3 ലക്ഷം കോടി മൂലധന ക്ലബ്ബില്‍ ടൈറ്റന്‍; ഏഷ്യന്‍ പെയിന്റ്‌സിനെ മറികടന്നു

രാജ്യത്ത് 3 ലക്ഷം കോടി രൂപ വിപണി മൂലധന (മാര്‍ക്കറ്റ് ക്യാപ്) ക്ലബ്ബില്‍ ചേരുന്ന രണ്ടാമത്തെ ടാറ്റ ഗ്രൂപ്പ് കമ്പനിയായി ആഭരണ, വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍. ചൊവ്വാഴ്ചത്തെ വ്യാപാരം പുരോഗമിക്കവേ ഓഹരി വില 3,400 രൂപ കടന്നതോടെയാണ് ഈ നാഴികക്കല്ല് ടൈറ്റന്‍ പിന്നിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12:28ന് 3,01,847 കോടി രൂപ വിപണി മൂലധനവുമായി ടൈറ്റന്‍ ബി.എസ്.ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധന റാങ്കിംഗില്‍ 16-ാം സ്ഥാനത്തെത്തി.

പെയിന്റ് കമ്പനിയായ ഏഷ്യന്‍ പെയിന്റ്സിനെ മറികടന്നാണ് ടൈറ്റന്‍ ഈ നേട്ടം സ്വന്തമാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനി. തെട്ടുപിന്നില്‍ 12.95 ലക്ഷം കോടി രൂപ മൂലധനവുമായി ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് (ടി.സി.എസ്) രണ്ടാം സ്ഥാനത്ത്.

കൂടുതല്‍ ജീവനക്കാരെ നിയമിക്കും

വില്‍പ്പനയില്‍ ഒരു ലക്ഷം കോടി രൂപയുടെ കമ്പനി എന്ന ലക്ഷ്യത്തിലെത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000ല്‍ അധികം ജീവനക്കാരെ കമ്പനി നിയമിക്കും. ഡിജിറ്റല്‍, ഇ-കൊമേഴ്സ്, സെയില്‍സ്, ഡേറ്റ അനലിറ്റിക്സ്, ഡിസൈന്‍, എന്‍ജിനീയറിംഗ് എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ളവരെ വിവിധ തസ്തികകളിലേക്ക് നിയമിക്കാനാണ് തീരുമാനം. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ എന്‍ജിനീയറിംഗ് തസ്തികയിലെ ജീവനക്കാരുടെ എണ്ണം 50% വര്‍ധിപ്പിക്കാന്‍ ടൈറ്റന്‍ പദ്ധതിയിടുന്നുണ്ട്.

ടൈറ്റന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തനിഷ്‌ക്, മിയ, ഫാസ്ട്രാക്ക്, സൊനാറ്റ, ഐപ്ലസ്, തനീറ, സ്‌കിന്‍, കാരറ്റ്ലെയ്ന്‍ തുടങ്ങിയ റീട്ടെയില്‍ ബ്രാന്‍ഡുകളുടെ ബിസിനസ് വിപുലീകരിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു. ടൈറ്റന്‍ കമ്പനിയുടെ സംയോജിത വരുമാനത്തിന്റെ 85 ശതമാനവും ആഭരണ വിഭാഗത്തില്‍ നിന്നാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 150 ജുവലറി സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. നിലവില്‍ കമ്പനിക്ക് ഇന്ത്യയില്‍ 750ല്‍ അധികം ജുവലറി സ്റ്റോറുകളുണ്ട്.

ഇന്ന് എന്‍.എസ്.ഇയില്‍ 0.87 ശതമാനം ഉയര്‍ന്ന് 3,423 രൂപയില്‍ (11:10 am) ടൈറ്റന്‍ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു.

Related Articles
Next Story
Videos
Share it