അറ്റാദായം 22 ശതമാനം ഉയര്‍ന്നു, നേട്ടമുണ്ടാക്കി ടിവിഎസ് ഓഹരികള്‍
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 353 കോടി രൂപയുടെ അറ്റാദായം നേടി ടിവിഎസ് മോട്ടോര്‍ കമ്പനി. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ അറ്റാദായം 22.5 ശതമാനം ആണ് ഉയര്‍ന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 288 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
ടിവിഎസിന്റെ വരുമാനം 14.7 ശതമാനം ഉയര്‍ന്ന് 6545.42 കോടിയിലെത്തി. മോഡലുകളുടെ വില ഉയര്‍ത്തിയതാണ് കമ്പനിക്ക് നേട്ടമായത്. ഇടക്കാല ലാഭവിഹിതമായി ഓഹരി ഒന്നിന് അഞ്ച് രൂപ വീതം ടിവിഎസ് നല്‍കും. ഇതിനായി 238 കോടി രൂപയാണ് ചെലവഴിക്കുക.
മൂന്നാം പാദത്തില്‍ 8.36 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ടിവിഎസ് വിറ്റത്. അതില്‍ കയറ്റുമതി ചെയ്തത് 2.07 ലക്ഷം വാഹനങ്ങളാണ്. 43000 മുച്ചക്ര വാഹന വാഹനങ്ങളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനി വിറ്റത്.
കഴിഞ്ഞ ദിവസം എന്‍എസ്ഇയില്‍ 983.85 രൂപയ്ക്ക് ക്ലോസ് ചെയ്ത ടിവിഎസ് ഓഹരികള്‍ ഇന്ന് വ്യാപാരം തുടങ്ങിയത് 995 രൂപയിലാണ്. നിലവില്‍ 3.14 ശതമാനം നേട്ടത്തില്‍ 1014.75 രൂപയിലാണ് (10:30 AM) ടിവിഎസ് ഓഹരികളുടെ വ്യാപാരം.