ഓഹരി വിപണിയിലേക്കുള്ള വരവിനൊരുങ്ങി ടിവിഎസ് സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സ്, സമാഹരിക്കുക 5,000 കോടി രൂപ

ഓഹരി വിപണിയിലേക്കുള്ള വരവിനൊരുങ്ങി രാജ്യത്തെ പ്രമുഖ സപ്ലൈ ചെയ്ന്‍ കമ്പനിയായ ടിവിഎസ് സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സ്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 2,000 കോടി രൂപയുടെ പുതിയ ഓഹരികള്‍ കൈമാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, 3,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഐപിഒയില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ മുന്നോടിയായി കരട് രേഖകള്‍ സെബിക്ക് മുമ്പാകെ സമര്‍പ്പിച്ചു. ഇത് ആദ്യമായാണ് ടിവിഎസ് മൊബിലിറ്റി ഗ്രൂപ്പില്‍നിന്നൊരു കമ്പനി ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നത്.

പ്രൊമോട്ടര്‍മാരായ ടിവിഎസ് മൊബിലിറ്റിയുടെ 20 ദശലക്ഷം ഓഹരികളും ഒമേഗ ടിസി ഹോള്‍ഡിംഗ്‌സിന്റെ 15.85 ദശലക്ഷം ഓഹരികളും മഹാഗണി സിംഗപ്പൂര്‍ കമ്പനിയുടെ 12.54 ദശലക്ഷം ഓഹരികളും ടാറ്റ കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ 1.45 ദശലക്ഷം ഓഹരികളും ഡിആര്‍എസ്ആര്‍ ലോജിസ്റ്റിക്‌സ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 4.18 ദശലക്ഷം ഓഹരികളും ഉള്‍പ്പെടെ 59.48 ദശലക്ഷം ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ കൈമാറുക.
നേരത്തെ, 2021 ഒക്ടോബറില്‍ യൂറോപ്പ് ആസ്ഥാനമായുള്ള പ്രമുഖ ഹോള്‍ഡിംഗ് കമ്പനിയായ എക്സോറില്‍നിന്ന് ടിവിഎസ് സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സ് ഏകദേശം 590 കോടി രൂപ സമാഹരിച്ചിരുന്നു. കൂടാതെ, കമ്പനി കൊട്ടക് സ്‌പെഷ്യല്‍ സിറ്റുവേഷന്‍ ഫണ്ടില്‍ നിന്ന് ഏകദേശം 1,000 കോടി രൂപയുടെ നിക്ഷേപവും കമ്പനി നേടിയിരുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, സോണി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ജോണ്‍സണ്‍ കണ്‍ട്രോള്‍സ്-ഹിറ്റാച്ചി എയര്‍ കണ്ടീഷനിംഗ് ഇന്ത്യ, അശോക് ലെയ്ലാന്‍ഡ് ലിമിറ്റഡ്, ടിവിഎസ് മോട്ടോര്‍ കമ്പനി, ഹീറോ മോട്ടോകോര്‍പ്പ്, പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ എന്നിവയാണ് ടിവിഎസ് സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സിന്റെ പ്രധാന ഉപഭോക്താക്കള്‍. 2021 സെപ്റ്റംബര്‍ 30ന് അവസാനിച്ച ആറ് മാസത്തിനിടെ 4,240.1 കോടി രൂപയുടെ അറ്റാദായവും 58.7 കോടി രൂപയുടെ നഷ്ടവുമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it