Begin typing your search above and press return to search.
ഈ ആഴ്ച നടക്കാനിരിക്കുന്നത് രണ്ട് ഐപിഒകള്‍, പ്രൈസ് ബാന്‍ഡ് എത്ര? വിശദാംശങ്ങള്‍ അറിയാം

ഒരു ചെറിയ ഇടവേളക്ക് ശേഷം ഈ മാസവസാനത്തില്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നത് രണ്ട് കമ്പനികള്‍. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഇ-കൊമേഷ്യല്‍ പ്ലാറ്റ്‌ഫോമായ നൈകയും ഫിന്‍ടെക് കമ്പനിയായ ഫിനോ പേയ്‌മെന്റ് ബാങ്കുമാണ് യഥാക്രമം 28, 29 തീയിതകളിലായി ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ തുറക്കുന്നത്. ഒക്ടോബര്‍ 28-ന് തുറന്ന് നവംബര്‍ 1-ന് സമാപിക്കുന്ന 5,352 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറില്‍ ഒരു ഓഹരിക്ക് 1,085-1,125 പ്രൈസ് ബാന്‍ഡാണ് നൈക നിശ്ചയിച്ചിട്ടുള്ളത്.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അംഗീകരിച്ച കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) അനുസരിച്ച് 5,200 കോടി രൂപയുടെ ഐപിഒയില്‍ 630 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 43.11 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലുമാണ് നടക്കുക. നിലവിലെ നക്ഷേപകരായ ടിപിജി, ലൈറ്റ് ഹൗസ് ഇന്ത്യ ഫണ്ട്, ജെഎം ഫിനാന്‍ഷ്യല്‍സ്, യോഗേഷ് ഏജന്‍സീസ്, സുനില്‍ കാന്ത് മുന്‍ജല്‍, ഹരിന്ദര്‍പാല്‍ സിംഗ് ബംഗ, നരോതം ശേഖരിയ, നരോതം ശേഖരിയ, മാലാ ഗാവോങ്കര്‍ എന്നിവരുടെ ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്ലിലൂടെ കൈമാറുന്നത്.
അതേസമയം, ഫിനോ പേയ്മെന്റ് ബാങ്കിന്റെ പ്രൈസ് ബാന്‍ഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫിനോ പേയ്മെന്റ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ രണ്ടുവരെയാണ് നടക്കുന്നത്. 300 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 15.60 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഫിനോ പേയ്മെന്റ് ബാങ്കിന്റെ ഐപിഒയിലൂടെ നടക്കുന്നത്. നിലവില്‍ 100 ശതമാനം ഓഹരികളും ഫിനോ പേടെക്കിന്റെ കൈവശമാണ്. നവംബര്‍ 12 ഓടെ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.
മുംബൈ ആസ്ഥാനമായുള്ള നൈക പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ബോഫ സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, സിറ്റി ബാങ്ക്, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയെയാണ് നിയമിച്ചിട്ടുള്ളത്. ഫല്‍ഗുനി നായര്‍ 2012 ല്‍ ആരംഭിച്ച നൈക ഇന്ത്യയിലെ ഏറ്റവും സവിശേഷമായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ്. നൈകയുടെ 53 ശതമാനം ഓഹരികളും ഫല്‍ഗുനി നായരുടെയും കുടുംബത്തിന്റെയും കൈവശമാണുള്ളത്. ഐപിഒയ്ക്ക് ശേഷവും ഈ പങ്കാളിത്തം തുടരും.
Next Story