

ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് വിതരണ പ്ലാറ്റ്‌ഫോമായ ടർട്ടിൽമിന്റ് ഫിൻടെക് സൊലൂഷൻസിന്റെ (Turtlemint Fintech Solutions) പ്രാരംഭ പൊതു ഓഹരി വിൽപ്പന (ഐ.പി.ഒ) വെള്ളിയാഴ്ച (ജൂൺ 19) ആരംഭിക്കും. ഓഹരിയൊന്നിന് 144–152 രൂപ എന്ന വില പരിധിയിൽ (പ്രൈസ് ബാൻഡ്) ആകെ 882.67 കോടി രൂപ സമാഹരിക്കാനാണ് ഈ ഐ.പി.ഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ടർട്ടിൽമിന്റ് ഫിൻടെക് ഓഹരികൾ ഐ.പി.ഒയിലൂടെ നേടുന്നതിനായി നിക്ഷേപകർക്ക് അപേക്ഷ സമർപ്പിക്കാനുള്ള (public subscription) അവസാന തീയതി ജൂൺ 23 ആണ്. തുടർന്ന് ജൂൺ 29-ഓടെ ബി.എസ്.ഇ, എൻ.എസ്.ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഈ ഓഹരി ലിസ്റ്റ് ചെയ്യുന്നതായിരിക്കും.
ടർട്ടിൽമിന്റ് ഫിൻടെക് സൊലൂഷൻസ് ഐ.പി.ഒയിൽ 660.72 കോടി രൂപയുടെ പുതിയ ഓഹരികൾ പുറത്തിറക്കുകയും (Fresh Issue), നിലവിലുള്ള നിക്ഷേപകരിൽ നിന്നും 221.95 കോടി രൂപയുടെ ഓഹരികൾ കൈമാറ്റം ചെയ്യുന്ന ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടുന്നു. കമ്പനിയുടെ പ്രാരംഭ നിക്ഷേപകരായ പീക്ക് എക്സ്വി പാർട്ണേർസ് (മുൻപ് സെക്വേയ), നെക്സസ് വെഞ്ച്വർ പാർട്ണേർസ്, ജംഗിൾ വെഞ്ച്വേഴ്സ്, ബ്ലൂം വെഞ്ച്വേഴ്സ് എന്നിവരാണ് ഒ.എഫ്.എസ് മുഖേന ടർട്ടിൽമിന്റ് ഫിൻടെക്കിന്റെ ഓഹരികൾ വിറ്റഴിക്കുന്നത്. റീട്ടെയിൽ നിക്ഷേപകർക്കായി 10ശതമാനം ഓഹരികളാണ് നീക്കിവെച്ചിരിക്കുന്നത്. ഐ.പി.ഒയിൽ നിശ്ചയിച്ചിട്ടുള്ള പരമാവധി വിലയായ 152 രൂപ നിരക്കിൽ ഒരു ലോട്ടിന് (98 ഓഹരികൾ) അപേക്ഷിക്കുന്നതിനായി കുറഞ്ഞത് 14,896 രൂപ ആവശ്യമാണ്.
അതേസമയം പുതിയ ഓഹരികൾ പുറത്തിറക്കുന്നതിലൂടെ സമാഹരിക്കുന്ന തുകയിൽ നിന്നും ക്ലൗഡ്-സെർവർ ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി ജീവനക്കാരുടെ ശമ്പളം, മാർക്കറ്റിംഗ്, കമ്പനിയുടെ ലീസിംഗ് ആവശ്യങ്ങൾ, ഉപകമ്പനിയായ ടി.ഐ.ബിയുടെ പ്രവർത്തന മൂലധനം എന്നിവയ്ക്കായി വിനിയോഗിക്കും. കടങ്ങൾ വീട്ടാനല്ലാതെ, പൂർണ്ണമായും കമ്പനിയുടെ പ്രവർത്തന വിപുലീകരണത്തിനാണ് ഐ.പി.ഒയിലെ ഫ്രഷ് ഇഷ്യൂ മുഖേനയുള്ള പണം ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2015-ൽ സ്ഥാപിതമായ ടർട്ടിൽമിന്റ് ഫിൻടെക് സൊലൂഷൻസ്, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു ഇൻഷുറൻസ് വിതരണ പ്ലാറ്റ്ഫോമാണ്. ഉപഭോക്താക്കളേയും ഏജന്റുമാരെയും (ഡിജിറ്റൽ പാർട്ണേർസ്) ഇൻഷുറൻസ് കമ്പനികളേയും നേരിട്ടും അല്ലാതെയും സമന്വയിപ്പിച്ചുള്ള 'ഫിജിറ്റൽ' (Phygital) മാതൃകയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ പി.ഒ.എസ്.പി (PoSP - Point-of-Sale Person) മോഡൽ ആദ്യമായി വിജയകരമായി നടപ്പിലാക്കിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 6.3 ലക്ഷത്തിലധികം അംഗീകൃത ഡിജിറ്റൽ പാർട്ണർമാരുടെ ശൃംഖല കമ്പനിക്കുണ്ട്.
