

ഇന്ത്യയിലെ മാലിന്യ സംസ്കരണ മേഖല ഒരു നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. അതിവേഗം വളരുന്ന നഗരവല്‍ക്കരണം, വര്‍ദ്ധിച്ചുവരുന്ന വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, ശക്തമായ പരിസ്ഥിതി നിയന്ത്രണങ്ങള്‍, സ്വച്ഛ് ഭാരത് മിഷന്‍, നിർമാതാക്കളുടെ ഉത്തരവാദിത്തം വിപുലീകരിക്കുന്ന നിബന്ധനകള്‍ (EPR), സര്‍ക്കുലര്‍ ഇക്കോണമി നയങ്ങള്‍ എന്നിവ ഈ മേഖലയ്ക്ക് ശക്തമായ ഉത്തേജനം നല്‍കുന്നു.
രാജ്യത്തെ നഗരങ്ങള്‍ വികസിക്കുകയും ജനങ്ങളുടെ ഉപഭോഗ രീതികള്‍ മാറുകയും ചെയ്യുന്നതോടെ, കാര്യക്ഷമമായ മാലിന്യ സംസ്ക്കരണത്തിനും വിഭവങ്ങൾ പുനരുപയോഗിക്കുന്നതിനും ഉള്ള ആവശ്യം ദിനംപ്രതി ഉയരുകയാണ്. ജലശുദ്ധീകരണം, നഗര ഖരമാലിന്യ സംസ്ക്കരണം, ലോഹ-പ്ലാസ്റ്റിക്-ഇ-വേസ്റ്റ് പുനരുപയോഗം, ടയര്‍ റീസൈക്ലിംഗ് തുടങ്ങി ഉത്പന്ന മൂല്യ ശൃംഖലയുടെ (Value Chain) വിവിധ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ലിസ്റ്റഡ് കമ്പനികള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ സജീവമായുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ വേസ്റ്റ് മാനേജ്മെന്റ് സെക്ടറിനെ കുറിച്ചുള്ള സമഗ്ര അവലോകനം നോക്കാം.
ഈ വിഭാഗത്തിലെ കമ്പനികള്‍ നഗര-വ്യവസായ ജലശുദ്ധീകരണം, മലിനജല സംസ്ക്കരണ പ്ലാന്റുകള്‍ (STPs), ഡീസലൈനേഷന്‍ പ്ലാന്റുകള്‍, ജല പുനരുപയോഗ സംവിധാനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വി.എ ടെക് വബാഗ് ലിമിറ്റഡ് (Va Tech Wabag Ltd):– മലിനജല സംസ്ക്കരണം, ഡീസലൈനേഷന്‍, ജല പുനരുപയോഗ സംവിധാനം തുടങ്ങിയ വിവിധ സേവനങ്ങൾ ആഗോള തലത്തില്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഇന്ത്യന്‍ വാട്ടർ ടെക്നോളജി കമ്പനി.
അയോൺ എക്സ്ചേഞ്ച് (ഇന്ത്യ) ലിമിറ്റഡ് (Ion Exchange (India) Ltd):– വ്യാവസായിക ജലശുദ്ധീകരണം, പുനരുപയോഗം, സീറോ ലിക്വിഡ് ഡിസ്ചാർജ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സമഗ്ര ജല-പരിസ്ഥിതി മാനേജ്മെന്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനി.
തെർമാക്സ് ലിമിറ്റഡ് (Thermax Ltd):– ഊര്‍ജ - പരിസ്ഥിതി എഞ്ചിനീയറിംഗ് മേഖലയിൽ ജലശുദ്ധീകരണ - മലിനജല സംസ്ക്കരണ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനി.
എൻവിറോ ഇൻഫ്രാ എൻജിനീയേഴ്സ് ലിമിറ്റഡ് (Enviro Infra Engineers Ltd):– മലിനജല സംസ്ക്കരണ പ്ലാന്റുകളുടെ നിര്‍മ്മാണത്തിലും ഇന്‍ഫ്രാ പ്രോജക്ടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി.
ഇഎംഎസ് ലിമിറ്റഡ് (EMS Ltd):– മലിനജല സംസ്ക്കരണ പ്ലാന്റുകള്‍, ജലവിതരണ പദ്ധതികള്‍, നഗര അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഇ.പി.സി പദ്ധതികൾ ഏറ്റെടുക്കുന്ന കമ്പനി.
