

ട്രംപിന്റെ 50 ശതമാനം പ്രതികാരത്തീരുവ നടപ്പിലാക്കുന്നതിന്റെ തലേന്ന് വിപണിയിലുണ്ടായത് മൂന്നുമാസത്തിനിടെയുള്ള ഏറ്റവും വലിയ നഷ്ടം. നിക്ഷേപകര്‍ക്ക് നഷ്ടമായത് 6 ലക്ഷം കോടി രൂപ. ഇന്ന് ഓഹരി വിപണിക്ക് അവധി ആയതിന്റെ ആശ്വാസത്തിലാണ് നിക്ഷേപകര്‍. ഒപ്പം വ്യാഴാഴ്ച വിപണിയില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ കരടിയുടെ പിടിയിലാകുമോയെന്ന ആശങ്കയും. ഏതൊക്കെ മേഖലകളിലാകും നാളെ സമ്മര്‍ദ്ദമുണ്ടാകുന്നത്? നിക്ഷേപകരുടെ സമീപനം എങ്ങനെയായിരിക്കണം? പരിശോധിക്കാം.
ഗണേശ ചതുര്‍ഥിയെ തുടര്‍ന്ന് ഇന്ന് ഓഹരി വിപണിക്ക് അവധിയാണ്. വിപണിയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാരങ്ങളും ബുധനാഴ്ച പ്രവര്‍ത്തിക്കില്ല. എന്നാല്‍ വ്യാഴാഴ്ച ട്രംപിന്റെ താരിഫ് നീക്കത്തിന്റെ അനുരണങ്ങള്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. താരിഫ് തീരുമാനം തൊഴിലാളി കേന്ദ്രീകൃത ഉത്പാദന മേഖലകളായ തുണിത്തരങ്ങള്‍, രത്‌നം, ആഭരണങ്ങള്‍ തുടങ്ങിയ മേഖലയെ സാരമായി ബാധിക്കും. ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്മാര്‍ട്ട്‌ഫോണുകള്‍, സ്റ്റീല്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുമുണ്ട്. ഓഗസ്റ്റ് 27 മുതല്‍ അധികതീരുവ ഈടാക്കുമെന്ന ഉത്തരവ് ഓഗസ്റ്റ് ആറിനാണ് വൈറ്റ് ഹൗസ് പുറത്തിറക്കുന്നത്. അതിന്റെ ചുവട് പിടിച്ച് വിപണി കുത്തനെയിടിഞ്ഞു. വിദേശനിക്ഷേപകര്‍ ഓഹരി വിറ്റൊഴിഞ്ഞതോടെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലും കുറവുണ്ടായി. ഇന്ത്യന്‍ നിക്ഷേപകരാണ് വലിയ നഷ്ടത്തില്‍ നിന്ന് അന്ന് വിപണിയെ രക്ഷിച്ചത്. ട്രംപിന്റെ താരിഫ് നീക്കം ഏതൊക്കെ മേഖലകളെ ബാധിക്കുമെന്ന് പരിശോധിക്കാം.
ഇന്ത്യന്‍ തുണിത്തരങ്ങളുടെ പ്രധാന വിപണിയാണ് നിലവില്‍ യു.എസ്. ചൈനയും വിയ്റ്റ്‌നാമും കഴിഞ്ഞാല്‍ യു.എസിലേക്കുള്ള തുണിത്തരങ്ങളുടെ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനം. താരിഫ് ഉയരുന്നതോടെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വില യു.എസില്‍ വര്‍ധിക്കും. സ്വാഭാവികമായും വില കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിക്കുകയും ചെയ്യും. ഇന്ത്യന്‍ ജി.ഡി.പിയില്‍ 2.3 ശതമാനവും വ്യവസായിക ഉത്പാദനത്തില്‍ 13 ശതമാനവും ആകെ കയറ്റുമതിയുടെ 12 ശതമാനവും സംഭാവന ചെയ്യുന്ന മേഖലയാണിത്. തീരുവ നടപ്പിലായതോടെ രാജ്യത്തെ പ്രധാന ടെക്‌സ്റ്റൈല്‍ ഹബ്ബുകളിലെല്ലാം ഉത്പാദനം നിറുത്തിവക്കുകയോ കുറക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യു.എസിലെ രത്‌ന, ആഭരണ വിപണിയുടെ 40 ശതമാനവും ഇന്ത്യന്‍ ഉത്പന്നങ്ങളാണ്. 50 ശതമാനം തീരുവ വന്നതോടെ കുറഞ്ഞ തീരുവയുള്ള സ്വിറ്റ്‌സര്‍ലാന്റ് പോലുള്ള രാജ്യങ്ങള്‍ക്ക് ഗുണകരമാകും. ഏതാണ്ട് 10 ബില്യന്‍ ഡോളര്‍ (87,000 കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങളാണ് പ്രതിവര്‍ഷം ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഉത്പാദിപ്പിക്കുന്നതില്‍ പകുതിയും യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നമാണ് ഇന്ത്യന്‍ കൊഞ്ച് (Shrimp). താരിഫ് വര്‍ധിപ്പിച്ചതിന് പിന്നാലെ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന പല ഓര്‍ഡറുകളും റദ്ദായി. എല്ലാ കടമ്പയും കടന്ന് യു.എസിലെത്തിയാലും ഉപയോക്താക്കള്‍ അധിക വില കൊടുക്കേണ്ടി വരും. ഇത് ഇക്വഡോര്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ഗുണകരമാണ്.
വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ മേല്‍പ്പറഞ്ഞ മേഖലകളിലും വാഹനഘടക നിര്‍മാണം, തുകല്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലും വില്‍പ്പന സമ്മര്‍ദ്ദം പ്രതീക്ഷിക്കാമെന്ന് ചില നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ഇതൊരു പ്രവണതയായി രൂപപ്പെടാന്‍ സാധ്യതയില്ല. ഇന്ത്യക്ക് അനുകൂലമായ മറ്റ് പല ഘടകങ്ങളുമുണ്ട്. ആഴ്ചകളായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ വിപണി ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വര്‍ഷാവസാനത്തോടെ ഇന്ത്യ-യു.എസ് ധാരണ രൂപപ്പെടുമെന്ന പ്രതീക്ഷയും വിപണിക്കുണ്ട്. ഇന്ത്യയെ ചൈനയോട് കൂടുതല്‍ അടുപ്പിക്കുകയും റഷ്യയോട് വ്യാപാരം തുടരുകയും ചെയ്യുന്ന യു.എസ് നടപടി വിരോധാഭാസമാണെന്ന് ഐ.എന്‍.വിഅസറ്റ് പി.എം.എസ് ബിസിനസ് ഹെഡ് ഹര്‍ഷല്‍ ദസാനി പറയുന്നു.
അതേസമയം, വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുന്നത് വിപണിക്ക് തിരിച്ചടിയാണ്. ഈ ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യന്‍ നിക്ഷേപകര്‍ തയ്യാറാണെന്നതിനാല്‍ ഇക്കാര്യത്തില്‍ പേടിക്കേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ദിവസം വിദേശനിക്ഷേപകര്‍ 6,517 കോടിയുടെ ഓഹരി വിറ്റപ്പോള്‍ പ്രാദേശിക നിക്ഷേപകര്‍ 7,060 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി.
നിഫ്റ്റിയിലെ ഭയസൂചികയായ വോലറ്റിലിറ്റി ഇന്‍ഡെക്‌സ് കഴിഞ്ഞ ദിവസം 3.7ല്‍ നിന്നും 12.19ലേക്ക് കുതിച്ചിരുന്നു. ഇത് നിക്ഷേപകരുടെ ആശങ്കയാണ് സൂചിപ്പിക്കുന്നത്. വ്യാപാരം തുടങ്ങുമ്പോള്‍ നിഫ്റ്റി 24,700ല്‍ താഴെയായാല്‍ 24,500ലേക്ക് ഇടിയാനുള്ള സാധ്യതയുണ്ട്. 24,900-25,000 പോയിന്റിലാണ് പ്രതിരോധം. എന്നാല്‍ തീരുവയില്‍ ഓഹരി ഇടിയുന്നത് ശ്രദ്ധയോടെ പരിശോധിച്ചാല്‍ വാങ്ങാനുള്ള പറ്റിയ അവസരമാക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ക്രൂഡ് ഓയില്‍ വില സ്ഥിരമായി നില്‍ക്കുന്നത്, ആഭ്യന്തര വളര്‍ച്ച ശക്തമായത്, ജി.എസ്.ടി പരിഷ്‌ക്കരണം, കോര്‍പറേറ്റ് നികുതി ഇളവ്, ആര്‍.ബി.ഐ പലിശ നിരക്ക് കുറക്കുന്നത്, ഇന്ത്-യു.കെ വ്യാപാര കരാര്‍, ഇന്ത്യ-ചൈന ബന്ധത്തിലെ പുരോഗതി എന്നിവ വിപണിക്ക് ഗുണകരമാണ്. അടുത്ത് തന്നെ ഇന്ത്യന്‍ വിപണിയില്‍ ഒരു റാലി പ്രതീക്ഷിക്കാമെന്നും ദസാനി പറയുന്നു.
Trump’s new tariffs on Indian exports are expected to hit textiles and jewellery sectors the hardest. Analysts say the Indian stock market may see volatility as trade tensions rise.
Read DhanamOnline in English
Subscribe to Dhanam Magazine