

വിപണി മൂല്യത്തില്‍ (Market Cap) ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പിനെ (Hero Motocorp Ltd) പിന്തള്ളി ടിവിഎസ് മോട്ടോര്‍ കമ്പനി (TVS Motor Company Limited). നിലവില്‍ (11.30 AM) ടിവിഎസിന്റെ വിപണി മൂല്യം 50920 കോടി രൂപയും ഹീറോയുടേത് 50820 കോടി രൂപയുമാണ്. വിപണി മൂല്യത്തില്‍ രാജ്യത്തെ ആറാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്പനിയായി ടിവിഎസ് മാറി.
ബജാജ് (1.04 ലക്ഷം കോടി) ആണ് ഓട്ടോമൊബൈല്‍ കമ്പനികളുടെ പട്ടികയില്‍ (വിപണി മൂല്യം) ആദ്യ അഞ്ചിലുള്ള ഏക ഇരുചക്ര വാഹന നിര്‍മാതാക്കള്‍. ഒരു വര്‍ഷത്തിനിടെ ഹീറോയുടെ ഓഹരികള്‍ 13.05 ശതമാനം ആണ് ഇടിഞ്ഞത്. അതേ സമയം ടിവിഎസിന്റെ ഓഹരികള്‍ 85.67 ശതമാനം നേട്ടമുണ്ടാക്കി. മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് വിപണി മൂല്യത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഓട്ടോമൊബൈല്‍ കമ്പനികള്‍.
ഇരുചക്ര - മുച്ചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്ന ടിവിഎസ് നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 297 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. 7,348 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം. അതേ സമയം 624.52 കോടി രൂപയായിരുന്നു വില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കുന്ന ഹീറോയുടെ അറ്റാദായം.
Read DhanamOnline in English
Subscribe to Dhanam Magazine