നിക്ഷേപകർക്ക് മുടങ്ങാതെ ഡിവിഡന്റ് കൈമാറുന്ന 5 മികച്ച സ്മോൾ ക്യാപ് ഓഹരികൾ

ഡിവഡന്റ് എന്നത് ഓഹരിയുടമകളെ സംബന്ധിച്ച് അധിക വരുമാനം നേടുന്നതിനുള്ള അവസരമാണ്. വിപണിയിൽ ചാ‍ഞ്ചാട്ടം നേരിടുന്ന വേളയിൽ പ്രത്യേകിച്ചും.
this pharma company has announced a dividend of Rs30
Published on

കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി സ്മോൾ ക്യാപ് വിഭാ​ഗം ഓ​ഹരികൾ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ ഓഹരികളിൽ നേരിടുന്ന തിരുത്തൽ അവസാനിക്കാറായോ അതോ ഉടൻ തിരികെ കയറ്റം ആരംഭിക്കുമോ എന്നത് പ്രവചനാതീതമാണ്. എന്നിരുന്നാലും സമീപകാലത്തെ തിരുത്തൽ കാരണം സ്മോൾ ക്യാപ് ഓഹരികളിൽ നിന്നും വരുമാനം നേടാനുള്ള ഒരു അവരവും തെളിഞ്ഞുവന്നു.

അടിസ്ഥാനപരമായി മികച്ച നിലയിലുള്ള ഏതാനും ഓഹരികൾ തിരുത്തൽ നേരിട്ട് താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. ഇവയെല്ലാം നിക്ഷേപകർക്ക് ഉയർന്ന തോതിൽ ലാഭവിഹിതം (ക്യാഷ് ഡിവിഡന്റ്) ഓഹരികളുമാണ്. ലാഭവിഹിതം എന്നത് നിക്ഷേപകരെ സംബന്ധിച്ച് അധിക വരുമാനം നേടുന്നതിനുള്ള അവസരവുമാണ്. പ്രത്യേകിച്ചും വിപണിയിൽ ചാ‍ഞ്ചാട്ടം നേരിടുന്ന വേളയിൽ. അടിസ്ഥാനപരമായി മികച്ചതും ഉയർന്ന ലാഭവിഹിതം നൽകുന്നതുമായ 5 സ്മോൾ ക്യാപ് ഓഹരികളുടെ വിശദാംശങ്ങൾ നോക്കാം.

സ്വരാജ് എൻജിൻസ്

ട്രാക്ടറുകളുടെ ഡീസൽ എൻജിനും ഹൈ-ടെക് എൻജിൻ ഘടകങ്ങളും നിർമിക്കുന്ന പ്രമുഖ കമ്പനിയാണ് സ്വരാജ് എൻജിൻസ് ലിമിറ്റഡ് (BSE: 500407, NSE: SWARAJENG). പഞ്ചാബിലെ മൊഹാലി കേന്ദ്രമാക്കി 1985ലാണ് കമ്പനിയുടെ തുടക്കം. പ്രമുഖ വാഹന നിർമാണ കമ്പനിയായ മഹീന്ദ്ര & മഹീന്ദ്രയുടെ (M&M) സ്വരാജ് വിഭാ​ഗത്തിലേക്ക് ആവശ്യമായ എൻജിൻ വിതരണമാണ് മുഖ്യ ഉത്തരവാദിത്തം. നിലവിൽ 3,468 രൂപ നിലവാരത്തിലാണ് സ്വരാജ് എൻജിൻസ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

അതേസമയം നിക്ഷേപകർക്ക് മുടങ്ങാതെ ലാഭവിഹിതം കൈമാറുന്ന സ്മോൾ ക്യാപ് ഓഹരിയുമാണിത്. സമീപ വർഷങ്ങളിൽ ഓഹരി ഉടമകൾക്ക് കൈമാറുന്ന ലാഭവിഹിതത്തിലും വർധന പ്രകടമാണ്. 2025 സാമ്പത്തിക വർഷത്തേക്കുള്ള ലാഭവിഹിത ഇനത്തിൽ പ്രതിയോഹരി 104.50 രൂപ വീതമാണ് നിക്ഷേപകർക്ക് നൽകിയത്. ഓ​ഹരിയുടെ നിലവിലെ ഡിവിഡന്റ് യീൽഡ് 3.01 ശതമാനമാണ്. ഇതു താരതമ്യേന മികച്ച നിലവാരമാകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വരാജ് എൻജിൻസിന്റെ വിറ്റുവരവിൽ 17 ശതമാനവും അറ്റാദായത്തിൽ 19 ശതമാനവും സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തി.

പ്രാജ് ഇൻഡസ്ട്രീസ്

ആ​ഗോള തലത്തിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി എൻജിനീയറിങ് കമ്പനിയാണ് പ്രാജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (BSE: 522205, NSE: PRAJIND). ജലശുദ്ധീകരണം, ബയോഎനർജി, ക്രിട്ടിക്കൽ പ്രോസസ് എക്വിപ്മെന്റ്, മലിനജല സംസ്കരണം, ബ്രുവറീസ് എന്നീ മേഖലകളിലേക്കുള്ള വിവിധ സേവനങ്ങളാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. തായ്‍ലാൻഡ്, ഫിലിപ്പീൻസ്, യുഎസ്എ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നു. വെള്ളിയാഴ്ച 284 രൂപയിലായിരുന്നു പ്രാജ് ഇൻഡസ്ട്രീസ് ഓഹരി ക്ലോസിങ് വില കുറിച്ചത്.

എല്ലാ വർഷവും മുടക്കമില്ലാതെ നിക്ഷേപകർക്ക് ഡിവിഡന്റ് നൽകുന്ന സ്മോൾ ക്യാപ് ഓഹരികളിലൊന്നാണിത്. ഡിവിഡന്റ് പേഔട്ട് റേഷ്യോ 50 ശതമാനത്തിന് മുകളിലാണുള്ളത്. 2025 സാമ്പത്തിക വർഷത്തെ ഡിവിഡന്റ് ഇനത്തിൽ പ്രതിയോഹരി 6 രൂപ വീതമാണ് നൽകിയത്. ഓ​ഹരിയുടെ ഇപ്പോഴത്തെ ഡിവിഡന്റ് യീൽഡ് 2.12 ശതമാനമാണ്. ഇതു ഭേദപ്പെട്ട നിലവാരമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രാജ് ഇൻഡസ്ട്രീസിന്റെ വിൽപ്പനയിൽ 21 ശതമാനവും അറ്റലാഭത്തിൽ 26 ശതമാനം വീതവും സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തി.

സെറ സാനിട്ടറിവെയർ

വിവിധതരം ബിൽഡിങ് പ്രോഡക്ടുകളുടെ നിർമാണത്തിലും വിപണനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന മുൻനിര കമ്പനികളിലൊന്നാണ് സെറ സാനിട്ടറിവെയർ ലിമിറ്റഡ് (BSE: 532443, NSE: CERA). പ്രധാനമായും ബാത്ത്റൂം ഫിറ്റിം​ഗുകളും ടൈലുകളുമാണ് കമ്പനി പുറത്തിറക്കുന്നത്. അടുത്തിടെ ആഡംബര വിഭാ​ഗത്തിലേക്ക് പുതിയ നിരവധി ഉത്പന്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ 4,939 രൂപ നിലവാരത്തിലാണ് സെറ സാനിട്ടറിവെയർ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

അതേസമയം നിക്ഷേപകർക്ക് മുടങ്ങാതെ ലാഭവിഹിതം വിതരണം ചെയ്യുന്ന സ്മോൾ ക്യാപ് ഓഹരിയാണിത്. സമീപ വർഷങ്ങളിലായി പ്രതിയോഹരി ലാഭവിഹിതത്തിലും ക്രമാനു​ഗതമായ വർധന കാണാം. 2025 സാമ്പത്തിക വർഷത്തേക്കുള്ള ലാഭവിഹിതമായി ഓഹരിയൊന്നിന് 65 രൂപ വീതമാണ് നിക്ഷേപകർക്ക് കൈമാറിയത്. ഓ​ഹരിയുടെ നിലവിലെ ഡിവിഡന്റ് യീൽഡ് 1.32 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സെറ സാനിട്ടറിവെയറിന്റെ വിറ്റുവരവിൽ 10 ശതമാനവും അറ്റാദായത്തിൽ 18 ശതമാനവും നിരക്കിൽ സംയോജിത വാർഷിക വളർച്ച കുറിച്ചു.

