

രണ്ട് ദിവസത്തെ നേട്ടക്കുതിപ്പിന് വിരാമം. ചൊവ്വാഴ്ചത്തെ (2026 ഫെബ്രുവരി 24) വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റി-50യും ബിഎസ്ഇ സെൻസെക്സും ഒരു ശതമാനത്തിലേറെ താഴ്ന്നു. നിഫ്റ്റി 288 പോയിന്റ് നഷ്ടത്തോടെ 25,424-ലും സെൻസെക്സ് സൂചിക 1,069 പോയിന്റ് ഇടിഞ്ഞ് 82,226-ലും ഇന്ന് ക്ലോസിങ് കുറിച്ചു.
ഇതോടെ ഇന്ത്യൻ വിപണിയിലെ നിക്ഷേപകരുടെ മൊത്തം ആസ്തി മൂല്യത്തിൽ 3 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഐടി ഓഹരികളിൽ കനത്ത തകർച്ച നേരിട്ടു. റിയാൽറ്റി വിഭാഗം ഓഹരികളും നിറംമങ്ങി. അതേസമയം മെറ്റൽ, ഓയിൽ & ഗ്യാസ്, ഹെൽത്ത്കെയർ, ഫാർമ, പൊതുമേഖല ബാങ്ക് വിഭാഗം ഓഹരികൾ പിടിച്ചുനിന്നു.
1. ഐടി ഓഹരികൾ വീണു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വളർച്ചയിൽ പരമ്പരാഗത സോഫ്റ്റ്‍വെയർ മേഖല അപ്രസക്തമായി പോയേക്കുമെന്ന ആശങ്ക കാരണം ഐടി സെക്ടർ ഓഹരികളിൽ തിരിച്ചടി തുടരുന്നു. എൻ.എസ്.ഇ.യുടെ സെക്ടറൽ സൂചികയായ നിഫ്റ്റി ഐടി 4.5 ശതമാനത്തിലേറെ ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു.
2. ട്രംപിന്റെ പുതിയ ഭീഷണി: ലോകരാജ്യങ്ങൾക്കെതിരേ ഐ.ഇ.ഇ.പി.എ നിയമപ്രകാരം ചുമത്തിയ അധിക ഇറക്കുമതി തീരുവ യു.എസ് സുപ്രീം കോടതി റദ്ദാക്കിയതിന്റെ പിൻബലത്തിൽ, വ്യാപാര മേഖലയിൽ തങ്ങളുമായി വിലപേശലിന് തുനിയുന്ന രാജ്യങ്ങൾക്കെതിരേ കൂടുതൽ ഉയർന്ന നിരക്കിലുള്ള തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. ഇതിനോട് പ്രതികൂലമായാണ് വിപണി പ്രതികരിച്ചത്.
3. ആഗോള വിപണികൾ ദുർബലം: യു.എസ് വിപണിയിൽ തിങ്കളാഴ്ച നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ന് രാവിലെ ഏഷ്യൻ വിപണികളും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ടെക് ഓഹരികളിലെ വിൽപ്പന സമ്മർദവും ട്രംപിന്റെ ഭീഷണി കാരണം ജിയോപൊളിറ്റിക്കൽ സംഘർഷം വർധിക്കുമോയെന്ന ആശങ്കയുമാണ് യു.എസ് വിപണിയെ പ്രതികൂലമായി സ്വാധീനിച്ചത്.
4. മന്ത്‍ലി എക്സ്പയറി: എൻഎസ്ഇയിൽ മാസ കാലയളവിലുള്ള ഡെറീവേറ്റീവ് കോൺട്രാക്ടുകളുടെ എക്സ്പയറി ദിനം ചൊവ്വാഴ്ചയാണ്. കൈവശമിരിക്കുന്ന പൊസിഷൻ ഒഴിവാക്കുന്നതും പുതിയതിലേക്കുള്ള റോളോവർ നടപടികളും കാരണം എക്സ്പയറി ദിനത്തിൽ ചാഞ്ചാട്ടം വർധിക്കുന്നത് സ്വാഭാവികമാണ്. വിപണി തുടക്കത്തിൽ തന്നെ ദുർബലമായിരുന്നതിനാൽ എക്സ്പയറി ദിനത്തിലെ ചാഞ്ചാട്ടം ആഘാതം വർധിപ്പിച്ചു.
5. രൂപയുടെ മൂല്യം ഇടിഞ്ഞു: യു.എസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി. രൂപയ്ക്കെതിരേ ഡോളർ ശക്തിപ്പെടുന്ന സാഹചര്യം വിദേശ നിക്ഷേപകരെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിയാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
6. യു.എസ് - ഇറാൻ സംഘർഷ ഭീതി: ആണവ പദ്ധതികൾ നിർത്തിവെക്കുന്നത് സംബന്ധിച്ച് ഇറാനും യു.എസും തമ്മിൽ വരുന്ന വ്യാഴാഴ്ച ജനീവയിൽ വെച്ച് നടക്കാനിരിക്കുന്ന ചർച്ച ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ചർച്ച അലസിപ്പിരിഞ്ഞാൽ ഇറാനെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിട്ടുള്ളതിന്റെ പിരിമുറുക്കം വിപണിയിൽ അനുഭവപ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine