്ള കരിമ്പ് ചതയ്ക്കല്‍ 16% വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പണത്തിന്റെ ഒഴുക്ക് മെച്ചപ്പെടുന്ന സാഹചര്യത്തില്‍ കമ്പനിയുടെ കടം കുറച്ചു കൊണ്ടുവരാനുള്ള ശ്രമം ഉണ്ട്. ഓരോ ടണ്‍ കരിമ്പ് ചതയ്ക്കുന്നതില്‍ നിന്ന് കൂടുതല്‍ മൂല്യം നേടാനാണ് ശ്രമിക്കുന്നത്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില-495 രൂപ

നിലവില്‍ - 431 രൂപ

വിപണി മൂല്യം- 8,716 കോടി


Stock Recommendation by Sharekhan by BNP Paribas.


2. ത്രിവേണി എന്‍ജിനീയറിംഗ് & ഇന്‍ഡസ്ട്രീസ് (Triveni Engineering & Industries Ltd):

ത്രിവേണി എന്‍ജിനീയറിംഗ് കമ്പനിക്ക് പഞ്ചസാര ഉല്‍പ്പാദനം, മദ്യം, എന്‍ജിനീയറിംഗ് എന്നി 3 ബിസിനസുകളാണ് ഉള്ളത്. മൊത്തം വരുമാനത്തിന്റെ 60% എന്‍ജിനീയറിംഗ്, മദ്യം എന്നിവയില്‍ നിന്നാണ്. 2023-24 ജൂണ്‍ പാദത്തില്‍ മദ്യം, പഞ്ചസാര വിഭാഗത്തില്‍ ഒരു ടണ്ണില്‍ നിന്ന് ലഭിച്ച വരുമാനം 37,254 രൂപ (5.6 % വാര്‍ഷിക വര്‍ധനവ്). ഉയര്‍ന്ന കയറ്റുമതി വിലയും ആഭ്യന്തര വില സ്ഥിരതയും നേട്ടമുണ്ടാക്കാന്‍ സഹായിച്ചു.

മദ്യത്തിന്റെ ഉല്‍പ്പാദനം ജൂണ്‍ പാദത്തില്‍ 5.04 കോടി ലിറ്ററായിരുന്നു (ത്രൈമാസ റെക്കോര്‍ഡ്). മദ്യത്തിന്റെ വിറ്റുവരവില്‍ 21% വര്‍ധനവ് ഉണ്ടായി. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചതാണ് നേട്ടമായത്. നികുതിക്ക് മുന്‍പുള്ള ലാഭം 2.6% വര്‍ധിച്ച് 91 കോടി രൂപയായി. മൊത്തം കടം 1,011 കോടി രൂപ(2022 ജൂണില്‍ 1617.5 കോടി രൂപ). ടണ്ണിന് 880 രൂപ പഞ്ചസാരക്ക് കൂടുതല്‍ നേടാന്‍ സാധിച്ചുവെങ്കിലും വിറ്റുവരവ് 15.2% കുറഞ്ഞു. ആഭ്യന്തര ക്വാട്ട അനുവദിച്ചത് കുറഞ്ഞതാണ് കാരണം. ജൂണ്‍ പാദത്തില്‍ 14,531 ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തു . ജൂണ്‍ അവസാനം പഞ്ചസാര സ്റ്റോക്ക് 43.44 ലക്ഷം ക്വിന്റല്‍-മൂല്യം കിലോക്ക് 33.6 രൂപ. ഇപ്പോള്‍ ശുദ്ധീകരിച്ച പഞ്ചസാരക്ക് ലഭിക്കുന്നത് കിലോക്ക് 37.20 രൂപ വരെ.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 415 രൂപ

നിലവില്‍ - 382.60 രൂപ

വിപണി മൂല്യം - 8,240 രൂപ

Stock Recommendation by DAM Capital.


3. ഡാല്‍മിയ ഭാരത് ഷുഗര്‍ & ഇന്‍ഡസ്ട്രീസ് (Dalmia Bharat Sugar & Industries Ltd):

മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും പഞ്ചസാര മില്ലുകള്‍ ഉള്ള കമ്പനിയാണിത്. 1994 ല്‍ ആരംഭിച്ച കമ്പനി ഏറ്റെടുക്കലിലൂടെയും പുതിയ ഉല്‍പ്പാദന ശേഷി സ്ഥാപിച്ചും വര്‍ധിപ്പിച്ചും അതിവേഗം വളര്‍ച്ച കൈവരിച്ചു. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള മാര്‍ജിന്‍ (EBITDA) 15% 2022-23 ല്‍ നേടാന്‍ സാധിച്ചു. 2023-24 ജൂണ്‍ പാദത്തില്‍ ആഭ്യന്തര വിപണിയില്‍ പഞ്ചസാരയുടെ വില്‍പ്പന 8% വര്‍ധിച്ച് 1.27 ലക്ഷം മെട്രിക്ക് ടണ്‍ ആക്കി. ഡിസ്റ്റിലറി ഉത്പാദനം 25% വര്‍ധിച്ചു -5.45 കോടി ലിറ്റര്‍. ജൂണില്‍ പഞ്ചസാര ഇന്‍വെന്റ്ററി 1.72 ലക്ഷം ടണ്‍-മൂല്യം കിലോക്ക് 30.90 രൂപ. 2022 -23 ല്‍ ഉത്തര്‍ പ്രദേശില്‍ 3 സ്ഥലങ്ങളില്‍ റെക്കോര്‍ഡ് കരിമ്പ് ചതച്ചതില്‍ റെക്കോര്‍ഡ് കൈവരിച്ചു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 540 രൂപ

നിലവില്‍- 456.10 രൂപ

വിപണി മൂല്യം-3,547 കോടി

Stock Recommendation by DAM Capital.


(Stock market investments are subject to market risk. Do your own research or ask a financial advisor)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it