

ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് ഇന്ന് മുന്നേറ്റം. സെന്‍സെക്‌സ് 360 പോയിന്റ് ഉയര്‍ന്ന് 84,997.13ലും നിഫ്റ്റി 17 പോയിന്റ് ഉയര്‍ന്ന് 26,053.90 പോയിന്റിലും എത്തി. 2024 സെപ്റ്റംബറില്‍ കുറിച്ച റെക്കോഡില്‍ നിന്ന് വെറും ഒരു ശതമാനം താഴെ എത്തിയിരിക്കുകയാണ് ഇരു സൂചികകളും.
ദക്ഷിണകൊറിയയില്‍ നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (APEX) ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വീണ്ടും പുകഴ്ത്തിയ ട്രംപ് അദ്ദേഹത്തെ ഏറ്റവും സുന്ദരനായ വ്യക്തി ('nicest looking guy' )എന്നും പിതാവിനെ പോലെയെന്നും വിശേഷിപ്പിക്കുകയും ചെയ്തു.
യു.എസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്കുള്ള നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന പ്രതീക്ഷയില്‍ കയറ്റുമതി മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ ആണ് കൂടുതല്‍ തിളക്കം കാഴ്ചവച്ചത്.
ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ്, പേള്‍ ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് എന്നിവ 4 ശതമാനം വരെ ഉയര്‍ന്നു. റെയ്മണ്ട് ലൈഫ്‌സ്‌റ്റൈല്‍ ഓഹരികള്‍ രണ്ട് ശതമാനവും ഇന്ന് രാവിലെ ഉയര്‍ന്നു. കെ.കെ.ആര്‍ മില്‍ ലിമിറ്റഡും ഉയര്‍ച്ച കാഴ്ചവച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ടെക്‌സ്റ്റൈല്‍ കമ്പനിയായ കിറ്റെക്‌സ് ഓഹരി വില രണ്ട് ശതമാനത്തിനടുത്ത് ഉയര്‍ന്നു.
സമുദ്രോത്പന്ന രംഗത്തെ കമ്പനികളായ അപെക്‌സ് ഫ്രോസന്‍ ഫുഡ്‌സ്, കോസ്റ്റല്‍ കോര്‍പ്പറേഷന്‍, അവന്തി ഫീഡ്‌സ് എന്നിവ രണ്ട് മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു.
ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് പ്രഖ്യാപനത്തിലേക്കാണ് വിപണിയുടെ ഉറ്റു നോട്ടം. കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഭാവിയില്‍ പലിശ കുറയ്ക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടാകുമോയെന്നതാണ് വിപണി പ്രധാനമായും ശ്രദ്ധിക്കുക. യു.എസ് ചൈന വ്യാപാര കരാറിന്റെ സാധ്യതകള്‍ ഉയര്‍ന്നതും വിപണിയില്‍ ഇന്ന് പ്രതിഫലിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.ടി.പി.സി, അദാനി പോര്‍ട്‌സ്, പവര്‍ ഗ്രിഡ്, എച്ച്.സി.എല്‍ ടെക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ വമ്പന്‍ ഓഹരികളും ഇന്ന് വ്യാപാരത്തിനിടെ മൂന്ന് ശതമാനം വരെ ഉയര്‍ന്നു.
മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.6%, 0.4% എന്നിങ്ങനെ നേട്ടമുണ്ടാക്കി. നിഫ്റ്റി സൂചികകളില്‍ ഓട്ടോ ഒഴികെ എല്ലാം തന്നെ നേട്ടത്തിലായിരുന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 2.12 ശതമാനം ഉയര്‍ച്ചയോടെ നിഫ്റ്റി സൂചികകളില്‍ മുന്നിലെത്തി.
പൊതുമേഖല എണ്ണ കമ്പനികളുടെ ഓഹരികളെല്ലാം തന്നെ അഞ്ച് ശതമാനത്തിനടുത്ത് ഉയര്‍ന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു.
മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്ന ഫീസിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ സെബി പുറത്തുവിട്ടതിനെ തുടര്‍ന്ന് ഇന്ന് ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെയും (AMCs) ഓഹരികളില്‍ സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ് സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു.
നുവാമ വെല്‍ത്ത് മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ്, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, 360 വണ്‍ WAM, നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ്, കെഫിന്‍ ടെക്‌നോളജീസ് എന്നിവ അഞ്ച് മുതല്‍ 9 ശതമാനം വരെ ഇടിഞ്ഞു. മൂച്വല്‍ഫണ്ടുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സെബി രണ്ടാം തവണയാണ് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അവതരിപ്പിക്കുന്നത്. 2023 മേയിലായിരുന്നു ഇതിനു മുമ്പ് ഇത് അവതരിപ്പിച്ചത്.
ഇന്ന് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബ്ലൂഡാര്‍ട്ട്, സെയില്‍ ജി.പി.ഐ.എല്‍, അദാനി ഗ്രീന്‍, ഗ്രാഫൈറ്റ് ഇന്ത്യ തുടങ്ങിയവയാണ്.
ആഫ്രിക്കയിലെ കാള്‍സ്‌ബെര്‍ഗുമായി സഹകരണത്തിലേര്‍പ്പെട്ടതും രണ്ടാം പാദഫലങ്ങളും വരുണ്‍ ബിവറേജസ് ഓഹരികളെ 9 ശതമാനം ഉയര്‍ത്തി.
വിവിധ കമ്പനികള്‍ മികച്ച പാദഫലങ്ങള്‍ കാഴ്ചവച്ചത് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളെ 11 ശതമാനം വരെ ഉയര്‍ത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരി്ക്ക് ബ്രോക്കറേജ് പോസിറ്റീവ് റേറ്റിംഗ് നല്‍കിയത് വില 7 ശതമാനം ഉയര്‍ത്തി.
കേരള ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, പ്രൈമ അഗ്രോ എന്നിവ 4 ശതമാനം വരെ ഉയര്‍ന്നു. അതേസമയം പോപ്പീസ്, ഇന്‍ഡിട്രേഡ് എന്നിവ നാല് ശതമാനത്തിനുമുകളില്‍ വിലയിടിവ് രേഖപ്പെടുത്തി. കെ.എസ്.ഇ ഓഹരികള്‍ മൂന്ന് ശതമാനത്തിലധികം താഴെയാണ്.
കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine