മറ്റൊരു കേരള കമ്പനി കൂടി ഐ.പി.ഒയ്ക്ക്, ലക്ഷ്യം ₹230 കോടി സമാഹരിക്കാൻ

കേരളം ആസ്ഥാനമായുള്ള ടയര്‍, ട്രെഡ്സ് കമ്പനിയായ ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. ഇതിനായി സെബിക്ക് പ്രാഥമിക രേഖകൾ (ഡി.ആര്‍.എച്ച്.പി) സമര്‍പ്പിച്ചു.

200 കോടിയുടെ പുതു ഓഹരികൾ

200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 30 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഐ.പി.ഒയില്‍ ഉണ്ടാവുക.

പ്രമോട്ടർമാരായ കാളംപറമ്പിൽ വർക്കി ടോളിനും ഭാര്യ ജെറിൻ ടോളിനും 15 കോടി രൂപയുടെ ഓഹരികൾ ഒ.എഫ്.എസിൽ വിറ്റഴിക്കും.

കമ്പനിയുടെ 92.64 ശതമാനം ഓഹരികൾ പ്രമോട്ടർമാർക്ക് സ്വന്തമാണ്, ബാക്കി 7.36 ശതമാനം ഓഹരികൾ പൊതു ഓഹരി ഉടമകളുടേതാണ്.

ഐ.പി.ഒയ്ക്ക് മുമ്പുള്ള പ്ലേസ്‌മെൻ്റിൽ കമ്പനി 25 കോടി രൂപ സമാഹരിച്ചേക്കും.

മൂലധന ആവശ്യങ്ങൾക്കും കടം വീട്ടാനും

ഐ.പി.ഒ വഴി സമാഹരിക്കുന്ന തുകയിൽ 62.55 കോടി രൂപ കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും 75 കോടി രൂപ ദീർഘകാല പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുമായി ചെലവഴിക്കും. 2024 ജനുവരിയിലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം കടം 95.09 കോടി രൂപയാണ്.

കൂടാതെ, ടോളിൻ റബ്ബേഴ്സിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനത്തിൽ 24.37 കോടി രൂപ നിക്ഷേപിക്കും. ഇതിൽ 16.37 കോടി രൂപ സബ്സിഡിയറിയുടെ കടം തിരിച്ചടക്കുന്നതിനും 8 കോടി രൂപ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും. ബാക്കിയുള്ള പണം പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി നീക്കിവയ്ക്കും.

കയറ്റുമതിയും

ടോളിൻസ് ടയർ ബ്രാൻഡിൽ ചെറു വാണിജ്യ വാഹനങ്ങൾ, കാർഷിക വാഹനങ്ങൾ, ഇരുചക്ര/മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്കു ടയറുകൾ നിർമിച്ചു നൽകി വരുന്നു. ഇന്ത്യ കൂടാതെ മിഡിൽ ഈസ്റ്റ്‌, ആസിയാൻ രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. നിലവിൽ 18 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. 2022-2023 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് മൊത്തം വരുമാനത്തിന്റെ 9.01 ശതമാനം കയറ്റുമതിയിൽ നിന്നാണ്.

സാഫ്രോണ്‍ ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it