വി.എസ്.ടി ഇൻഡസ്ട്രീസ്

സി​ഗരറ്റ്, പുകയില ഉത്പന്നങ്ങൾ നി‌ർമിക്കുന്ന പ്രമുഖ കമ്പനിയാണ് വിഎസ്ടി ഇൻഡസ്ട്രീസ് ലിമിറ്റഡ് (BSE: 509966, NSE: VSTIND). ആഭ്യന്തര സി​ഗരറ്റ് വിപണിയിൽ മൂന്നാമത്തെ വലിയ കമ്പനിയാണിത്. പശ്ചിമ ബം​ഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ​​ഗണ്യമായ വിപണി വിഹിതം കമ്പനിക്ക് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 238 രൂപയിലായിരുന്നു വി.എസ്.ടി ഇൻഡസ്ട്രീസ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

1997 മുതൽ മുടക്കമില്ലാതെ എല്ലാ വർഷവും നിക്ഷേപകർക്ക് ഡിവിഡന്റ് നൽകുന്ന ഓഹരിയാണിത്. 2025 സാമ്പത്തിക വർഷത്തെ ഡിവിഡന്റ് ഇനത്തിൽ പ്രതിയോഹരി 10 രൂപ വീതമാണ് കൈമാറിയത്. ഈ ഓ​ഹരിയുടെ ഇപ്പോഴത്തെ ഡിവിഡന്റ് യീൽഡ് 4.19 ശതമാനമാകുന്നു. ഇതു ആകർഷകമായ ഡിവിഡന്റ് നിലവാരമാണ്. കഴിഞ്ഞ അഞ്ച് വർഷമായി വി.എസ്.ടി ഇൻഡസ്ട്രീസിന്റെ വരുമാനത്തിലും ലാഭത്തിലും കാര്യമായ വർധന രേഖപ്പെടുത്തിയിട്ടില്ല.

ടി.ടി.കെ പ്ര​സ്റ്റീജ്

ഇന്ത്യയിലെ ഏറ്റവും വലിയ കിച്ചൻവെയർ കമ്പനികളിലൊന്നാണ് ടി.ടി,കെ പ്ര​സ്റ്റീജ് ലിമിറ്റഡ് (BSE: 517506, NSE: TTKPRESTIG). 1955-ലാണ് കമ്പനിയുടെ തുടക്കം. 1994-ൽ ​സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ലി​സ്റ്റ് ചെയ്തു. പ്രഷർ കുക്ക‌ർ വിഭാ​ഗത്തിൽ കമ്പനിക്ക് വലിയ ജനകീയത ആർജിക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ 581 രൂപ നിലവാരത്തിലാണ് ടി.ടി.കെ പ്ര​സ്റ്റീജ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

അതേസമയം നിക്ഷേപകർക്ക് മുടങ്ങാതെ ലാഭവിഹിതം വിതരണം ചെയ്യുന്ന സ്മോൾ ക്യാപ് ഓഹരിയാണിത്. പ്രതിയോഹരി ലാഭവിഹിതത്തിൽ വലിയ വർധനയില്ലെങ്കിലും സ്ഥിരത പുലർത്തുന്നുണ്ടെന്നത് ശ്രദ്ധേയം. 2025 സാമ്പത്തിക വർഷത്തേക്കുള്ള ലാഭവിഹിതമായി പ്രതിയോ​ഹരി 6 രൂപ വീതമാണ് നിക്ഷേപകർക്ക് നൽകിയത്. ഓ​ഹരിയുടെ നിലവിലെ ഡിവിഡന്റ് യീൽഡ് 1.03 ശതമാനമാലണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടി.ടി.കെ പ്ര​സ്റ്റീജിന്റെ വിറ്റുവരവിൽ 6 ശതമാനം സംയോജിത വാർഷിക വളർച്ച കുറിച്ചപ്പോൾ അറ്റാദായത്തിൽ ഇടിവ് നേരിട്ടു.

Disclaimer:

മേൽസൂചിപ്പിച്ച ഓഹരികളെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com