ഈ വിഭാഗത്തിലുള്ള കമ്പനികള്‍ നഗരസഭകള്‍ക്കായി മാലിന്യ ശേഖരണം, ഗതാഗതം, ലാന്‍ഡ്ഫില്‍ മാനേജ്മെന്റ്, മാലിന്യ സംസ്ക്കരണം, മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ ഏറ്റെടുക്കുന്നു.
ആന്റണി വേസ്റ്റ് ഹാൻഡ്ലിംഗ് സെൽ ലിമിറ്റഡ് (Antony Waste Handling Cell Ltd):– ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇന്റഗ്രേറ്റഡ് മുനിസിപ്പല്‍ ഖരമാലിന്യ മാനേജ്മെന്റ് കമ്പനികളിലൊന്ന്. ഒന്നിലധികം നഗരങ്ങളില്‍ ലാന്‍ഡ്ഫില്‍, മാലിന്യ സംസ്ക്കരണ പ്രോജക്ടുകള്‍ നടത്തുന്നു.
എ-2-സെഡ് ഇൻഫ്രാ എൻജിനീയറിങ് ലിമിറ്റഡ് (A2Z Infra Engineering Ltd):- നഗര ഖരമാലിന്യ ശേഖരണം, സംസ്ക്കരണം, ഇതര അടിസ്ഥാന സൗകര്യ വികസനങ്ങളും ഏറ്റെടുക്കുന്ന കമ്പനി.
അർബൻ എൻവിറോ വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (Urban Enviro Waste Management Ltd):– നഗരസഭകളുമായുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ മാലിന്യ സംസ്ക്കരണ - പരിസ്ഥിതി ശുചിത്വ സേവനങ്ങള്‍ നല്‍കുന്ന എസ്.എം.ഇ കമ്പനി.
മാലിന്യങ്ങളിൽ നിന്നും മൂല്യവത്തായ അസംസ്‌കൃത വസ്തുക്കള്‍ വീണ്ടെടുത്ത് വ്യവസായ വിതരണ ശൃംഖലകളിലേക്ക് തിരിച്ചെത്തിക്കുന്നതിലൂടെ രാജ്യത്തെ സർക്കുലർ ഇക്കോണമിയിലേക്ക് നിർണായക സംഭാവനകൾ നൽകുന്ന കമ്പനികളാണിത്.
ഗ്രാവിറ്റ ഇന്ത്യ ലിമിറ്റഡ് (Gravita India Ltd):– ലെഡ്, അലൂമിനിയം, പ്ലാസ്റ്റിക്ക് റീസൈക്ലിംഗില്‍ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മുൻനിര റീസൈക്ലിംഗ് കമ്പനി.
ഗണേശ ഇക്കോസ്ഫിയർ ലിമിറ്റഡ് (Ganesha Ecosphere Ltd):– പി.ഇ.റ്റി. പ്ലാസ്റ്റിക് മാലിന്യം പുനചംക്രമണം നടത്തി ടെക്സ്റ്റൈല്‍ വ്യവസായ മേഖലയിലേക്ക് ആവശ്യമായ റീസൈക്കിൾ ചെയ്ത പോളീസ്റ്റർ ഫൈബർ, നാര് എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പി.ഇ.ടി ബോട്ടിൽ റീസൈക്ലര്‍ കമ്പനിയാണിത്.
ബഹേതി റീസൈക്ക്ളിംഗ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Baheti Recycling Industries Ltd):– ചെമ്പ്, അലൂമിനിയം, മറ്റ് നോൺ-ഫെറസ് ലോഹങ്ങള്‍ പുനരുപയോഗിക്കുന്ന എസ്.എം.ഇ കമ്പനി.
പുനരുപയോഗ അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള ആവശ്യം വർധിക്കുന്നതോടെ ലോഹ-ബാറ്ററി റീസൈക്ലിംഗ് ഒരു തന്ത്രപ്രധാന മേഖലയായി ഉയര്‍ന്നുവരുന്നു.
നൈൽ ലിമിറ്റഡ് (NILE Ltd):– ഉപയോഗിച്ച ബാറ്ററികളില്‍ നിന്ന് ലെഡ് വേര്‍തിരിച്ചെടുത്ത് ലെഡ് അലോയ് നിര്‍മ്മിക്കുന്ന കമ്പനി.
പി.ഒ.സി.എൽ എന്റർപ്രൈസസ് ലിമിറ്റഡ് (POCL Enterprises Ltd):– ലെഡ് റീസൈക്ലിംഗ്, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ലെഡ് ഉല്‍പ്പന്ന നിര്‍മ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപഭോഗം കൂടുകയും നിയന്ത്രണ ചട്ടങ്ങള്‍ കര്‍ശനമാകുകയും ചെയ്യുന്നതോടെ ഇ-മാലിന്യ സംസ്ക്കരണ മേഖലയ്ക്ക് ഏറ്റവും അനുകൂലമായ സാഹചര്യം ഉടലെടുക്കുകയാണ്.
ഇക്കോ റീസൈക്കിംഗ് ലിമിറ്റഡ് (Eco Recycling Ltd):– ഇന്ത്യയിലെ ഇ-മാലിന്യ റീസൈക്ലിംഗ് മേഖലയില്‍ മുന്‍നിര കമ്പനി.
ഉപയോഗശൂന്യമായ ടയറുകളിൽ നിന്നും ക്രമ്പ് റബ്ബർ, കാർബൺ ബ്ലാക്ക് എന്നിവ വേർതിരിച്ചെടുത്ത് ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന ഈ മേഖല അനുദിനം വളർച്ച പ്രകടമാക്കുന്നുണ്ട്.
ടിന്ന റബ്ബർ & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (Tinna Rubber & Infrastructure Ltd):– പഴയ ടയറിനെ തരിതരിയാക്കിയ റബ്ബർ (Crumb Rubber) ആക്കി മാറ്റുകയും ഇത് റോഡ് നിര്‍മ്മാണ-വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കമ്പനി.
ഹൈ-ഗ്രീൻ കാർബൺ ലിമിറ്റഡ് (Hi-Green Carbon Ltd):– ഉപയോഗശൂന്യമായ ടയര്‍ പൈറോലിസിസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കാർബൺ ബ്ലാക്ക്, പൈറോലിസിസ് ഓയിൽ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന എസ്.എം.ഇ കമ്പനി.
ഇന്ത്യയിലെ മാലിന്യ സംസ്ക്കരണ - റീസൈക്ലിംഗ് മേഖല ഇന്നും ഏറെക്കുറെ അസംഘടിതമാണ്. എന്നിരുന്നാലും അടുത്ത ദശകത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുന്നതിനായി ഈ സെക്ടർ സജ്ജവുമാണ്. പരിസ്ഥിതി അവബോധം ഉയരുക, നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുക, നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന നിക്ഷേപം വര്‍ദ്ധിക്കുന്നത് എന്നിങ്ങനെയുള്ള വിവിധ അനുകൂല ഘടകങ്ങളെല്ലാം കൂടിച്ചേർന്നു വരുമ്പോൾ ദീർഘമായ കാലയളവിലേക്ക് ഈ സെക്ടറിൽ ശക്തമായ ഡിമാന്‍ഡ് ഉറപ്പ് നല്‍കുന്നു.
ഗ്രാവിറ്റ ഇന്ത്യ, വി.എ ടെക് വബാഗ്, ആന്റണി വേസ്റ്റ് മാനേജ്മെന്റ് സെൽ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ വളർച്ചാശേഷി, സാങ്കേതിക ശേഷി, ദ്രുതഗതിയില്‍ വികസിക്കുന്ന പദ്ധതികളുടെ നിര എന്നിവ കൊണ്ട് മാലിന്യ സംസ്ക്കരണ - റീസൈക്ലിംഗ് മേഖലയില്‍ ശ്രദ്ധ നേടുന്നു. ഇന്ത്യ കര്‍ശനമായ പരിസ്ഥിതി ചട്ടക്കൂടിലേക്കും സര്‍ക്കുലര്‍ ഇക്കോണമിയിലേക്കും പരിവർത്തനം ചെയ്യപ്പെടുന്നതോടെ, ഭാവിയില്‍ ഈ സെക്ടർ നിക്ഷേപകശ്രദ്ധ ശക്തമായി ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.
[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com); സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് (Registration No: INH000023843).]
Read DhanamOnline in English
Subscribe to Dhanam Magazine