

സാരി റീറ്റെയ്‌ലിംഗ് കമ്പനികളായ പോത്തീസ്, ആര്‍.എസ്.ബി റീറ്റെയ്ല്‍ ഇന്ത്യ, മാരി റീറ്റെയ്ല്‍ , നല്ലി സില്‍ക്ക് സാരീസ് എന്നിവ പ്രാരംഭ ഓഹരി വില്‍പ്പന നടത്താന്‍ ഒരുങ്ങുന്നു.
മൊത്തം 20,000 കോടി രൂപയാണ് ഐ.പി.ഒകള്‍ വഴി ഈ കമ്പനികള്‍സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. അടുത്ത ആറ്, എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഈ കമ്പനികളുടെ പബ്ലിക് ഇഷ്യുകള്‍ വിപണിയില്‍ എത്തുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദക്ഷിണേന്ത്യയിലെ നഗരങ്ങളിലും ഒന്നാം നിര നഗരങ്ങളിലുമാണ് ആര്‍.എസ്.ബി റീറ്റെയ്ല്‍ ഇന്ത്യ, മാരി റീറ്റെയ്ല്‍, പോത്തീസ്, നല്ലി നില്‍ക്ക് സാരീസ് എന്നിവ വ്യാപാരം നടത്തുന്നത്. പുതിയ മൂലധനം ഉപയോഗിച്ച്, ഈ കമ്പനികള്‍ക്ക് രണ്ടാം നിര, മൂന്നാം നിര വിപണികളിലേക്ക് വികസിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.
ആര്‍എസ്ബി റീറ്റെയ്ല്‍ ഇതിനകം 1,500 കോടി രൂപയുടെ ഇഷ്യുവിനായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്, അതേസമയം, മാരി റീറ്റെയ്‌ലും പോത്തിസും യഥാക്രമം 2,000 കോടി രൂപയുടെയും 1,200 കോടി രൂപയുടെയും ഐ.പി.ഒകള്‍ ആസൂത്രണം ചെയ്യുന്നതായാണ് അറിയുന്നത്. ഹെറിറ്റേജ് സാരി റീറ്റെയ്‌ലറായ നല്ലി സില്‍ക്കും പൊതു ലിസ്റ്റിംഗിനായി അപേക്ഷിക്കുന്നുണ്ട്.
സ്റ്റോര്‍ ശൃംഖലകള്‍ വികസിപ്പിക്കുന്നതിനും വിതരണ ശൃംഖലകളില്‍ നിക്ഷേപിക്കുന്നതിനും കൂടുതല്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തയാറെടുക്കുന്നതിനുമാകും ഈ കമ്പനികള്‍ ഐ.പി.ഒയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുക എന്നാണ് ബാങ്കര്‍ മാര്‍ പറയുന്നത്.
നിലവില്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് സില്‍ക്‌സ് (Sai Silks /Kalamandir) ആണ് ദക്ഷിണേന്ത്യയില്‍ നിന്ന് ലിസ്റ്റ് ചെയ്തിട്ടുള്ള ഏക സാരി റീറ്റൈയ്‌ലര്‍. 2023 സെപ്റ്റംബറില്‍ ലിസ്റ്റ് ചെയ്തതിനുശേഷം കമ്പനിയുടെ ഓഹരികള്‍ ഏകദേശം 32 ശതമാനം ഇടിവിലാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളിലെ പ്രകടനം നോക്കിയാല്‍ ഏകദേശം 27 ശതമാനത്തോളം വളര്‍ച്ചയുമുണ്ട്.
മൊത്തം സാരി വിപണിയുടെ 30 ശതമാനം മാത്രമാണ് സംഘടിത മേഖലയുടെ വിഹിതം, ഇത് സംഘടിത കമ്പനികള്‍ക്ക് കൂടുതല്‍ വളര്‍ച്ചയ്ക്ക് അവസരം നല്‍കുന്നുവെന്നാണ് വിലയിരുത്തലുകള്‍.
ഐ.പി.ഒ വിപണി സജീവമാകുകയും ഓരോ ആഴ്ചയും ഒന്നിലേറെ കമ്പനികള്‍ പബ്ലിക് ഇഷ്യു നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സെബിക്ക് മുന്നില്‍ പബ്ലിക് ഇഷ്യുവിനുള്ള അപേക്ഷകള്‍ എത്തുന്നത് വര്‍ധിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്ന് കമ്പനികളാണ് ഐ.പി.ഒയുമായി എത്തിയത്. അര്‍ബന്‍ കമ്പനി, ശ്രീനഗര്‍ ഹൗസ് ഓഫ് മംഗള്‍സൂത്ര, ദേവ് ആക്‌സിലേറ്റര്‍ എന്നിവയുടെ ഐ.പി.ഒ ഇന്ന് അവസാനിക്കും.
ഇതു കൂടാതെ എസ്.എം.ഇ ഐ.പി.ഒകളും സജീവമായി നടക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine