

ഇറാനെതിരേ യുഎസ്-ഇസ്രയേല്‍ സഖ്യം നടത്തുന്ന യുദ്ധം യുഎഇ ഓഹരി വിപണികളില്‍ സൃഷ്ടിക്കുന്നത് കനത്ത ആഘാതം. ലുലു റീട്ടെയ്ല്‍ ഹോള്‍ഡിംഗ് അടക്കമുള്ള കമ്പനികളുടെ ഓഹരിവിലയില്‍ വലിയ ഇടിവുണ്ടായി. കഴിഞ്ഞ 9 സെഷനുകള്‍ക്കിടെ ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് 17 ശതമാനവും അബുദാബി സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് 9 ശതമാനവും ഇടിഞ്ഞു.
ഈ യുഎഇ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തില്‍ 124 ബില്യണ്‍ ഡോളറാണ് ഇക്കാലയളവില്‍ കുറവുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പകുതിയിലെ നിലവാരത്തിലേക്ക് വിപണി താഴുന്നതിനും യുദ്ധം കാരണമായി.
യുഎഇയിലെ എണ്ണ കയറ്റുമതി മുതല്‍ ടൂറിസം, റിയല്‍ എസ്റ്റേറ്റ് മേഖലകളെ വരെ പ്രതിസന്ധി പിടിച്ചുകുലുക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ഓഹരിവിപണിയിലും ദൃശ്യമാകുന്നത്.
ഫെബ്രുവരിയില്‍ സംഘര്‍ഷം ഉടലെടുക്കും മുമ്പത്തേക്കാള്‍ ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഇന്‍ഡെക്‌സില്‍ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. Emaar Properties PJSC, Emaar Development PJSC എന്നീ കമ്പനികളുടെ ഓഹരിവില ഫെബ്രുവരിയിലേക്കാള്‍ യഥാക്രമം 34%, 35% എന്നിങ്ങനെയാണ് താഴ്ന്നത്.
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ദുബൈ ഓഹരികള്‍ 300 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്കിയിരുന്നു. സുസ്ഥിരമായ വളര്‍ച്ചയും നിക്ഷേപ അനുകൂല സാഹചര്യങ്ങളുമാണ് ആഗോള നിക്ഷേപകരെ യുഎഇയിലേക്ക് ആകര്‍ഷിച്ചത്.
2024 നവംബറിലാണ് മലയാളിയായ എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു റീട്ടെയ്ല്‍ ഹോള്‍ഡിംഗ്‌സ് പ്രാഥമിക ഓഹരി വില്പനയുമായി വിപണിയിലേക്ക് എത്തിയത്. മൊത്തം 30 ശതമാനം (310 കോടി ഓഹരികള്‍) ഓഹരികളാണ് വിറ്റഴിച്ചത്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലായിരുന്നു ലിസ്റ്റിംഗ്. 2.04 ദിര്‍ഹമായിരുന്നു ലിസ്റ്റിംഗ് വില. നിലവില്‍ ഓഹരിവില 0.983 ദിര്‍ഹം മാത്രമാണ്.
ഇന്ന് മാത്രം 2 ശതമാനം ഇടിവാണ് ഓഹരികളില്‍ രേഖപ്പെടുത്തിയത്. അഞ്ചുദിവസത്തിനിടെ 3.92 ശതമാനവും ഒരു മാസത്തില്‍ 10 ശതമാനത്തിന് മുകളിലും ലുലു റീട്ടെയ്ല്‍ ഓഹരിവില താഴ്ന്നു. ലിസ്റ്റ് ചെയ്ത സമയത്തെ അപേക്ഷിച്ച് 51 ശതമാനമാണ് ഓഹരിയിലെ ഇടിവ്.
Read DhanamOnline in English
Subscribe to Dhanam Magazine