ഓഹരി വിപണിയിലേക്ക് കേരളത്തില്‍ നിന്ന് ഇനി ടോളിന്‍സ് ടയേഴ്‌സും, ലിസ്റ്റിംഗ് 16ന്

കേരളം ആസ്ഥാനമായ ടയര്‍ കമ്പനികളിലൊന്നായ ടോളിന്‍സ് ടയേഴ്‌സിന്റെ ഓഹരികളുടെ ലിസ്റ്റിംഗ് സെപ്റ്റംബര്‍ 16ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നടക്കും. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ഇന്ന് (സെപ്റ്റംബര്‍ 11) വരെ നടന്ന ഐ.പി.ഒയ്ക്ക് 23.89 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്.

230 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഐ.പി.ഒയില്‍ 74.88 ലക്ഷം ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു. മൊത്തം 17.89 കോടി ഓഹരികള്‍ക്ക് അപേക്ഷകള്‍ ലഭിച്ചു.

റീറ്റെയ്ല്‍ (ചെറുകിട) നിക്ഷേപകരില്‍ നിന്ന് 21.52 മടങ്ങും ഇൻസ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകരില്‍ നിന്ന് 25.42 മടങ്ങും സ്ഥാപന ഇതര നിക്ഷേപകരില്‍ നിന്ന് 27.41 മടങ്ങും അപേക്ഷകളാണ് ലഭിച്ചത്. ചെറുകിട നിക്ഷേപകര്‍ക്കായി 37.44 ലക്ഷം ഓഹരികളാണ് നീക്കി വച്ചത്. അപേക്ഷകള്‍ ലഭിച്ചത് 8.05 കോടി ഓഹരികള്‍ക്കും. സ്ഥാപന നിക്ഷേപകര്‍ക്കായി 21.39 ലക്ഷം ഓഹരികള്‍ നീക്കിവച്ചപ്പോള്‍ 5.43 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. സ്ഥാപന ഇതര നിക്ഷേപകര്‍ക്ക് നീക്കിവച്ചത് 16.04 ലക്ഷം ഓഹരികളാണ്. അപേക്ഷകള്‍ ലഭിച്ചത് 4.39 കോടി ഓഹരികള്‍ക്കാണ്.

ലിസ്റ്റിംഗ് 16ന്, അലോട്ട്‌മെന്റ് 13ന്

215-226 രൂപ പ്രൈസ് ബാന്‍ഡിലായിരുന്നു ടോളിന്‍സ് ടയേഴ്‌സിന്റെ ഐ.പി.ഒ. ആദ്യ ദിനത്തില്‍ ഗ്രേ മാര്‍ക്കറ്റില്‍ പ്രൈസ് ബാന്‍ഡിനേക്കാള്‍ 25 രൂപ വരെ അധിക വില ടോളിന്‍സിന്റെ ഓഹരിക്കുണ്ടായിരുന്നു. ഓഹരി വിപണിക്ക് പുറത്ത് നടക്കുന്ന അനൗദ്യോഗിക ഓഹരി വ്യാപാരത്തെയാണ് ഗ്രേ മാർക്കറ്റ് പ്രൈസ് (ജി.എം.പി) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ന് ജി.എം.പി 39 രൂപയായി ഉയര്‍ന്നു. ഐ.പി.ഒ വിലയേക്കാള്‍ 17 ശതമാനം അധികമാണിത്. ഇതനുസരിച്ച് 265 രൂപയിലായിരിക്കും ലിസ്റ്റിംഗ് എന്നാണ് വിലയിരുത്തപ്പെുന്നത്.
ഐ.പി.ഒയില്‍ പങ്കെടുത്ത നിക്ഷേപകരില്‍ നിന്ന് അര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ നാളെ നടക്കും. അര്‍ഹരായവര്‍ക്ക് സെപ്റ്റംബര്‍ 13ന് ഓഹരികള്‍ ലഭ്യമാകും. ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക് അന്നു തന്നെ റീഫണ്ടും ലഭിക്കും. ടോളിന്‍സ് ടയേഴ്‌സ് ഓഹരികളുടെ കന്നിവ്യാപാരം 16ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നടക്കും.

ടോളിന്‍സ് ടയേഴ്‌സ്

1982ല്‍ കെ.പി വര്‍ക്കിയാണ് ടോളിന്‍സ് ടയേഴ്‌സ് സ്ഥാപിക്കുന്നത്. ടോളിന്‍സ് കുടുംബത്തിന് മൊത്തം 92.64 ശതമാനം ഓഹരികള്‍ കമ്പനിയിലുണ്ട്. ഇതില്‍ 83.31 ശതമാനം ഓഹരികളും കാലംപറമ്പില്‍ വര്‍ക്കി ടോളിന്‍, ഭാര്യ ജെറിന്‍ ടോളിന്‍ എന്നിവരുടെ കൈവശമാണ്. ജെറിന്‍ ടോളിന്റെ പിതാവായ ജോസ് തോമസിന്റെ കൈവശം 8.47 ശതമാനം ഓഹരിയുണ്ട്. പ്രമോട്ടര്‍മാര്‍ 15 കോടി രൂപ മൂല്യം വരുന്ന ഓഹരികളാണ്
ഐ.പി.ഒയിൽ
വിറ്റഴിച്ചത്.
ടോളിന്‍സ് ടയര്‍ ബ്രാന്‍ഡില്‍ ചെറുവാണിജ്യ വാഹനങ്ങള്‍, കാര്‍ഷിക വാഹനങ്ങള്‍, ഇരുകചക്ര/മുച്ചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് ടയറുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ് ടോളിന്‍സ് ടയേഴ്‌സ്. ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ കടം വീട്ടുന്നതിനായാണ് പ്രധാനമായും വിനിയോഗിക്കുക. 75 കോടി രൂപ ദീര്‍ഘകാല മൂലധനമായും ഉപയോഗിക്കും. കൂടാതെ ടോളിന്‍സ് റബേഴ്‌സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനത്തില്‍ 24.37 കോടി രൂപ നിക്ഷേപിക്കാനും കമ്പനി ഉദ്ദേശിക്കുന്നു.
Related Articles
Next Story
Videos
Share it