നിങ്ങളുടെ കൈവശമുണ്ടോ? മുടങ്ങാതെ മികച്ച ഡിവിഡന്റ് കൈമാറുന്ന 5 ടാറ്റ ​ഗ്രൂപ്പ് ഓഹരികൾ

മുടങ്ങാതെ ഡിവിഡന്റ് നൽകുന്നു എന്നത്, കമ്പനിയുടെ മികച്ച സാമ്പത്തിക ആരോ​ഗ്യത്തേയും അച്ചടക്കത്തോടെയുള്ള മൂലധന വിന്യാസത്തേയും കമ്പനിയുടെ സ്ഥിരതയാർന്ന ക്യാഷ് ഫ്ലോയേയും സൂചിപ്പിക്കുന്ന ഘടകമാണ്
നിങ്ങളുടെ കൈവശമുണ്ടോ? മുടങ്ങാതെ മികച്ച ഡിവിഡന്റ് കൈമാറുന്ന 5 ടാറ്റ ​ഗ്രൂപ്പ് ഓഹരികൾ
Published on

ദശാബ്ദങ്ങളായി ഇന്ത്യൻ കോർപറേറ്റ് ലോകത്ത് വിശ്വസ്തത, കമ്പനിയുടെ ഭരണ നിർവഹണത്തിലെ സുതാര്യത (ഗവേണൻസ്), ദീർഘകാലയളവിൽ സമ്പത്ത് സൃഷ്ടിക്കുക എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നവരാണ് ടാറ്റ ​ഗ്രൂപ്പ്. ​സോഫ്റ്റ്‍വെയർ, ഓട്ടോമൊബീൽ, സ്റ്റീൽ, ടെലികോം എന്നിങ്ങനെ പ്രവർത്തിക്കുന്ന വ്യവസായ മേഖലകളിൽ ബിസിനസ് പ്രകടനം കൊണ്ടും വലിപ്പം കൊണ്ടും മാത്രമല്ല, നിക്ഷേപകരോടുള്ള അനുഭാവ പൂർണമായ സമീപനത്താലും ടാറ്റ ​ഗ്രൂപ്പിന് മുൻനിരയിലാണ് സ്ഥാനം. ഇതിൽ തന്നെ നിക്ഷേപകർക്ക് മുടങ്ങാതെ മികച്ച ഡിവിഡന്റ് കൈമാറുന്നവയാണ് ലി​സ്റ്റ് ചെയ്തിട്ടുള്ള ഭൂരിഭാ​ഗം ടാറ്റ ​ഗ്രൂപ്പ് കമ്പനികളും.

ഡിവിഡന്റ് ഓഹരികളുടെ പ്രത്യേകത

സ്ഥിരമായി ഡിവിഡന്റ് നൽകുന്നു എന്നത് കമ്പനിയുടെ മികച്ച സാമ്പത്തിക ആരോ​ഗ്യത്തേയും അച്ചടക്കത്തോടെയുള്ള മൂലധന വിന്യാസത്തേയും (ക്യാപിറ്റൽ അലോക്കേഷൻ) സൂചിപ്പിക്കുന്ന ഘടകമാണ്. കൂടാതെ ഡിവിഡന്റ് മുടങ്ങാതെ നൽകുന്നു എന്നത് കമ്പനിയുടെ സ്ഥിരതയാർന്ന ക്യാഷ് ഫ്ലോയേയും മികച്ച നേതൃശേഷിയേയും വിപണിയുടെ ചാക്രികതയിലും നിക്ഷേപകർക്ക് പാരിതോഷികം നൽകാനുള്ള പ്രതിബദ്ധതയേയും സൂചിപ്പിക്കുന്നതാണ്. ഈയൊരു പശ്ചാത്തലത്തിൽ സ്ഥിരമായി മികച്ച തോതിൽ ഡിവി‍ഡന്റ് നൽകുന്ന 5 ടാറ്റ ​ഗ്രൂപ്പ് ഓഹരികളുടെ വിശദാംശങ്ങൾ അറിയാം.

1. ടിസിഎസ്:

ടാറ്റ ​ഗ്രൂപ്പിൽ വിപണി മൂല്യത്തിലും നേടുന്ന വരുമാനത്തിലും മുന്നിൽ നിൽക്കുന്ന കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (BSE: 532540, NSE: TCS). ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനിയുമാണിത്. ​ഓഹരി വിപണിയിലേക്ക് കടന്നുവന്ന 2004 മുതലിങ്ങോട്ട് 93 തവണ ടിസിഎസ് ഡിവിഡന്റ് നൽകിയിട്ടുണ്ട്. 2005-നു ശേഷം എല്ലാ സാമ്പത്തിക പാ​ദങ്ങളിലും ഡിവിഡന്റ് നൽകിവരുന്നു. കഴിഞ്ഞ ഒരു വർഷ കാലയളവിനിടെ മൊത്തം 109 രൂപയാണ് നിക്ഷേപകർക്ക് പ്രതിയോഹരി ഡിവിഡന്റ് ഇനത്തിൽ കൈമാറിയത്.

2. ടാറ്റ എൽക്സി:

ഓട്ടോമോട്ടീവ്, മീഡിയ, കമ്മ്യൂണിക്കേഷൻ, ​ഹെൽത്ത്കെയർ തുടങ്ങിയ മേഖലകളിൽ എൻജിനീയറിങ് ഡിസൈൻ, ടെക്നോളജി സേവനങ്ങൾ ആ​ഗോള തലത്തിൽ നൽകുന്ന കമ്പനിയാണ് ടാറ്റ എൽക്സി (BSE: 500408, NSE: TATAELXSI). 2001 ജൂണിനു ശേഷം ഇതുവരെയായി 26 തവണ ഡിവിഡന്റ് വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിയോഹരി 75 രൂപയാണ് നിക്ഷേപകർക്ക് ഡിവി‍ഡന്റ് ഇനത്തിൽ നൽകിയിട്ടുള്ളത്.

3. ടാറ്റ സ്റ്റീൽ:

ഏഷ്യയിലെ ആദ്യ ഇന്റ​ഗ്രേറ്റഡ് പ്രൈവറ്റ് ​സ്റ്റീൽ കമ്പനിയാണ് ടാറ്റ ​സ്റ്റീൽ (BSE: 500470, NSE: TATASTEEL). 1907-ലാണ് കമ്പനിയുടെ തുടക്കം. ഖനനം മുതൽ ഉത്പന്നം വരെ ​സ്റ്റീൽ വ്യവസായത്തിന്റെ സമസ്ത മേഖലകളിലും ടാറ്റ സ്റ്റീലിന് സ്വന്തം സംരംഭങ്ങളുണ്ട്. 2001 മേയ്ക്കുശേഷം 31 തവണ നിക്ഷേപകർക്ക് ഡിവിഡന്റ് നൽകി. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിയോഹരി 3.60 രൂപ വീതമാണ് ഡിവി‍ഡന്റ് ഇനത്തിൽ നിക്ഷേപകർക്ക് കൈമാറിയിട്ടുള്ളത്.

4. ടാറ്റ കെമിക്കൽസ്:

വിവിധ വ്യാവസായിക രാസപദാർത്ഥങ്ങൾ നിർമിക്കുന്ന ടാറ്റ ​ഗ്രൂപ്പ് കമ്പനിയാണിത്. 2001 ജൂണിനു ശേഷം 29 തവണയാണ് ടാറ്റ കെമിക്കൽസ് (BSE: 500770, NSE: TATACHEM) ഡിവിഡന്റ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിയോഹരി ഡിവി‍ഡന്റ് ഇനത്തിൽ 11 രൂപ വീതമാണ് നിക്ഷേപകർക്ക് നൽകിയത്.

5. ടാറ്റ കമ്മ്യൂണിക്കേഷൻസ്:

കേന്ദ്രസർക്കാ‍ർ സ്വകാര്യവത്കരിച്ച വിഎസ്എൻഎല്ലിന്റെ ഇന്നത്തെ രൂപമാണ് ടാറ്റ കമ്മ്യൂണിക്കേഷൻസ് (BSE: 500483, NSE: TATACOMM). ​ആ​ഗോള തലത്തിലെ ഡിജിറ്റൽ ഇക്കോസി​സ്റ്റം പരുവപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. 2000 ഓ​ഗ​സ്റ്റിനു ശേഷം 27 തവണയാണ് നിക്ഷേപകർക്ക് ഡിവിഡന്റ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 25 രൂപയാണ് പ്രതിയോഹരി ഡിവി‍ഡന്റ് ഇനത്തിൽ കൈമാറിയത്.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com