

ഇന്ത്യൻ വിപണിയിൽ കനത്ത തിരിച്ചടി തുടരുന്നു. ഇന്ന് (മാർച്ച് 30) പ്രധാന ഓഹരി സൂചികകളായ എൻ.എസ്.ഇ നിഫ്റ്റി, ബി.എസ്.ഇ സെൻസെക്സ് എന്നിവയിൽ 2 ശതമാനം ഇടിവ് നേരിട്ടു. എല്ലാ ഓഹരി വിഭാഗങ്ങളിലും നഷ്ടം രേഖപ്പെടുത്തി. ഗണ്യമായ ഇടിവ് നേരിട്ടുകൊണ്ടാണ് തിങ്കളാഴ്ച ആഭ്യന്തര വിപണിയിലെ വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തിൽ പോലും തിരികെ കയറാനുള്ള ആവേശം പ്രകടമായില്ല. വ്യാപാരം പുരോഗമിക്കുന്തോറും നഷ്ടത്തിന്റെ വ്യാപ്തി കൂടിക്കൂടിവന്നു.
ഒടുവിൽ നിഫ്റ്റി സൂചിക 488 പോയിന്റ് (-2.14%) താഴ്ന്ന് 22,331 നിലവാരത്തിലും സെൻസെക്സ് സൂചിക 1,636 പോയിന്റ് (-2.22%) ഇടിവ് നേരിട്ട് 71,948-ലും ക്ലോസിങ് കുറിച്ചു. തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലാണ് പ്രധാന സൂചികകളിൽ രണ്ട് ശതമാനത്തിലേറെ നഷ്ടത്തോടെ ക്ലോസ് ചെയ്യുന്നത്. ഇന്നത്തെ തിരിച്ചടിയിൽ നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 10 ലക്ഷം കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇന്ന് എൻ.എസ്.ഇയിൽ മൊത്തം വ്യാപാരം ചെയ്യപ്പെട്ടത് 3,411 ഓഹരികളാണ്. ഇതിൽ 570 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസിങ് കുറിച്ചത്. ബാക്കിയുള്ളതിൽ 2,764 ഓഹരികൾ നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. 154 ഓഹരികളിൽ വിലവ്യതിയാനമൊന്നും രേഖപ്പെടുത്തിയില്ല. ഇന്നത്തെ വ്യാപാരത്തിനിടെ 1,219 ഓഹരികൾ ഒരു വർഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. വാങ്ങാൻ നിക്ഷേപകരില്ലാത്തതിനാൽ ഇന്ന് 256 ഓഹരികൾ, ലോവർ സർക്യൂട്ട് നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയിലെ പ്രതീക്ഷിത ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യ വിക്സ് (VIX) സൂചിക 4% ഉയർന്ന് 27.83 നിലവാരത്തിൽ ക്ലോസ് ചെയ്തു. രാവിലെ ഒരു ഘട്ടത്തിൽ വിക്സ് സൂചിക 28.91 നിലവാരം ഉയർന്നിരുന്നു. ഒരു വർഷത്തെ ഉയർന്ന നിലയാണിത്. വിപണിയെ സംബന്ധിച്ച ശുഭകരമായ ലക്ഷണമല്ല ഇത്. അതേസമയം നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 2.62 ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചിക 2.80 ശതമാനം വീതവും നഷ്ടം കുറിച്ചു.
എൻ.എസ്.ഇ.യുടെ പ്രധാനപ്പെട്ട എല്ലാ ഓഹരി വിഭാഗം സൂചികകളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പി.എസ്.യു ബാങ്ക് 4.57 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് എന്നിവ മൂന്ന് ശതമാനത്തിലേറെയും നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയാൽറ്റി, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ട് ശതമാനത്തിലധികവും ഇടിഞ്ഞു. 0.16 ശതമാനം താഴ്ന്ന നിഫ്റ്റി മെറ്റലും 0.20 ശതമാനം കുറവ് രേഖപ്പെടുത്തിയ നിഫ്റ്റി ഓയിൽ & ഗ്യാസ് സൂചികയുമാണ് നഷ്ടം കുറച്ച് നേരിട്ടത്.
പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചന. ഇറാനെതിരേയുള്ള കരയുദ്ധത്തിന് യു.എസ് ഭരണകൂടം തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനോടൊപ്പം മിഡിൽ ഈസ്റ്റിലേക്ക് 3,500 സൈനികരെ കൂടി വമ്പൻ പടക്കപ്പലായ യു.എസ്.എസ് ട്രിപ്പോളിയോടൊപ്പം നിയോഗിക്കുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദശകത്തിനിടെ മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള യു.എസിന്റെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്.