2022 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ 2.18 കോടിയിലധികം ഇൻഷുറൻസ് പോളിസികൾ വിതരണം ചെയ്യാൻ ടർട്ടിൽമിന്റ് ഫിൻടെക്കിന് സാധിച്ചിട്ടുണ്ട്. രാജ്യത്തെ 98 ശതമാനം പ്രദേശങ്ങളെയും (19,171 പിൻകോഡുകൾ) ഉൾപ്പെടുത്തിക്കൊണ്ട് 10,066 കോടി രൂപയിലധികം പ്രീമിയം തുക പ്ലാറ്റ്‌ഫോം വഴി സമാഹരിച്ചിട്ടുണ്ട്. ലൈഫ്, ഹെൽത്ത്, മോട്ടോർ ജനറൽ വിഭാഗങ്ങളിലായി 45 ഇൻഷുറൻസ് കമ്പനികളുമായി ടർട്ടിൽമിന്റിന് പങ്കാളിത്തമുണ്ട്.
വരുമാന കേന്ദ്രീകരണം: 2025 സാമ്പത്തിക വർഷത്തിലെ ടർട്ടിൽമിന്റ് ഫിൻടെക് കമ്പനിയുടെ വരുമാനത്തിന്റെ 88 ശതമാനവും ജനറൽ ഇൻഷുറൻസ് (പ്രത്യേകിച്ച് മോട്ടോർ ഇൻഷുറൻസ്) കമ്പനികളിൽ നിന്നാണ് ലഭിച്ചത്. ഇതിൽ തന്നെ മുൻനിരയിലുള്ള 10 ഇൻഷുറൻസ് കമ്പനികളിൽ നിന്നാണ് 69 ശതമാനം വരുമാനവും വരുന്നത്. മോട്ടോർ ഇൻഷുറൻസ് മേഖലയിലെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ പ്രമുഖ പങ്കാളികളുമായുള്ള ബന്ധത്തിലെ വിള്ളലോ കമ്പനിയുടെ വരുമാനത്തെ പെട്ടെന്ന് ബാധിച്ചേക്കാം.
തുടർച്ചയായ നഷ്ടം: 2023, 2024, 2025 സാമ്പത്തിക വർഷങ്ങളിൽ ടർട്ടിൽമിന്റ് ഫിൻടെക് അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്. 2025-ലെ നഷ്ടം മുൻവർഷത്തേക്കാൾ നേരിയ തോതിൽ കൂടുതലുമായിരുന്നു. 2025 ഡിസംബറിൽ അവസാനിച്ച 2026 സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസങ്ങളിൽ നേടിയ വരുമാനം 748.91 കോടി രൂപയിൽ എത്തിയെങ്കിലും കമ്പനി ഇപ്പോഴും ലാഭത്തിലേക്ക് എത്തിയിട്ടില്ല. ഓപ്പറേറ്റിംഗ് ക്യാഷ് ഫ്ലോ നെഗറ്റീവ് ആയി തുടരുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെങ്കിലും, കമ്പനിക്ക് നിലവിൽ കടബാധ്യതകൾ ഇല്ല എന്നത് ആശ്വാസകരമാണ്.
ഐ.പി.ഒക്ക് മുന്നോടിയായി അനൗദ്യോഗിക വിപണിയിലെ (ഗ്രേ മാർക്കറ്റ്) നിക്ഷേപകർക്കിടയിൽ ഡിമാൻഡ് (GMP) കുറയുന്നതായാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച 6 രൂപ നിലവാരത്തിലുണ്ടായിരുന്ന ജി.എം.പി (ഗ്രേ മാർക്കറ്റ് പ്രീമിയം) ഇപ്പോൾ 2 രൂപ നിലവാരത്തിലേക്ക് താഴ്ന്നു. ഇൻഷുറൻസ്‌ടെക് മേഖലയിലെ ദീർഘകാല വളർച്ച നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണെങ്കിലും, ലിസ്റ്റിംഗിന് ശേഷം കമ്പനി എങ്ങനെ ലാഭത്തിലേക്ക് എത്തും എന്ന കൃത്യമായ റോഡ്മാപ്പ് പുറത്തുവന്നാൽ മാത്രമേ വിപണിയിൽ നിന്നും ടർട്ടിൽമിന്റ് ഫിൻടെക് ഓഹരിയിൽ വലിയൊരു കുതിപ്പ് പ്രതീക്ഷിക്കാൻ സാധിക്കൂ എന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine