ഓഹരി വിപണിയിലേക്ക് ഇറങ്ങുമ്പോള്‍ കാലിടറാതിരിക്കാന്‍ മൂന്നു കാര്യങ്ങള്‍

നേട്ടമുണ്ടാക്കുന്നവരുടെ കഥകള്‍ കണ്ടുകൊണ്ട് നേരെ ചാടി ഇറങ്ങേണ്ട ഇടമല്ല ഓഹരി വിപണി; നിസ്സാരമെന്നു തോന്നുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം സംഭവിച്ചേക്കാം
ഓഹരി വിപണിയിലേക്ക് ഇറങ്ങുമ്പോള്‍ കാലിടറാതിരിക്കാന്‍  മൂന്നു കാര്യങ്ങള്‍
Published on

ഓഹരിവിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കിയവരുടെ കഥകള്‍ കേട്ട് വരുമാനത്തിന്റെ വലിയൊരു ശതമാനം നിക്ഷേപിച്ചേക്കാം എന്നു കരുതുന്നവർ  നിരവധിയാണ്. വിപണിയുമായി ബന്ധപ്പെട്ട റിസ്‌കുകള്‍ ഉണ്ടെങ്കിലും ഭാവിയിലേക്ക് കരുതലെന്നോണം വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ക്കൊപ്പം ഓഹരികളും തെരഞ്ഞെടുക്കാം. പക്ഷെ യാതൊരു മുന്നൊരുക്കവുമില്ലാതെ സുഹൃത്തുക്കളും പരിചയക്കാരും നിക്ഷേപിക്കുന്നത് നോക്കി ഓഹരിവിപണിയില്‍ ഇറങ്ങിയാല്‍ കൈപൊള്ളും. ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍ നോക്കാം.

1. സാമ്പത്തിക ലക്ഷ്യങ്ങള്‍ മനസ്സിലാക്കുക

ഓരോ വ്യക്തിയുടെയും ജീവിതം പോലെ തന്നെ, സാമ്പത്തിക ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കാം. അതുപോലെ അവരുടെ നിക്ഷേപ മാര്‍ഗങ്ങളും വ്യത്യാസപ്പെടും. ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന രീതി മനസ്സിലാക്കുന്നതിനുമുമ്പ്, ആദ്യം അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങളും എത്രത്തോളം നിക്ഷേപം നടത്താന്‍ കഴിയുമെന്നും ഭാവിയില്‍ എത്ര സമ്പാദ്യം വേണ്ടി വരുമെന്നും മനസ്സിലാക്കണം.

റിസ്‌ക് അപെറ്റൈറ്റ് അഥവാ നിക്ഷേപത്തിനൊരുങ്ങും മുമ്പ് എടുക്കാന്‍ കഴിയുന്ന റിസ്‌കുകളും മനസ്സിലാക്കിയിരിക്കുക. നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് വലിയ നിശ്ചിത വരുമാനം പ്രതീക്ഷിക്കുക എന്നത് എപ്പോഴും പ്രാവര്‍ത്തികമാകുന്ന സമീപനമെന്ന് കരുതാന്‍ കഴിയില്ല.

നിങ്ങള്‍ നിക്ഷേപിക്കുന്ന കമ്പനി ദീര്‍ഘകാല നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ളതാണോ എന്നറിയുക. അതിന് ഭാവിയിലും നിലനില്‍ക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണോ കമ്പനിയുടേതെന്ന് അറിയുക. അതേ മേഖലയിലെ മറ്റു കമ്പനികളുമായി ഓഹരികള്‍ താരതമ്യം ചെയ്യുക. പ്രസിദ്ധിയാര്‍ജിച്ച കമ്പനി ആണെന്നത് കൊണ്ട് മാത്രം ഓഹരി നിക്ഷേപകര്‍ക്ക് നേട്ടം നല്‍കണമെന്നില്ല.

വ്യക്തികളുടെ പ്രായം ഇതില്‍ വലിയൊരു ഘടകമാണ്. ജോലി ചെയ്ത് അല്ലെങ്കില്‍ ബിസിനസില്‍ നിന്നുള്ള ആദ്യ ലാഭങ്ങള്‍ കിട്ടി തുടങ്ങുമ്പോഴുള്ളത് പോലെ ആകില്ല റിട്ടയര്‍മെന്റ് കാലത്തെ നിക്ഷേപം.

നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ഓര്‍ക്കണം. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളും റിസ്‌ക് അപെറ്റൈറ്റും മനസ്സിലാക്കി കഴിഞ്ഞാല്‍, വിദഗ്ധോപദേശത്തോടെ തീരുമാനം എടുക്കാം.

2. സാമ്പത്തിക അടിത്തറ ഉണ്ടാക്കാതെ നിക്ഷേപിക്കരുത്

ആദ്യമായി നിക്ഷേപിക്കുമ്പോള്‍ മിക്കവരും വരുത്തുന്ന ഏറ്റവും വലിയ തെറ്റ് താങ്ങാനാകാത്ത നിക്ഷേപം നടത്തുന്നു എന്നതാണ്. ഓഹരിവിപണിയിലെ നേട്ടത്തിന്റെ കഥകളും ലാഭം നല്‍കുന്ന ഓഹരികളും കണ്ടും കയ്യിലുള്ളതെല്ലാം എടുക്കുന്നത് കൂടാതെ സുഹൃത്തുക്കളുടെ അടുത്തുനിന്നും മറ്റും പണം കടമെടുത്ത് നിക്ഷേപിക്കുന്ന പ്രവണത കാണാറുണ്ട്. ഇത് പാടില്ല.

സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് നിങ്ങളുടെ നിക്ഷേപ തുക ഏറ്റവും മിച്ച ഫണ്ടുകള്‍ കണ്ടെത്തി അവയില്‍ മാത്രം നിക്ഷേപിക്കുക എന്നാണ്. കാരണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് അപകടസാധ്യതകളും കൂടി മുന്നില്‍ കണ്ടാണ്. ഓഹരിവിപണിയുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് സ്വയം ബോധവത്കരിക്കേണ്ടത് പ്രധാനമാണ്. ഓണ്‍ലൈന്‍ വ്യാപാരവും നിക്ഷേപവുമായി ബന്ധപ്പെട്ട പദങ്ങള്‍ ആദ്യം പഠിക്കുക. ഓഹരി വിപണി വിലയിരുത്തുന്ന വിദഗ്ധരുടെ ലേഖനങ്ങളും സദാ പിന്തുടരുക. നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാള്‍ എസ്ഐപി പോലുള്ള പ്രാരംഭ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

3. സ്റ്റോക്കിനെ അന്ധമായി വിശ്വസിക്കരുത്

'നിങ്ങളുടെ വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെ'ന്ന പ്രസിദ്ധമായ പൊതുവായ വാചകം, നിക്ഷേപത്തിനും പ്രായോഗികമാണ്. നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ വികാരങ്ങള്‍ ഓഹരികളില്‍ നിന്നും നിക്ഷേപ തുകയില്‍ നിന്നും ഒഴിവാക്കുക. ഒരു നിശ്ചിത സ്റ്റോക്കുമായി ഒരിക്കലും മൈന്‍ഡ് ഫിക്സ് ചെയ്യരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഭയവും അത്യാഗ്രഹവും ഒഴിവാക്കുക എന്നതും പ്രധാനമാണ്. അത് പോലെ മറ്റുള്ളവര്‍ക്ക് നേട്ടം നല്‍കിയ സ്റ്റോക്കിന് പിന്നാലെ പോകരുത്. കമ്പനിയെക്കുറിച്ച് പഠിക്കാതെ ഒരു കമ്പനിയുടെ ഷെയറും വാങ്ങരുത്, മാര്‍ക്കറ്റ് ഹിസ്റ്ററി അഥവാ ഷെയറിന്റെ ചരിത്രം മനസ്സിലാക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com