

ഇന്ത്യന്‍ വിപണി സൂചികകള്‍ ഇന്നും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യയുമായുള്ള യു.എസിന്റെ വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമായേക്കുമെന്നുള്ള പ്രതീക്ഷകളും നീണ്ട നാളത്തെ ഷട്ട്ഡൗണിനു ശേഷം യു.എസ് ഗവണ്‍മെന്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാകുമെന്ന സൂചനകളുമാണ് വിപണിക്ക് മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഇതിനൊപ്പം ബീഹാര്‍ എക്‌സിറ്റ്‌പോളുകള്‍ എന്‍ഡിഎ സഖ്യത്തിന് വിജയസാധ്യത കല്‍പ്പിച്ചതും നിക്ഷേപകര്‍ക്ക് കരുത്ത് പകര്‍ന്നു. ഇന്ന് വ്യാപാരത്തിനിടെ 760 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് വ്യാപാരാന്ത്യത്തില്‍ 595 പോയിന്റ് നേട്ടത്തോടെ 84,466.51ലെത്തി. നിഫ്റ്റി 180 പോയിന്റ് ഉയര്‍ന്ന് 25,87.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കയില്‍ വിദഗ്ധതൊഴിലാളികളുടെ ആവശ്യമുണ്ടെന്ന ട്രംപിന്റെ പ്രസ്ഥാവന ഐ.ടി ഓഹരികളെ നേട്ടത്തിലാക്കി. വിസ പോളിസികളില്‍ ട്രംപ് മയപ്പെടുമെന്ന സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. രണ്ട് വ്യാപാര സെഷനുകളിലായി 2.8 ശതമാനം ഉയര്‍ന്ന ഐ.ടി സൂചിക ഇന്ന് രണ്ട് ശതമാനം മുന്നേറി. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു.
യു.എസ് ട്രഷറി ബോണ്ടുകളുടെ നേട്ടം കുറഞ്ഞതും ഏഷ്യന്‍ വിപണികളെ നേട്ടത്തിലാക്കി. 10 വര്‍ഷകടപ്പത്രങ്ങളുടെ നേട്ടം 4.0791 ശതമാനത്തിലേക്കും രണ്ട് വര്‍ഷകടപ്പത്രങ്ങളുടെ നേട്ടം 3.5596 ശതമാനത്തിലേക്കും താഴ്ന്നു.
ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് ഇന്ത്യന്‍ ഓഹരി വിപണിയുടെ റേറ്റിംഗ് ന്യൂട്രലില്‍ നിന്ന് ഓവര്‍ വെയിറ്റ് ആക്കിയതും വിപണിക്ക് ഉത്തേജനമായി.
നിഫ്റ്റി സൂചികകളില്‍ റിയല്‍റ്റി, മെറ്റല്‍ ഒഴികെയുള്ളവ മുന്നേറ്റം കാഴ്ചവച്ചു. മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ അര ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് ഇന്ന് വിപണിയെ നയിച്ചത്. ഇന്ത്യ-യു.എസ് വ്യാപാരക്കരാറിന്റെ മുഖ്യ ഗുണഭോക്താവ് എന്നനിലയിലാണ് ഓഹരിയുടെ കയറ്റം. രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയായ റിലയന്‍സ് കഴിഞ്ഞ ഒരു മാസം കൊണ്ട് 10 ശതമാനം ഉയര്‍ച്ചയാണ് നേടിയത്.
രണ്ടാം പാദത്തില്‍ മിക്ക കമ്പികളും മികച്ച വളര്‍ച്ച കാഴ്ചവച്ചതും വിപണിക്ക് കുരുത്തായി.
ഏഷ്യന്‍ പെയിന്റ്‌സാണ് നിഫ്റ്റിയിലെ പ്രധാന നേട്ടക്കാര്‍. രണ്ടാം പാദഫല പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നത് ഓഹരിയെ ആറ് ശതമാനത്തിലധികം ഉയര്‍ത്തി. മറ്റ് പെയിന്റ് കമ്പനികളായ ബെര്‍ജര്‍ പെയിന്റ്‌സ്, ഇന്‍ഡിഗോ പെയിന്റ്‌സ് എന്നിവയും നാല് ശതമാനം വീതം ഉയര്‍ന്നു.
അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് മുന്നേറ്റത്തിലായി. അദാനി എന്റര്‍പ്രൈസസ് 5 ശതമാനവും അദാനി പോര്‍ട്‌സ് 2 ശതമാനവും ഉയര്‍ന്നു.
അടുത്ത ക്വാര്‍ട്ടറിലെ പ്രതീക്ഷകള്‍ കുറച്ചത് പി.ഐ ഇന്‍സട്ര്‌സീ ഓഹരികളെ 5 ശതമാനം ഇടിവിലാക്കി പ്രവര്‍ത്തനഫലം മോശമായത് തെര്‍മാക്‌സ് ഓഹരികളെയും നാല് ശതമാനം ഇടിവിലാക്കി. രണ്ടാം പാദത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നത് ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ഓഹരിയെ രണ്ട് ശതമാനം ഇടിവിലാക്കി. മികച്ച രണ്ടാപാദത്തിന്റെ കരുത്തില്‍ കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ്, പരാഖ് മില്‍ക്ക് ഫുഡ് എന്നിവ ഉയര്‍ന്നു.
കേരള ഓഹരികളില്‍ ഇന്ന് ടി.സി.എം ആണ് മികച്ച മുന്നേറ്റം കാഴ്ചവച്ചത്. ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്നു. അബേറ്റ് ഇന്‍ഡസ്ട്രീസ് 4.99 ശതാനവും പോപ്പീസ് 4.93 ശതമാനവും ഈസ്റ്റേണ്‍ ട്രെഡ്‌സ് 4.89 ശതമാനവും കേരള ആയുര്‍വേദ 4.77 ശതമാനവും മുന്നേറ്റമുണ്ടാക്കി.
യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സാണ് നഷ്ടത്തില്‍ മുന്നില്‍. ഓഹരി വില 5 ശതമാനത്തിനടുത്ത് ഇടിഞ്ഞു. പ്രൈമ അഗ്രോ(4.73%), കെ.എസ്.ഇ (2.92%), ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (2.67%), ആഡ്‌ടെക് സിസ്റ്റംസ് (2.35%) എന്നിവയും നഷ്ടം രേഖപ്പെടുത്തിയവരില്‍ മുന്നിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine