ഐപിഒയ്ക്ക് ഒരുങ്ങി ട്രാവല്‍ പോര്‍ട്ടല്‍ യാത്ര

പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടൽ യാത്രയുടെ ഇന്ത്യന്‍ ഉപസ്ഥാപനം (yatra online limited) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒ (IPO) സംബന്ധിച്ച ഡ്രാഫ്റ്റ് പേപ്പര്‍ കമ്പനി, സെബിക്ക് സമര്‍പ്പിച്ചു. 1000 കോടിയോളം രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് യാത്ര ലക്ഷ്യമിടുന്നത്. 750 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 8,896,998 ഓഹരികളുമാണ് വില്‍ക്കുന്നത്.

കോവിഡ് വ്യാപനം കുറഞ്ഞതോടെ ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇന്ന് അര്‍ധരാത്രി മുതല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനവുമായി യാത്ര എത്തുന്നത്. 2016ല്‍ ന്യൂയോര്‍ക്കിലെ നാസ്ഡാക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് യാത്ര ഓണ്‍ലൈന്‍ Inc.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 118.6 കോടിയായിരുന്നു കമ്പനിയുടെ നഷ്ടം. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍വരെയുള്ള ആറുമാസത്തെ കണക്കുകള്‍ പ്രകാരം 19 കോടിയാണ് യാത്രയുടെ നഷ്ടം. 89.4 കോടിയായിരുന്നു ഇക്കാലയളവിലെ വരുമാനം. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ഡിഎഎം ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ നടത്തിപ്പുകാര്‍.

Related Articles
Next Story
Videos
Share it