ക്രൂഡ് ഓയിൽ വില 120 ഡോളറിലേക്ക് കുതിക്കുന്നു. ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാനോടുള്ള അനുഭാവം പ്രകടിപ്പിച്ച് യെമനിലെ ഹൂതി വിമതർ കൂടി രംഗത്തെത്തിയതാണ് ക്രൂഡ് ഓയിൽ വില 120 ഡോളർ ലക്ഷ്യമാക്കി കുതിക്കാൻ ഇടയാക്കിയത്. ഹോർമുസ് കടലിടുക്കിന് പുറമെ ചെങ്കടൽ വഴിയുള്ള പെട്രോളിയം നീക്കവും തടസ്സപ്പെടുമോ എന്ന ആശങ്കയാണ് ഇതിനുള്ള കാരണം.
ആഗോള വിപണികളിലും ഇടിവ്. തിങ്കളാഴ്ച രാവിലെ ഏഷ്യൻ വിപണികളിൽ കനത്ത തിരിച്ചടി നേരിട്ടു. ജപ്പാനിലേയും ദക്ഷണി കൊറിയയുടേയും പ്രധാന ഓഹരി സൂചികകളിൽ മൂന്ന് ശതമാനം ഇടിവ് നേരിട്ടുകൊണ്ടാണ് വ്യാപാരം ആരംഭിച്ചത്. ഇതിന്റെ പ്രതികൂല സ്വാധീനം ഇന്ത്യൻ വിപണിയേയും പിന്നോട്ടടിച്ചു.
വിദേശ നിക്ഷേപകരുടെ ഭാഗത്തുനിന്നുമുള്ള കടുത്ത വിൽപ്പന സമ്മർദം. മാർച്ച് മാസത്തിൽ ഇതുവരെയായി 1,200 കോടി ഡോളർ (ഏകദേശം 1,14,000 കോടി രൂപ) മൂല്യം വരുന്ന ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടിട്ടും ഡോളറിനെതിരായ രൂപയുടെ വിനിമയമൂല്യം 95 നിലവാരം പിന്നിട്ട് താഴേക്ക്. ചരിത്രത്തിലാദ്യമായാണ് ഡോളറിനെതിരേ രൂപയുടെ മൂല്യം 95 നിലവാരം കടക്കുന്നത്. രൂപയുടെ മൂല്യശോഷണം വിദേശ നിക്ഷേപകരെ വിറ്റൊഴിയാൻ പ്രേരണയേകുന്ന ഘടകങ്ങളിലൊന്നാണ്.
ബാങ്കിംഗ് ഓഹരികളിലെ വീഴ്ച. ബാങ്ക് നിഫ്റ്റി സൂചിക മൂന്നര ശതമാനത്തിലേറെ ഇടിഞ്ഞു. വിദേശ വിപണിയിൽ ഇന്ത്യൻ ബാങ്കുകളുടെ കൈവശം നിലനിർത്തിയിരിക്കുന്ന രൂപയിലുള്ള ഫോറെക്സ് ട്രേഡ് പൊസിഷനുകളുടെ മൂല്യം പ്രതിദിനം 10 കോടി ഡോളർ കവിയരുതെന്ന റിസർവ് ബാങ്ക് നിർദേശം തിരിച്ചടിയായി. പുതിയ നിബന്ധന ഏപ്രിൽ 10 മുതൽ നടപ്പാക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയതോടെ, കൈവശം അധികമായുള്ള ഫോറെക്സ് ട്രേഡ് പൊസിഷനുകൾ വിൽക്കാൻ നിർബന്ധിതരാകുന്നതിലൂടെ ബാങ്കുകൾക്ക് 4,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അനുമാനം. ഡോളറിനെതിരേ രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് റിസർവ് ബാങ്ക് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്.
എൻ.എസ്.ഇയുടെ മാർച്ച് മാസക്കാല ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ (എഫ്&ഒ) എക്സ്പയറി തിങ്കളാഴ്ചയാണ് (മാർച്ച് 30) നിശ്ചയിച്ചിരുന്നത്. അടുത്ത മാസത്തെ കോൺട്രാക്ടിലേക്കുള്ള റോളോവർ കാരണവും നിലവിലെ പൊസിഷൻ അവസാനിപ്പിക്കുന്നതും ഒക്കെ കൂടിച്ചേരുമ്പോൾ മാസക്കാല എക്സ്പയറി ദിനത്തിൽ സ്വാഭാവികമായൊരു ചാഞ്ചാട്ടം അനുഭവപ്പെടാറുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine